ചെങ്ങാട് ആലിക്കുട്ടിയുടെ വീട്ടിൽ ഒത്തുകൂടിയവർ
പരപ്പനങ്ങാടി: ആയിരം പൂർണചന്ദ്രന്മാരെ കണ്ട ചെങ്ങാട്ട് ആലിക്കുട്ടിക്കയിൽ നിന്ന് ജീവിതാനുഭവചരിത്രം തുന്നിച്ചേർക്കുകയാണ് പിൻതലമുറ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിച്ചേർക്കാൻ രണ്ട് രൂപ ദിവസക്കൂലിക്ക് പിതാമഹൻ തുടക്കമിട്ടതും പിതാവ് നടത്തിവന്നിരുന്നതുമായ തയ്യൽ കടയിൽ ജോലി തുടങ്ങിയ സി. ആലിക്കുട്ടി എട്ടു പതിറ്റാണ്ട് ആ തൊഴിൽ തുടർന്നു.
തയ്യൽ മെഷീനിലുണ്ടായ യാന്ത്രിക മാറ്റങ്ങൾ ആസ്വദിച്ചും കൗതുകം നാടിന് കാണിച്ചു കൊടുത്തും മുന്നേറവെ ജോലിയോടൊപ്പം ആധുനിക തയ്യൽ മെഷീനുകളും തയ്യൽ ഉൽപന്നങ്ങളും വിൽപന നടത്തുന്ന കച്ചവടക്കാരനായും മാറി. പുതുതലമുറ കണ്ടിട്ടില്ലാത്ത ഉമ്മ കുപ്പായം മുതൽ, ആധുനിക വസ്ത്രങ്ങൾ വരെ നാടിന്റെ മാറ്റങ്ങളറിഞ്ഞ് ആലിക്കുട്ടിക്ക തയ്ച്ചൊരുക്കിയിട്ടുണ്ട്.
അഞ്ചാം ക്ലാസ് പൂർത്തിയാക്കിയതോടെ തൊഴിലിനോടൊപ്പം തുടർന്ന സാമൂഹിക പ്രവർത്തനങ്ങളിലൂടെ നൂറുകണക്കിന് നിരാലംബരുടെ കണ്ണീരൊപ്പി. പരപ്പനങ്ങാടി അഞ്ചപ്പുര മാർക്കറ്റിനകത്തെ സംവാദ കേന്ദ്രമായിരുന്നു ഒരു കാലത്ത് ചെങ്ങാട്ട് ആലിക്കുട്ടിയുടെ സി.എ. ടൈലേഴ്സ്. പരപ്പനങ്ങാടിയുടെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന ആലിക്കുട്ടിക്ക ശാരീരിക അസ്വസ്ഥതകളാൽ വീട്ടിൽ വിശ്രമ ജീവിതത്തിലേക്ക് വഴിമാറിയിട്ടും സമൂഹത്തിൽനിന്ന് ഒറ്റപ്പെടാൻ ഒരുക്കമല്ല. പരിചയവൃത്തത്തിലുള്ള എല്ലാവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ഇദ്ദേഹം ഇന്നും സായാഹ്നങ്ങളെ സംവാദ സമ്പന്നമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.