കെ.എസ്. സിവീജ്
ബംഗളൂരു: ബാംഗളൂര്‍ സൈക്ലിങ് ട്രസ്റ്റ് നടത്തിയ എവറസ്റ്റിങ് ചലഞ്ച് പൂര്‍ത്തിയാക്കി മലയാളിയായ കെ.എസ്. സിവീജ്. 1.1 കി.മീ ഉയരമുള്ള മല 141 തവണ കയറുന്നതോടെ മൗണ്ട് എവറസ്റ്റിന്റെ ഉയരത്തിന് തുല്യമായ 8848 മീ. പൂർത്തിയാക്കുക എന്നതായിരുന്നു മത്സരം. 23 സൈക്ലിങ് റൈഡർമാർ മാറ്റുരച്ചതിൽ മത്സരം പൂർത്തിയാക്കിയ ഏക വ്യക്തിയാണ് ഇദ്ദേഹം.
ഹൈസ്കൂള്‍ പഠനകാലത്താണ് സൈക്ലിങ് ഇഷ്ടപ്പെട്ട് തുടങ്ങുന്നത്. കിലോമീറ്ററുകള്‍ ദൂരെയുള്ള തിയറ്ററുകളിലേക്കുള്ള യാത്രയായിരുന്നു തുടക്കം. 2022ലാണ് ദീര്‍ഘദൂര യാത്രകള്‍ ആരംഭിച്ചത്. തുടക്കം ചെറിയ യാത്രകളില്‍ നിന്നാവാം എന്നുകരുതി മൈസൂരുവിലെ ക്ലബ് സംഘടിപ്പിച്ച 100 കി.മീ. സൈക്ലിങ്ങില്‍ പങ്കെടുത്തു. ഇതിൽ മൂന്നാംസ്ഥാനം നേടിയപ്പോള്‍ ആത്മവിശ്വാസം കൂടി. ദീര്‍ഘദൂരയാത്ര ചെയ്യാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. തമിഴ്നാട് ട്രിച്ചിയില്‍ 300 കി.മീ. സൈക്ലിങില്‍ പങ്കെടുത്തു. ഇതോടെ, സൈക്ലിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാനും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചു. ഫ്രാന്‍സിന് കീഴിലുള്ള ക്ലബില്‍ 200, 300,400, 600 കി.മീ. ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ സൂപ്പര്‍ ആന്തം എന്ന ടൈറ്റില്‍ കിട്ടുമെന്നറിഞ്ഞു. ഈ ടൈറ്റില്‍ സ്വന്തമായാല്‍ പാരിസ്-ബ്രസ്റ്റ്-പാരിസ് (പി.ബി.പി) മത്സരത്തില്‍ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. അതിനുള്ള പരിശ്രമമായിരുന്നു പിന്നീട്.
2023ല്‍ 87.40 മണിക്കൂറിൽ പാരിസ്-ബ്രസ്റ്റ്-പാരിസ് എന്ന കടമ്പ പൂര്‍ത്തിയാക്കി. പാരീസില്‍നിന്നും ബ്രസ്റ്റ് നഗരം വരെയും തിരുച്ചുമുള്ള 1200 കി.മീ. അതിദുര്‍ഘട പാതയായിരുന്നു. കൂടാതെ തണുപ്പും ചൂടും ഇടവിട്ടുള്ള കലാവസ്ഥയും. മാനസികമായും ശാരീരികമായും തളര്‍ത്തിയെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. 2024ല്‍ തായ് ലന്‍ഡിലെ ‘ഇസാന്’ചാമ്പ്യൻഷിപ്പിൽ 176 മണിക്കൂറില്‍ 2024 കി.മീ. പൂര്‍ത്തിയാക്കി. ‘ചലഞ്ച് ലപര്ടെല്’മത്സരത്തിൽ 1200 കി.മീ. പൂര്‍ത്തിയാക്കി മൂന്ന് അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി.
തൃശ്ശൂർ ആലപ്പാട് സ്വദേശിയായ ഇദ്ദേഹത്തിന്റേത് സ്പോര്‍ട്സ് കുടുംബമാണ്. ഭാര്യ ഷാനി, മകൻ അർജുൻ, മകള്‍ ആര്‍ച്ച എന്നിവരും മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. മകന് ഇന്റര്‍നാഷനല്‍ ബുക്സ് ഓഫ് റെകോര്‍ഡ്സില്‍ യങ്ങസ്റ്റ് റണ്ണര്‍ ആണ്. മൈസൂരു ജില്ലതലത്തില്‍ നടത്തിയ സൈക്ലിങ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു മകള്‍. മൈസൂരു ആര്.ബി.ഐ ഉദ്യോഗസ്ഥനായ സിവീജ് സൈക്ലിങ് പരിശീലനം മുടക്കാറില്ല.
കൂടാതെ ഓഫിസ് ഇടവേളകളിലും വ്യായാമത്തില്‍ ശ്രദ്ധ ചെലുത്തും. മുട്ട, പരിപ്പ്, കടല തുടങ്ങി ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കും. സൗത്ത് കൊറിയയിലെ 1200 കി.മീ ചെയ്യുകയാണ് അടുത്ത ലക്ഷ്യം.
അതോടെ ഏഷ്യൻ പുരസ്കാരം ലഭിക്കും. നാല് രാജ്യങ്ങളില്‍ 1200 കി.മീ. ചെയ്താല്‍ ഇന്റര്‍നാഷനല്‍ സൂപ്പര്‍ റാണ്ടോന്നുവര് എന്ന ടൈറ്റില്‍ ലഭിക്കും. അതിന് ഒരു രാജ്യംകൂടി ബാക്കിയുണ്ട്. അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രക്കായി ഒരുങ്ങുന്ന സിവീജ് അതിനുവേണ്ടി സ്പോണ്‍സറെ തേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.