അങ്കമാലി: കോൺഗ്രസ് യുവ നേതാവും അങ്കമാലി എം.എൽ.എയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോൺ എം.എൽ.എ ഇന്ന് വിവാഹിതനാകും. അങ്കമാലി ബസിലിക്ക പള്ളിയിൽ ഉച്ചക്ക് 3.30നാണ് വിവാഹ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങളും ആർഭാടവും പരമാവധി ഒഴിവാക്കി ലളിതമായി സംഘടിപ്പിക്കുന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക.
കാലടി മാണിക്യമംഗലം സ്വദേശിനിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്‍റെ മകളായ ലിപ്സി ഇന്റീരിയർ ഡിസൈനറാണ്. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിന്‍റെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്.
വിവാഹിതനാകുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോജി എം. ജോൺ നാട്ടുകാരെയും പാർട്ടിയിലെ സഹപ്രവർത്തകരെയും അറിയിച്ചത്. വിവാഹാഘോഷങ്ങളുടെ ചെലവ് ചുരുക്കി, ആ തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്ന് റോജി എഫ്.ബി പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രിയമുള്ളവരെ,
ഞാൻ വിവാഹിതനാവുകയാണ്. അങ്കമാലി, കാലടി സ്വദേശി ലിപ്സി പൗലോസാണ് വധു. ഒക്ടോബര്‍ 29 ന് അങ്കമാലി സെന്‍റ്. ജോര്‍ജ്ജ് ബസിലിക്ക പള്ളിയില്‍ വച്ച് 3.30 നാണ് വിവാഹം. നിങ്ങളെ എല്ലാവരേയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആഘോഷങ്ങളും, ആർഭാടവും പരമാവധി ഒഴിവാക്കി ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങ് നടത്തുവാനാണ് തീരുമാനം. വിവാഹ ആഘോഷങ്ങളുടെ ചിലവ് ചുരുക്കി, പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുവാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,
റോജി
എം.എ, എം.ഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്‍റായിരുന്നു.
തിങ്കളാഴ്ചയാണ് കാലടി മാണിക്യമംഗലം പള്ളിയിൽ നടന്ന മനസ്സമ്മത ചടങ്ങ് (വിവാഹം ഉറപ്പിക്കൽ) നടന്നത്. വിവാഹം ഉറപ്പിക്കൽ ചടങ്ങിന് പിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാഹവിവരം പുറംലോകം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.