ഡബ്ല്യൂ.ആർ.സി ത്രീ വിഭാഗത്തിൽ ഇന്ത്യൻ കൂട്ടുകെട്ടായ
നവീൻ പുലിഗില്ലയും മൂസാഷരീഫും ദേശീയപതാകയുമായി
കാസർകോട്: ഇന്ത്യൻ റാലിചരിത്രത്തിൽ ഒരു പുതുവഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് സൗദി അറേബ്യ റാലി 2025ലെ ഡബ്ല്യൂ.ആർ.സി ത്രീ വിഭാഗത്തിൽ ഹൈദരാബാദിലെ നവീൻ പുലിഗില്ലയും കാസർകോട് സ്വദേശി മൂസാഷരീഫും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പോഡിയം (ആദ്യ മൂന്ന് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന) നേടുന്ന ആദ്യ പൂർണ ഇന്ത്യൻ കൂട്ടുകെട്ടായി ഇവർ മാറി. ആഗോളവേദിയിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ചരിത്രനേട്ടമാണ് ഈ സഖ്യയിലൂടെ കുറിച്ചത്.
41 ടീമുകൾ പങ്കെടുത്ത റാലിയിൽ നാലു മണിക്കൂർ, 28 മിനിറ്റ്, 58 സെക്കൻഡ് സമയത്തിൽ മത്സരം പൂർത്തിയാക്കി. കെനിയയിലെ നൈറോബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഫ്രിക്ക ഇക്കോ സ്‌പോർട്സ് തയാറാക്കിയ ഫോർഡ് ഫിയസ്റ്റ റാലി-3 കാർ ഉപയോഗിച്ചാണ് ഇവർ മത്സരത്തിനിറങ്ങിയത്. ഹ്യൂണ്ടായ്, ടൊയോട്ട, എം-സ്പോർട്ട് ഫോർഡ് തുടങ്ങിയ ഫാക്ടറി ടീമുകളുടെ ശക്തമായ റാലി 1, റാലി 2 കാറുകൾ നിറഞ്ഞ മത്സര മേഖലയിൽ ഈ നേട്ടം കൊയ്യാൻ സാധിച്ചത് . ഡബ്ല്യൂ.ആർ.സിയിലെ ഏതൊരു വിഭാഗത്തിലും ഒരു ഇന്ത്യൻ ഡ്രൈവർ-കോഡ്രൈവർ കൂട്ടുകെട്ടിന് ആദ്യമായാണ് പോഡിയം ലഭിക്കുന്നത്.
ഗൗരവ് ഗിൽ പോലുള്ള ഇന്ത്യൻ മുൻ താരങ്ങൾ വിദേശ കോഡ്രൈവർമാരുമായി മത്സരിച്ചതിനേക്കാൾ വ്യത്യസ്തമായി, പുലിഗില്ല-ഷരീഫ് കൂട്ടുകെട്ട് 17 കഠിന സ്പെഷൽ സ്റ്റേജുകളിലൂടെയും സാഹസികത നിറഞ്ഞ വഴികളിലൂടെയും മണൽതിട്ടകളിലൂടെയും തകർന്ന മരുഭൂമി ട്രാക്കുകളിലൂടെയും ചീറിപ്പാഞ്ഞാണ് വിജയം കൈവരിച്ചത്. 33 വർഷത്തിലേറെ പരിചയമുണ്ട് മൂസാഷരീഫിന്.ഇന്ത്യക്കായി ഒരു ഡബ്ല്യൂ.ആർ.സി പോഡിയം നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും ലോകവേദിയിൽ ഇന്ത്യൻടീമുകൾക്കും മത്സരിക്കാനാകുമെന്നതിന്റെ തെളിവാണ് സൗദി റാലിയിലെ മിന്നും വിജയമെന്നും മൂസാഷരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.