പി.എം. അബ്ദുൽ അസീസ്
കൃഷിയിടത്തിൽ ; ചിത്രങ്ങൾ: ടി.എച്ച്. ജദീർ
തൃശൂർ ജില്ലയിലെ പഴുവിൽ ഗ്രാമം പണ്ടേ കൃഷിക്ക് പ്രശസ്തമാണ്. വയലുകളും തോടുകളും അതിർത്തികൾ പങ്കിടുന്ന പ്രദേശം. ഇവിടെയാണ് പി.എം. അബ്ദുൽ അസീസ് ജനിച്ചുവളർന്നത്. എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കി എറണാകുളത്തും ഖത്തറിലും ജോലി ചെയ്യുമ്പോഴും പിന്നീട് ബിസിനസ് ചെയ്യുമ്പോഴുമെല്ലാം അസീസിന്റെ മനസ്സിൽ തന്റെ നാടിന്റെ പച്ചപ്പും കൃഷിയുമെല്ലാം നിറഞ്ഞിരുന്നു, ഗൃഹാതുര ഓർമകൾ പോലെ. ജോലിയുടെയും കച്ചവടത്തിന്റെയും തിരക്കുകൾക്കിടയിലും നാടിന്റെ പച്ചപ്പ് ഇടക്കിടെ മനസ്സിലേക്ക് കടന്നുവരും. കാലാന്തരത്തിൽ കൃഷി കുറയുകയും കൂടുതൽ സ്ഥലങ്ങളും തരിശാകുകയും ചെയ്ത തനി നാട്ടിൻപുറമാണ് പഴുവിൽ. അപ്പോഴൊന്നും നാട്ടിൽ തിരിച്ചെത്തി ഒരു കർഷകനാകുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. എൻജിനീയറും പ്രവാസിയും ബിസിനസുകാരനും എല്ലാമായി മാറിയ ഒരാൾ നാട്ടിലേക്ക് കൃഷി ചെയ്യാൻ വരുമെന്ന് നാട്ടുകാരും പ്രതീക്ഷിച്ചില്ല. ഒന്നര പതിറ്റാണ്ടിലധികം മുമ്പ് സ്വന്തം നാട്ടിൽ പാടവും തരിശും കരഭൂമിയും എല്ലാം ഉൾക്കൊള്ളുന്ന 65 ഏക്കർ ഭൂമി വാങ്ങിയപ്പോഴും നാട്ടുകാർ അടക്കം കരുതിയത് എന്തോ വലിയ പദ്ധതി വരുന്നുവെന്നാണ്. എന്നാൽ, ആ സ്ഥലത്തേക്ക് സ്വയം ട്രാക്ടർ ഓടിച്ച് അസീസ് വന്നപ്പോഴാണ് കൃഷി ചെയ്യാനാണ് നീക്കമെന്ന് മനസ്സിലാകുന്നത്. പറമ്പ് സ്വയം ഉഴുതുമറിച്ച ആ വ്യക്തി വലിയ എന്തോ കൃഷി ചെയ്യാൻ പോകുന്നു എന്ന വിചാരമായിരുന്നു നാട്ടുകാർക്ക്. എന്നാൽ, വിഷം കലർന്ന ഭക്ഷണം കഴിച്ച് ആരോഗ്യം തകർന്ന മനുഷ്യരിലേക്ക് ജൈവ കൃഷി എന്ന ആശയവുമായി കടന്നുവരികയായിരുന്നു അസീസ്. നല്ല ഭക്ഷണം നമ്മൾ കഴിക്കണമെങ്കിൽ സ്വന്തമായി അധ്വാനിച്ച് എന്തെങ്കിലും ഉണ്ടാക്കണമെന്ന ചിന്താഗതിക്കാരനാണ് ഈ 76 കാരൻ. രണ്ട് പതിറ്റാണ്ടോളമായി ജൈവ കൃഷിയുടെ പ്രചാരകനും കൂടിയാണ്. പഴുവിലിൽ ഉള്ള ഫാമിൽ ജൈവ കൃഷി പഠിപ്പിക്കാനുള്ള സൗകര്യം കൂടി ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം. ഖത്തറിൽ എൻജിനീയറായും പിന്നീട് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വ്യാപാരിയായും നിറഞ്ഞുനിന്ന അബ്ദുൽ അസീസ്, ജൈവ കൃഷിയിലേക്ക് തിരിഞ്ഞതിന് പിന്നിൽ സ്വന്തം ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഏടുണ്ട്. ജീവിത ശൈലി രോഗങ്ങളെല്ലാം ബാധിച്ച് മരുന്നുകൾ കഴിച്ചിരുന്നൊരു കാലവുമുണ്ട്. അതിൽ നിന്നാണ് അദ്ദേഹം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.
