സഈദ് അൽദോസരി
അൽഖോബാർ: കൈകളില്ലാതെ ജനിച്ച്, ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ബിരുദം നേടിയ സൗദി യുവാവ് ഒരു യുവതയുടെ പ്രോചോദനമാകുന്നു. സൗദിയിലെ പ്രിൻസ് സത്താം ബിൻ അബ്ദുൽഅസീസ് സർവകലാശാലയിൽ നിന്ന് ബിസിനസ് ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് മേഖലയിൽ ഡിപ്ലോമ നേടിയ സഈദ് അൽദോസരിയാണ് തന്റെ ലക്ഷ്യങ്ങൾ കൈവരിച്ച കഥയിലൂടെ ഇന്ന് നിരവധി പേർക്ക് പ്രചോദനമാകുന്നത്.
'എന്റെ കഴിവുകൾക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ വിഷയമാണ് ഞാൻ തിരഞ്ഞെടുത്തത്' ദോസരി പറയുന്നു. കയ്യെഴുത്ത് പോലുള്ള പ്രയാസം ആവശ്യമായ കാര്യങ്ങൾ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും സഹപാഠികളും അധ്യാപകരും നൽകിയ പിന്തുണയോടെയും മുന്നേറാൻ സാധിച്ചു. സഹായക സോഫ്റ്റ്‌വെയറുകളും ഉപകരണങ്ങളും ഉപയോഗിച്ച് പഠനം സുഗമമാക്കാൻ സർവകലാശാല വളരെ സഹായിച്ചു. അധ്യാപകരും സഹപാഠികളും പ്രോത്സാഹിപ്പിക്കുകയും സമയം ചെലവഴിച്ച് സഹായങ്ങൾ നൽകുകയും ചെയ്തു. ആദ്യം ഭാവിയേക്കുറിച്ച് ഭയം ഉണ്ടായിരുന്നു. എന്നാൽ വിശ്വാസം, കുടുംബം, ആത്മവിശ്വാസം എന്നിവയിലൂടെ അദ്ദേഹം മുന്നോട്ട് നീങ്ങി. 'ദൈവം കഴിഞ്ഞാൽ മാതാവാണ് എന്റെ ശക്തിയുടെ തൂണായിരുന്നത്'- ദോസരി പറഞ്ഞു.
പഠനം പൂർത്തിയാക്കിയ ദിനം സ്വപ്നസാക്ഷാത്കാരമായിരുന്നു. ഇനി തൊഴിൽരംഗത്ത് പ്രവേശിച്ച് സമൂഹത്തിൽ സാന്ദ്രമായ പങ്ക് വഹിക്കാനാണ് ദോസരിയുടെ ലക്ഷ്യം. അവസരം ലഭിച്ചാൽ പഠനം തുടരാനും അദ്ദേഹം ആഗ്രഹിക്കുന്നു. 'വൈകല്യം ശരീരത്തിൽ അല്ല, മനസ്സാണ് യഥാർത്ഥ പരിധി' . 'യാഥാർത്ഥ്യം മാറ്റാൻ കഴിയില്ലെങ്കിൽ അതിനോടുള്ള കാഴ്ചപ്പാട് മാറ്റുക'- പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ദോസരി പറഞ്ഞു. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് സമഗ്രമായ അക്കാദമിക് അനുഭവം നൽകാൻ സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് ഡീനും സർവകലാശാലയുടെ ഔദ്യോഗിക വക്താവുമായ ഡോ. ഈസ ബിൻ ഖലഫ് അൽദോസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.