കന്തസ്വാമി അയ്യ
ഉണങ്ങി വരണ്ട ഭൂമിയിൽ അങ്ങിങ്ങായി തലപൊക്കി നിൽക്കുന്ന പനകളും ചെറു പൊന്തക്കാടുകളും. ജീവിതത്തിന്റെ ചക്രമെന്നപോലെ തിരിയുന്ന കുറെ കാറ്റാടിപ്പാടങ്ങൾക്കിടയിൽ തകർന്നടിഞ്ഞ വീടുകളും സ്കൂളും കടകളും അമ്പലങ്ങളും. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഗ്രാമമായിരിക്കുന്നു മീനാക്ഷിപുരം. അവിടെ ഒരു തലമുറ ജീവിച്ചിരുന്നു എന്നതിന്റെ അടയാളമായി ഒരാൾ മാത്രം, മീനാക്ഷിപുരത്തിന്റെ കാവലാൾ...
ചൂടിനൊപ്പം പൊടി ഉയരുന്ന കാറ്റ്, ഉൗഷരമായ മൺപാതകൾ... മീനാക്ഷിപുരത്തെത്തുമ്പോൾ മുതൽ ഇവക്കൊപ്പം നിശ്ശബ്ദതയും നമ്മെ പിന്തുടരും. ഉണങ്ങി വരണ്ട ഭൂമിയിൽ അങ്ങിങ്ങായി തലപൊക്കി നിൽക്കുന്ന പനകളും ചെറു പൊന്തക്കാടുകളും മാത്രമാണ് പച്ചപ്പിന്റെ ഉറവിടം. ജീവിതത്തിന്റെ ചക്രമെന്നപോലെ തിരിയുന്ന കുറെ കാറ്റാടിപ്പാടങ്ങൾക്കിടയിൽ തകർന്നടിഞ്ഞ വീടുകളും സ്കൂളും കടകളും അമ്പലങ്ങളും ഇവിടെ കാണാം. കുടിവെള്ളം കിട്ടാക്കനിയായതോടെ ഉപേക്ഷിക്കപ്പെട്ട ഗ്രാമമായി മീനാക്ഷിപുരം. അവിടെ ഒരു തലമുറ ജീവിച്ചിരുന്നു എന്നതിന്റെ അടയാളമായി ഒരു ഒറ്റയാൾ മനുഷ്യനും, പരദേശി നയിക്കർ എന്ന കന്തസ്വാമി അയ്യ. മീനാക്ഷിപുരത്തിന്റെ കാവലാൾ.
മീനാക്ഷിപുരത്തിന്റെ പെരുമ
തിരുനെൽവേലി - തൂത്തുക്കുടി - മധുരൈ 138 ദേശീയപാതയിൽ നിന്നും ഏകദേശം 20 കി.മീ അകലെയാണ് മീനാക്ഷിപുരം ഗ്രാമം. 20 വർഷം മുമ്പ് സർക്കാർ സ്കൂളും അമ്പലങ്ങളും കടകളും 200ഓളം കുടുംബങ്ങളുമുണ്ടായിരുന്ന ഒരു ഗ്രാമം. പല ജോലികൾ ചെയ്തിരുന്നവരാണ് ഇവിടെ ജീവിച്ചിരുന്നവരെല്ലാം. സമൃദ്ധി നിറഞ്ഞിരുന്ന ഗ്രാമമായിരുന്നുവെന്ന് ഇവിടത്തെ പൊളിഞ്ഞുതീരാറായ വീടുകളുടെ പ്രൗഢിയിൽനിന്ന് മനസ്സിലാക്കാം. നടു സെക്കാരക്കുടി, മേലേ സെക്കാരക്കുടി, കീല സെക്കാരക്കുടി, ചൊക്കലിംഗപുരം തുടങ്ങിയവയായിരുന്നു അയൽഗ്രാമങ്ങൾ. കടൽത്തീരപ്രദേശമാണ് തൂത്തുക്കുടി. തൂത്തുക്കുടിയുടെ അടുത്ത പ്രദേശവും കടൽത്തീരവുമായതിനാൽ ഉപ്പും ലവണാംശവും നിറഞ്ഞതാണ് ഇവിടത്തെ ജലം. കുടിക്കാനോ ഭക്ഷണം പാകംചെയ്യാനോ ഉപയോഗിക്കാനാകില്ല. നാല് കിലോമീറ്റർ ദൂരെയുള്ള സെക്കാരക്കുടി ഗ്രാമത്തിൽ നിന്നായിരുന്നു മീനാക്ഷിപുരത്തേക്ക് കുടിവെള്ളമെത്തിച്ചിരുന്നത്. അവിടെ നിന്നും പൈപ്പ് ലൈൻ വഴി എത്തിക്കുന്ന ശുദ്ധജലം, മീനാക്ഷിപുരത്തെ ഓവർ ഹെഡ് വാട്ടർ ടാങ്കിലേക്ക് പമ്പ് ചെയ്താണ് ഗ്രാമത്തിൽ ജല വിതരണം നടത്തിയിരുന്നത്.