നാട്ടിലെയും പ്രവാസ ലോകത്തെയും തിരക്ക് നിറഞ്ഞ ജീവിതം തന്നെ ജീവിത ശൈലി രോഗങ്ങളുടെ അടിമയാക്കിയെന്ന് അസീസ്ക്ക തന്നെ പറയുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ പ്രഷറും ഷുഗറും കൊളസ്ട്രോളും അടക്കം ആറ് ജീവിത ശൈലി രോഗങ്ങൾ ഉണ്ടായിരുന്നു. ദിനേന കഴിച്ചിരുന്നത് ഒമ്പത് ഗുളികകൾ. ഭക്ഷണം പോലെ ഗുളികകൾ കഴിക്കേണ്ട സാഹചര്യം സംബന്ധിച്ച ചിന്ത മനസ്സിൽ വന്നു. നല്ല ഭക്ഷണത്തിലൂടെ മാത്രമേ നല്ല ആരോഗ്യമുണ്ടാകൂ എന്ന് ഉറപ്പായി. വിഷമില്ലാത്ത ഭക്ഷണം ഒരിടത്തും ലഭിക്കില്ലെന്ന് സ്വയം അന്വേഷിച്ച് മനസ്സിലാക്കി. ഇതോടെ, സ്വയം ചെയ്യാമെന്ന വിശ്വാസമായി. അരിയും പച്ചക്കറികളും പാലും മുട്ടയും മീനും എല്ലാം ജൈവ രീതിയിൽ കൃഷി ചെയ്ത് പാചകം ചെയ്ത് കഴിച്ചുതുടങ്ങി. ഇതോടെ രോഗങ്ങൾ പതിയെ അസീസ്ക്കയുടെ അതിർത്തി വിട്ടു കടന്നുപോയി. ഇന്ന് ജീവിത ശൈലി രോഗങ്ങൾ ബുദ്ധിമുട്ടിക്കുന്നില്ല. മരുന്നും കഴിക്കുന്നില്ല. 76ാം വയസ്സിലും പറമ്പിലും പാടത്തും ഇറങ്ങാനുള്ള ആരോഗ്യവുമുണ്ട്.
