ആറാട്ടുപുഴ: ജലാശയത്തിൽ ജീവനുവേണ്ടി മല്ലടിച്ച പരുന്തിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആറാട്ടുപുഴയിലെ ഒരുപറ്റം യുവാക്കളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആറാട്ടുപുഴ വലിയഴീക്കൽ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ ഏഴ് സുഹൃത്തുക്കളുടെ സഹജീവി സ്നേഹമാണ് നാടുംകടന്ന് ഹിറ്റായിരിക്കുന്നത്. തന്റെ ആദ്യ വിഡിയോ തന്നെ മില്യണുകൾ കടന്നതിന്റെ അമ്പരപ്പിലാണ് അദ്നാൻ സുധീർ.
കഴിഞ്ഞ ഞായറാഴ്ചയാണ് ആറാട്ടുപുഴ വലിയഴീക്കലിൽ കാഴ്ച കാണാൻ അദ്നാൻ സുധീർ, ഷാൻ, ഹാഷിം, ഉനൈസ്, തൻഹാൻ, മിസ്ബാൻ എന്നിവരടങ്ങുന്ന സംഘമെത്തിയത്. അവിടെ പൊഴിമുഖത്ത് വെള്ളത്തിൽ വീണ് മുങ്ങിത്താഴുന്ന നിലയിൽ പരുന്തിനെ സംഘം കാണുകയായിരുന്നു. ഒട്ടും വൈകാതെ ഹാഷിം രക്ഷകനായി രംഗത്തിറങ്ങി. വിനോദസഞ്ചാരികളടക്കം നിരവധി പേർ സാക്ഷിയായ ഈ രക്ഷാപ്രവർത്തനം കണ്ടുനിന്നവരിലും ആവേശമുണ്ടാക്കി. കരയിലേക്ക് പരുന്തിനെയും എടുത്ത് ഹാഷിം കൽപ്പടവുകൾ കയറുമ്പോൾ ഇതിന് സാക്ഷിയായി നിന്നവരെല്ലാം അറിയാതെ കൈയടിച്ചു പോയി. പരുന്തിനെ അവിടെ ഉണ്ടായിരുന്ന ഒരാൾ പരിചരിക്കാനായി കൊണ്ടുപോയി. രക്ഷകനായ ആറാട്ടുപുഴ ഹാഷിം മൻസിലിൽ പട്ടന്റയ്യത്ത് ഹസന്റെ മകനായ ഹാഷിം കായംകുളം വിംസ് ഏവിയേഷനിലെ രണ്ടാംവർഷ ബി.ബി.എ വിദ്യാർത്ഥിയാണ്.
ഹാഷിമിന്റെ രക്ഷാപ്രവർത്തനം കൂടെയുണ്ടായിരുന്ന സുഹൃത്ത് അദ്നാൻ സുധീർ കാമറയിൽ പകർത്തിയിരുന്നു. ഈ വിഡിയോ എഡിറ്റ് ചെയ്ത് പ്രദേശത്തെ കൂട്ടുകാർ ചേർന്ന് ഉണ്ടാക്കിയ ‘റേഷൻ പീടിയ’ എന്ന ഇൻസ്റ്റഗ്രാം പേജിൽ ‘ഒരു കൈ നീട്ടി മരണത്തെ തോൽപ്പിച്ചു’ എന്ന ക്യാപ്ഷൻ നൽകി അപ്‌ലോഡ് ചെയ്തതോടെയാണ് രക്ഷാപ്രവർത്തനം ഹിറ്റായി മാറിയത്.
ആദ്യ ദിവസം തന്നെ 15 ലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോ രണ്ടാം ദിവസം മൂന്ന് മില്യണിന് അടുത്തെത്തി. പത്തനംതിട്ട നഗരസഭയിലെ സീനിയർ ക്ലർക്ക് സുധീർ മോന്റെ മകനാണ് അദ്നാൻ. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജിലെ ബി.സി.എ വിദ്യാർഥിയായ അദ്നാൻ ആദ്യമായാണ് ഒരു വിഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. തമിഴ്നാട്ടിലെ രണ്ട് ഓൺലൈൻ ചാനലുകൾ വിഡിയോ വാർത്തയാക്കിയതോടെ അദ്നാന്റെ കന്നി വിഡിയോ കേരളത്തിന് പുറത്തേക്കും വൈറലായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.