‘ഇനിമുതൽ കുടിവെള്ള വിതരണമില്ല’
മുന്നറിയിപ്പോ മറ്റൊന്നോ കൂടാതെ പെട്ടന്നൊരു ദിവസം മീനാക്ഷിപുരത്തേക്ക് കുടിവെള്ളം എത്താതായി. കുടിവെള്ള വിതരണം മുടങ്ങിയിട്ടും രണ്ടുദിവസത്തോളം സൂക്ഷിച്ചുവെച്ചിരുന്ന വെള്ളം ഉപയോഗിച്ച് കഴിഞ്ഞുകൂടി. പതിവുപോലെ രണ്ടുദിവസം കഴിഞ്ഞാൽ കുടിവെള്ളം വരുമെന്ന പ്രതീക്ഷ മീനാക്ഷിപുരത്തുകാർക്കുണ്ടായിരുന്നു. എന്നാൽ ദിവസങ്ങളോളം കാത്തിരുന്നിട്ടും പൈപ്പിലൂടെ വെള്ളം വന്നില്ല. ഇതോടെ കാരണമന്വേഷിച്ച് പഞ്ചായത്തിലെത്തി. ‘ഇനി മുതൽ മീനാക്ഷിപുരത്തേക്ക് കുടിവെള്ള വിതരണമില്ല’ എന്ന മറുപടി മാത്രമാണ് പഞ്ചായത്ത് അധികൃതർ നാട്ടുകാർക്ക് നൽകിയത്. ഉത്തരവാദപ്പെട്ടവർ ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെ ‘കുടിവെള്ളം ലഭിക്കില്ല’ എന്ന യാഥാർഥ്യം മാത്രമായി ഇവർക്കുമുന്നിൽ. പഞ്ചായത്തിൽനിന്ന് സഹായം ലഭ്യമല്ലാതായതോടെ മീനാക്ഷിപുരത്തുകാർ കലക്ടറേറ്റിലെത്തി. എന്നാൽ പഞ്ചായത്തിൽനിന്ന് വെള്ളം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു കലക്ടറേറ്റിൽനിന്നുള്ള മറുപടി. ഇതോടെ ദിവസങ്ങളോളം സർക്കാർ ഓഫിസുകൾ തോറും മീനാക്ഷിപുരത്തുകാർ കയറിയിറങ്ങി.
ആഴ്ചകളായി കുടിവെള്ളം മുടങ്ങിയതോടെ നാലുകിലോമീറ്റർ അകലെയുള്ള ചൊക്കലിംഗപുരത്തുനിന്നും മറ്റും തലച്ചുമടായും റിക്ഷവണ്ടികളിലും മീനാക്ഷിപുരത്തുകാർ വെള്ളമെത്തിക്കാൻ തുടങ്ങി. മാസങ്ങളോളം ഇതു തുടർന്നു. രാഷ്ട്രീയവൈരം മൂലം മനഃപൂർവം മീനാക്ഷിപുരത്തേക്കുള്ള ജലവിതരണം നിർത്തലാക്കിയതാണെന്ന് ഗ്രാമവാസികൾ പിന്നീട് മനസ്സിലാക്കി. ഇനി മുതൽ മീനാക്ഷിപുരത്തേക്ക് കുടിവെള്ളമെത്തില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ ഓരോ കുടുംബങ്ങളായി തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങി. പലായനം മാസങ്ങളോളം തുടർന്നു.