ഓർഗാനിക് ഫാം, ഓർഗാനിക് ഔട്ട്ലെറ്റ്, ഭക്ഷണ ശാല, സൂപ്പർമാർക്കറ്റ്, കൺവെൻഷൻ സെന്‍റർ ... തുടങ്ങിയവയാണ് അസീസിയ ഗ്രൂപ്പിന്‍റെ പേരിലുള്ളത്. അസീസ്ക്കയുടെ പേരാണ് ‘അസീസിയ’ ആയി മാറിയതെന്നായിരുന്നു എല്ലാവരുടെയും വിചാരം. എന്നാൽ, വാപ്പയും മകനും ജൈവ കൃഷിയോട് ചേർന്ന് നിന്ന കഥയാണ് ‘അസീസിയ’ക്ക് പറയാനുള്ളത്. അസീസിന്‍റെയും മകൻ സിയാദിന്‍റെയും പേരുകളുടെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് അസീസിയ ഉണ്ടായത്. തന്‍റെ ജൈവ കൃഷി രീതികളോട് അടക്കം താൽപര്യമുണ്ടായിരുന്ന മകൻ സിയാദിനെ വ്യാപാര പങ്കാളിയാക്കി മാറ്റുകയായിരുന്നു. പിതാവും മകനും ചേർന്ന് ചെറുതായി തുടങ്ങിയ സംരംഭമാണ് ഇന്ന് തൃശൂർ, എറണാകുളം ജില്ലകളിൽ ജൈവ കൃഷിയിലും വിപണനത്തിലും ഭക്ഷണത്തിലും വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തൃശൂർ പഴുവിലിലെ ഫാമിന് പുറമെ എറണാകുളം കളമശ്ശേരിയിലും ഫാമുണ്ട്. ഒപ്പം, പാലാരിവട്ടത്തിന് അടുത്ത് പാടിവട്ടത്ത് ജൈവ ഉൽപന്നങ്ങളുടെ സൂപ്പർമാർക്കറ്റും അസീസിയ കൺവെൻഷൻ സെന്‍ററുമുണ്ട്.
15 വർഷം മുമ്പ് ഒരേക്കർ സ്ഥലത്ത് ജൈവ രീതിയിൽ വെണ്ട കൃഷി ചെയ്തുകൊണ്ടായിരുന്നു ‘അസീസിയ’യുടെ തുടക്കം. ആദ്യ വിളവിൽ തന്നെ 165 കിലോ വെണ്ട ലഭിച്ചു. ഇത് പാടിവട്ടത്തെ ഓല ഷെഡിൽ ജൈവ പച്ചക്കറി എന്ന ബോർഡിൽ വിൽപന നടത്തിയായിരുന്നു തുടക്കം. വിഷം കലരാത്ത പച്ചക്കറി എന്ന ബോർഡ് കണ്ട് പലരും വാങ്ങി. ഇതോടെ ജൈവ കൃഷിയിലേക്ക് നീങ്ങാനുള്ള ആത്മവിശ്വാസമായി. പഴുവിലിലെ ഫാമിൽ പതിയെ ഓരോ കൃഷികൾ തുടങ്ങി. നെല്ലും തെങ്ങും മീനും പടവലും പീച്ചിങ്ങയും തണ്ണിമത്തനും പഴ വർഗങ്ങളും അങ്ങനെ നീണ്ടു. ഒപ്പം പശു ഫാമും കോഴി- താറാവ് വളർത്തലും എല്ലാമായി. ഇപ്പോൾ പഴുവിലെ ഫാമിൽ 63 ഇനം ജൈവ ഉൽപന്നങ്ങളുണ്ട്. ഇതോടെ പണ്ട് ഓല ഷെഡിൽ വിൽപന നടത്തിയ പാടിവട്ടത്തെ സ്ഥലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ജൈവ സൂപ്പർമാർക്കറ്റുകളിലൊന്നിനും തുടക്കം കുറിച്ചു. അസീസിയ സൂപ്പർമാർക്കറ്റിൽ ഇന്ന് ജൈവ പച്ചക്കറികൾക്കും അരിക്കും പഴവർഗങ്ങൾക്കും ശുദ്ധമായ വെളിച്ചെണ്ണക്കും ഒപ്പം വിഷമയമല്ലാത്ത ബേക്കറി ഉൽപന്നങ്ങളും ലഭിക്കും. സ്വന്തം ഫാമുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്നവയാണ് ഇവിടെ വിൽക്കുന്നത്. സ്വന്തം സൂപ്പർമാർക്കറ്റിലെ ആവശ്യത്തിന് തന്നെ തികയുന്നില്ലെന്നും അസീസ് പറയുന്നു.
