എട്ടാം ക്ലാസ് വിദ്യാഭ്യാസം, ജബൽപൂരിലെ ഇടത്തരം കുടുംബാംഗം, ഇപ്പോൾ താമസം ബുർജ് ഖലീഫയിലെ കൊട്ടാരസദൃശമായ ഫ്ലാറ്റിൽ; ദുബൈ കോടീശ്വരൻ സതീഷ് സൻപാലിന്റെ ജീവിതകഥ...

ഗ്രഹിച്ചതൊക്കെ നേടാൻ സതീഷ് സൻപാലിന് വിദ്യാഭ്യാസം ഒരു തടസ്സമായിരുന്നില്ല. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഈ ശതകോടീശ്വരൻ ഇന്ന് തന്‍റെ കുടുംബത്തിനൊപ്പം താമസിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ കൊട്ടാര സമാനമായ ഫ്ലാറ്റിലാണ്. ജബൽപൂരിലെ സ്വന്തമായി ആരംഭിച്ച പലചരക്ക് കടയിൽ നിന്നാണ് സതീഷ് തന്‍റെ ജീവിത യാത്ര ആരംഭിക്കുന്നത്.

മധ്യവർഗ കുടുംബത്തിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് മാത്രമാണ്. പഠിക്കാൻ സതീഷിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. തുടക്കത്തിൽ തന്‍റെ സ്വപ്നങ്ങൾ വലുതായിരുന്നതിനാൽ അതിനു വേണ്ടി പണം കണ്ടെത്താനായിരുന്നു താൻ ഏറെ പരിശ്രമിച്ചതെന്ന് സതീഷ് പറയുന്നു.15 വർഷമായി സതീഷ് ദുബൈ ജീവിതം ആരംഭിച്ചിട്ട്.

"ഇവിടെ താമസിക്കാൻ നല്ലതാണ്. ജനാലകൾ തുറക്കാൻ കഴിയില്ല എന്നത് മാത്രമാണ് ഏക പോരായ്മ. ശുദ്ധ വായു ലഭിക്കില്ലെങ്കിലും ഈ ഫ്ലാറ്റുമായി തങ്ങൾ ഇണങ്ങിക്കഴിഞ്ഞു." സതീഷിന്റെ ഭാര്യ തബിന്ദ പറയുന്നു.

ഇതര മതസ്ഥനെ വിവാഹം കഴിച്ചതിൽ ഒട്ടും സന്തുഷ്ടരല്ലായിരുന്ന തന്‍റെ ബന്ധുക്കൾ സതീഷിന്‍റെ വിജയത്തിനു ശേഷം തങ്ങളെ തേടി വരികയായിരുന്നുവെന്ന് ബ്രിട്ടീഷ് പാകിസ്താനി ആയ തബിന്ദ ചൂണ്ടിക്കാട്ടി. സമ്പത്തുണ്ടാക്കാൻ തുടങ്ങിയതോടെ തങ്ങളെ അവർ ഫോൺ ചെയ്യാൻ തുടങ്ങിയെന്നും അവരുടെ തങ്ങളോടുള്ള സമീപനം മാറിയെന്നും തബിന്ദ പറഞ്ഞു.

‘പണമാണ് എല്ലാമെന്നാണ് ഞാൻ മനസ്സിലാക്കിയ സത്യം. ബന്ധങ്ങളെല്ലാം അതിനെ അടിസ്ഥാനമാക്കിയാണ്. മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവർ നിങ്ങൾക്കൊപ്പം താമസിക്കുന്നു. ബാക്കിയെല്ലാം പണത്തെ അടിസ്ഥാനമാക്കിയാണ്’ -സതീഷ് പറയുന്നു 


കഷ്ടപ്പെടുന്ന സമയത്ത് ആരും ഉണ്ടാകില്ല, എന്നാൽ രക്ഷപ്പെടുമ്പോൾ എല്ലാവരും അടുക്കുമെന്നുമാണ് ഡെൽന രാജേഷ് എന്ന സൈക്കോ തെറാപ്പിസ്റ്റ് പറയുന്നത്. "പണത്തിലൂടെ മാത്രമേ ലോകത്തിന് അർഥം കണ്ടെത്താനാകൂ എന്നാണ് വലിയ വിഭാഗം ആളുകൾ വിശ്വസിക്കുന്നത്. ബഹുമാനം, സ്നേഹം, സാമൂഹ്യ ബന്ധങ്ങൾ ഇവക്കൊക്കെ ആളുകൾ പ്രൈസ് ടാഗ് നൽകിയിരിക്കുകയാണ്. ഇത് അസാധാരണ സംഭവമല്ല .കാരണം സ്വന്തം പ്രയത്നത്തിലൂടെ വിജയം കൈവരിച്ച പലരും ഇത്തരം അവഗണന അനുഭവിച്ചു വന്നവരാണ് ഒരു ഘട്ടത്തിൽ. ആർത്തി കൊണ്ടല്ല ഈ മനോഭാവം, മറിച്ച് വിശ്വസ്തതയിലേറ്റ മുറിവ് കൊണ്ടാണ്" ഡെൽന പറയുന്നു.

"എല്ലാം പണമാണെന്ന അഭിപ്രായം സത്യത്തിൽ ഒരു പ്രതിരോധ മെക്കാനിസമാണ്. പണത്തിന്‍റെ പേരിലുള്ള അനുഭവങ്ങൾ കൂടുമ്പോൾ ആളുകൾ പണത്തിനെ മാത്രമേ വിശ്വസിക്കാൻ കഴിയൂ എന്ന മാനസികാവസ്ഥയിലെത്തും. പണമാണ് എല്ലാം എന്ന   ഈ ദുബായ് ധനികന്‍റെ കാഴ്ചപ്പാടിലൂടെ വ്യക്തമാകുന്നത് പണത്തിനോടുള്ള ആർത്തിയല്ല മറിച്ച് സമ്പത്തിനനുസരിച്ച് ആളുകളുടെ മനോഭാവം എങ്ങനെ മാറുന്നു എന്നതിന്‍റെ ഉദാഹരണമാണ്."  വൈകാരിക അടത്തറയില്ലാത്ത സമ്പത്ത് പൊള്ളയായി തോന്നുമെന്നാണ് ഡെൽന പറയുന്നത്. പണം കൊണ്ട് ശ്രദ്ധ നേടാൻ കഴിയും. എന്നാൽ വൈകാരിക സുരക്ഷിതത്വത്തിന് മാത്രമേ ആത്മാർഥമായ സ്നേഹം നേടാൻ കഴിയൂ എന്നും അവർ പറയുന്നു.

Tags:    
News Summary - The life story of Dubai millionaire Satish Sanpal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.