ആളുകൾ ഉപേക്ഷിച്ചു പോയ വീടുകൾ
തകർന്നുതകർന്ന്
തങ്ങളുടെ വീടും നാടും ഉപേക്ഷിച്ച് തൊട്ടടുത്ത ഗ്രാമങ്ങളിലേക്കായിരുന്നു മീനാക്ഷിപുരത്തുകാരുടെ പലായനം. പലരും പിടിച്ചു നിൽക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസാനം നാടുവിടേണ്ടി വന്നു. ഓരോ കുടുംബങ്ങളായി ഒഴിഞ്ഞുതുടങ്ങിയതോടെ കടകൾ തുറക്കാതെയായി. കടകൾ ഉപേക്ഷിച്ച് അവർ മറ്റിടങ്ങളിലേക്ക് ചേക്കേറി.
വിദ്യാർഥികൾ കൊഴിഞ്ഞു തുടങ്ങിയതോടെ സർക്കാർ സ്കൂൾ അടച്ചുപൂട്ടി. സഞ്ചരിക്കാൻ ആളില്ലാതായതോടെ മീനാക്ഷിപുരത്തേക്കുള്ള ബസ് സർവിസും നിലച്ചു. പരിചരിക്കാൻ ആളില്ലാതായതോടെ വീടുൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലംപൊത്തി. മണ്ണോടു ചേർന്ന വീടുകളും ഓർമകൾ ഉറങ്ങുന്ന വിണ്ടുകീറിയ ചുമരുകളുള്ള കെട്ടിടങ്ങളും മാത്രമാണ് ഇവിടത്തെ അവശേഷിപ്പുകൾ. ഒരു കാലത്തെ സമൃദ്ധിയുടെ അടയാളമായി ഗ്രാമത്തിൽ കോൺക്രീറ്റ് ചെയ്ത റോഡുകളും കാണാം. ആൾതാമസമില്ലാത്തതിനാൽ ഗ്രാമം മുഴുവൻ കാടായി മാറി. മീനാക്ഷിപുരത്തെ കർഷകർ ഉപേക്ഷിച്ചു പോയ കൃഷിയിടങ്ങൾ കാറ്റാടിപ്പാടങ്ങളായി. അവസാനം ഗ്രാമത്തിലെ ഒരേഒരാളായി മീനാക്ഷിപുരത്ത് കന്തസാമി അയ്യ മാത്രം അവശേഷിച്ചു.
‘ഇന്ത ഊരിലേ സത്തിടണം’
‘സത്താലും ഇന്ത ഊരിലേ സത്തിടണം’ -എല്ലാവരും ഗ്രാമം ഉപേക്ഷിച്ചുപോയിട്ടും കന്തസാമി അയ്യ മാത്രം പോകാത്തതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതുമാത്രമാണ്. കന്തസാമി അയ്യ പിറന്നതും വളർന്നതും ജീവിച്ചതും എല്ലാം ഇവിടെത്തന്നെയായിരുന്നു. 150ൽഅധികം വീടുകളുണ്ടായിരുന്നു ഇവിടെ. ‘പിറന്തത്, വളന്തത്, എല്ലാമേ ഇങ്ക താ. പെരിയ ഗ്രാമമായിരുന്നു. മൂന്ന് കടകൾ ഉണ്ടായിരുന്നു. കൂടാതെ 150, 200 വീടുകളും. എല്ലാവർക്കും സ്വന്തം ട്രാക്ടർ, വണ്ടിമാടുകളും ഉണ്ടായിരുന്നു. തണ്ണിയില്ലാത്തത് മാത്രമായിരുന്നു പ്രശ്നം. വെള്ളം വരാതായതോടെ കുടിവെള്ള പൈപ്പ് നശിച്ചു. അടുത്ത ഗ്രാമങ്ങളിൽനിന്ന് കുടിവെള്ളം ചുമന്നുകൊണ്ടുവരാൻ തുടങ്ങി. വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി ഓരോരുത്തരായി ഇവിടെനിന്ന് ഒഴിഞ്ഞുപോകുകയായിരുന്നു. ഇപ്പോ യാരുമേ ഇല്ല’ -കന്തസാമി അയ്യ പറയുന്നതിങ്ങനെ.