ജൈവ പച്ചക്കറികളും മറ്റ് ഉൽപന്നങ്ങളും വിപണനം നടത്തുന്ന സമയത്താണ് ഇവ പാചകം ചെയ്ത് നൽകുന്നതിനെ കുറിച്ച ചിന്ത ഉയരുന്നത്. ഇതോടെ ജൈവ ഉൽപന്നങ്ങൾ പാചകം ചെയ്ത് നൽകുന്നതിനായി സൗകര്യം ഒരുക്കുകയായിരുന്നു. ഇതിനായി ഓർഗാനിക് റസ്റ്ററന്‍റ് ആരംഭിച്ചു. തുടക്കകാലത്ത് ഒരു മാസത്തോളം സൗജന്യമായി ഭക്ഷണവും നൽകി. റെസ്റ്റാറന്‍റിൽ ഭക്ഷണത്തിന് വലിയ തിരക്ക് അനുഭവപ്പെട്ടു. അവിടെയെത്തിയ ഓരോ ഉപഭോക്താവും ജൈവ ഭക്ഷണത്തെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നുള്ളതിന്‍റെ തെളിവായിരുന്നു ഈ തിരക്ക്. ഇതോടെ കൺവെൻഷൻ സെന്‍ററായി ഉയർത്തി. എറണാകുളത്തെ ഏറ്റവും മികച്ച കൺവെൻഷൻ സെന്‍ററുകളിലൊന്നായി ‘അസീസിയ’ മാറി. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഈ കൺവെൻഷൻ സെന്‍റർ നിർമിച്ചത്. 250 കാറുകൾക്കുളള പാർക്കിങ് സൗകര്യവുമുണ്ട്. ഒപ്പം ജൈവ രീതിയിലുള്ള ഭക്ഷണം ഒരുക്കാനും.
പഴുവിലിലെ കൃഷിയിടം വികസനത്തിന്‍റെ മറ്റൊരു മാതൃക കൂടിയൊരുക്കുകയാണ്. ഈ 65 ഏക്കറിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങിനുള്ള സൗകര്യവും ഫാം ടൂറിസവും ഒപ്പം കൃഷി പഠിക്കാനൊരിടവും ഒരുങ്ങുകയാണ്. പഴുവിൽ എന്ന ഗ്രാമത്തിലെ ചെറിയ കാറ്റേറ്റ് താമസിക്കാനും കൃഷി മനസ്സിലാക്കാനും ഇവിടെ സൗകര്യമൊരുങ്ങുന്നു. ഒപ്പം പുതു തലമുറയിലേക്ക് ജൈവ കൃഷിയുടെ പാഠങ്ങൾ പകർന്നുനൽകാനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് അബ്ദുൽ അസീസ്. കാർഷിക സർവകലാശാലയുമായി സഹകരിക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ജൈവ കൃഷികളും മീൻ വളർത്തലും പശു, ആട്, കോഴി എന്നിവയെ വളർത്തുന്നതും എല്ലാം നേരിൽ അനുഭവിച്ചറിയുന്നതിനൊപ്പം താമസിച്ച് പഠിക്കാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതിനപ്പുറം ജൈവ കൃഷിയുടെ പാഠങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം.
അബ്ദുൽ അസീസ് കൃഷിയിലേക്ക് കാൽവെക്കുമ്പോൾ മണ്ടത്തരമെന്ന് പറഞ്ഞവർ ഒരുപാടുണ്ട്. ഗൾഫിൽ നിന്നുണ്ടാക്കിയ പണം നഷ്ടപ്പെടാനുള്ള മാർഗമാണെന്ന് പറഞ്ഞവരുമുണ്ട്. ജൈവ കൃഷി ഒരു കാലത്തും ലാഭത്തിലാകില്ലെന്ന് ഉപദേശിച്ചവരുമുണ്ട്. എന്നാൽ, നഷ്ടം വന്നാലും വിഷം കലർന്ന ഭക്ഷണം ഒഴിവാക്കുമെന്നായിരുന്നു ഈ പ്രവാസിയുടെ മറുപടി. തുടക്ക കാലത്ത് സ്വയം തന്നെ പണികൾ ചെയ്ത് ആരംഭിച്ച ജൈവ കൃഷിയിൽ ഇന്ന് സഹായികളുണ്ട്. നേരിട്ട് ചെല്ലണമെന്ന ആവശ്യം പോലും ഇല്ലാത്ത വിധം സംവിധാനം ഒരുക്കിയിരിക്കുന്നു. എന്നാലും അസീസ് ഇടക്കിടെ പഴുവിലിലെ ഫാമിലേക്ക് എത്തും. ഇളംമഞ്ഞ നിറത്തിലുള്ള വെണ്ട പൂവുകളെ തലോടും, പശുക്കുട്ടിയോട് കിന്നാരം പറയും, പാവലിനും പടവലത്തിനും ജൈവ വളം നൽകേണ്ട സമയത്തെ കുറിച്ച് പറയും, വീണുകിടക്കുന്ന തേങ്ങകൾ എടുക്കാത്തതിന് സ്നേഹത്തോടെ വഴക്ക് പറയും, നെൽചെടികളുടെ വളർച്ച നോക്കി നിൽക്കും...
പണത്തിന് അപ്പുറം ഈ സന്തോഷങ്ങൾ വളരെ വലുതാണെന്ന് അബ്ദുൽ അസീസ് പറയുന്നു. ഒപ്പം വിഷം കലർന്ന ഭക്ഷണമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. ജൈവ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അൽപം വില കൂടുതലാണെങ്കിലും മരുന്നിന് ചെലവാക്കേണ്ട തുകയും രോഗം മൂലം അനുഭവിക്കുന്ന പീഢകളും കുറയ്ക്കാമെന്നും എല്ലാവരും മനസ്സിലാക്കണം.
എല്ലാവരും എന്തെങ്കിലുമൊക്കെ സ്വയം കൃഷി ചെയ്താൽ മാത്രമേ വിഷ രഹിത ഭക്ഷണം മുഴുവൻ പേർക്കും ഉറപ്പാക്കാൻ കഴിയൂവെന്ന് അബ്ദുൽ അസീസ് വ്യക്തമാക്കുന്നു. കൃഷിക്ക് സ്ഥല ലഭ്യത ഒരു വിഷയമേയല്ല. മട്ടുപ്പാവിലോ ഒന്നും രണ്ടും സെന്‍റ് സ്ഥലത്തോ ബാൽക്കണിയിലോ എല്ലാം ഒരു കറിവേപ്പോ മുളകുചെടിയോ വെച്ചുപിടിപ്പിക്കാൻ മുഴുവൻ പേരും തയാറാകണം. കൃഷിയെ സാമ്പത്തിക നേട്ടത്തിനൊപ്പം മാനസിക സന്തോഷത്തിനുള്ള മാർഗം കൂടിയായി കാണണമെന്നുമാണ് അദ്ദേഹത്തിന് മലയാളികളോട് പറയാനുള്ളത്. ചിറക്കൽ സ്കൂളിലായിരുന്നു അബ്ദുൽ അസീസിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെന്‍റ് തോമസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ എൻജിനീയറിങ് ബിരുദവും.
ഏഴ് വർഷത്തോളം എറണാകുളത്ത് ജോലി ചെയ്ത ശേഷമാണ് ഖത്തറിലേക്ക് പോകുന്നത്. അവിടെ ഖത്തർ പെട്രോളിയത്തിൽ എൻജിനീയറായി. പിന്നീട് ദോഹയിൽ തന്നെ ഇലക്ട്രോണിക്സ് വ്യാപാര മേഖലയിലും പ്രവർത്തിച്ചു. അവിടെയും വിജയക്കൊടി പാറിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. നസീമാണ് ഭാര്യ. മൂത്ത മക്കളായ ആയിഷയും നൗഷാദും ഖത്തറിൽ ജോലി ചെയ്യുകയാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.