അതിജീവനത്തിന്റെ നാളുകൾ
താൻ ജനിച്ചുവളർന്ന ഗ്രാമംവിട്ട് മറ്റെവിടേക്കും പോകില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു കന്തസാമി അയ്യക്ക്. തന്റെ വീടും പരിസരവും സംരക്ഷിക്കാനും ജീവൻ നിലനിർത്താനും അദ്ദേഹംതന്നെ മുന്നിട്ടിറങ്ങി. കുടിവെള്ളത്തിനായി തന്റെ ലൂണ വണ്ടിയിൽ ചൊക്കലിംഗപുരത്തെത്തും. അവിടെനിന്നും ആവശ്യമായ വെള്ളം കന്നാസുകളിൽ നിറച്ച് സ്കൂട്ടറിൽ കെട്ടിവെച്ച് വീട്ടിലേക്ക് മടങ്ങും. ഭക്ഷണം പാകംചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിക്കുക. കൂടാതെ കടയില്ലാത്തതിനാലും തൊട്ടടുത്ത ഗ്രാമത്തിൽനിന്ന് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെത്തിക്കണം. 73 വയസ്സായി കന്തസാമി അയ്യക്ക്. ഇപ്പോൾ വാർധക്യസഹജമായ അസുഖങ്ങളും വേട്ടയാടിത്തുടങ്ങി. ഇതോടെ അഞ്ചുകിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിൽ താമസിക്കുന്ന ഇളയ മകൻ ബാലകൃഷ്ണൻ രാവിലെയെത്തി കന്തസാമിക്ക് ആവശ്യമുള്ള സഹായങ്ങളെല്ലാം ചെയ്തുനൽകി വൈകീട്ട് മടങ്ങും. കന്നുകാലികളെ പരിചരിക്കുന്നതും ബാലകൃഷ്ണനാണ്.
ഓർമകളുറങ്ങുന്നിടം
പ്രേതഗ്രാമമായി മാറിയ മീനാക്ഷിപുരം ഉപേക്ഷിച്ചു പോകാത്തതിന് കന്തസാമി അയ്യക്ക് തന്റേതായ കാരണങ്ങളുണ്ട്. മക്കളും മറ്റു ബന്ധുക്കളും ഗ്രാമം ഉപേക്ഷിച്ചു പോയപ്പോഴും അദ്ദേഹം മാത്രം മീനാക്ഷിപുരത്ത് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. 35ാം വയസ്സിൽ വിടപറഞ്ഞ ഭാര്യ വീരലക്ഷ്മിയുടെ ഓർമകളുണ്ട് കന്തസാമി അയ്യക്ക് ഈ മണ്ണിൽ. ഒപ്പം താൻ ജനിച്ചു വളർന്ന വീടിന്റെയും പണിയെടുത്ത മണ്ണിന്റെയും ഓർമകളും. മീനാക്ഷിപുരം ഉപേക്ഷിച്ചു പോയവർ എന്നെങ്കിലും മടങ്ങിയെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കന്തസാമി അയ്യ.
പ്രതീക്ഷ തുരുത്ത്
തൊട്ടടുത്ത ഗ്രാമത്തിൽനിന്ന് കുടിവെള്ളം എത്തിക്കുമ്പോഴും തന്റെ നാടിന് വേണ്ട കുടിവെള്ളത്തിനായുള്ള പോരാട്ടത്തിലായിരുന്നു കന്തസാമി അയ്യ. ഉത്തരവാദപ്പെട്ടവർ തോൽപിക്കാൻ ശ്രമിക്കുമ്പോഴും കുടിവെള്ളത്തിനായി അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി സമീപകാലത്ത് തൂത്തുക്കുടി കലക്ടർ ഒരു ഉത്തരവിട്ടു; കന്തസാമി അയ്യയുടെ വീട്ടിൽ ശുദ്ധജലമെത്തിക്കണം. ഇതോടെ അയ്യയുടെ വീട്ടിൽ ശുദ്ധജലം പൈപ്പ് വഴി ലഭിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.