ജേക്കബ് ജോണ്‍

പന്തുരുട്ടിത്തുടങ്ങിയത് വീട്ടില്‍ നിന്നാണ്, ഫുട്​ബാൾ കളിക്കാരനായ ജ്യേഷ്ഠന്‍ ഫ്രാന്‍സിസാണ് ആദ്യത്തെ കളിക്കൂട്ടുകാരനും പരിശീലകനും. കളമശ്ശേരി രാജഗിരി പബ്ലിക്ക് സ്‌കൂളിലെ ആറാം ക്ലാസ്സുവരെയുള്ള പഠനത്തിനുശേഷം അബൂദബിലേക്ക് മാതാപിതാക്കളോടൊപ്പം എത്തിയപ്പോഴും ജേക്കബ് ജോണ്‍ കാട്ടൂക്കാരന്‍റെ ഉള്ളിലെ ഫുട്​ബാൾ കമ്പം ഇരട്ടിച്ചതേയുള്ളൂ. അബൂദബി ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ സ്‌കൂളില്‍ ഏഴാംതരത്തില്‍ പഠനം തുടങ്ങിയതോടെ താമസ സ്ഥലത്തെ കൂട്ടുകാര്‍ക്കൊപ്പം കാല്‍പ്പന്തുമായി റോഡിലേക്കിറങ്ങി.

ഒഴിഞ്ഞ തെരുവുകളിലും പാര്‍ക്കിങ് ഏരിയകളിലുമൊക്കെയായിരുന്നു കളിത്തുടക്കം. മികച്ച പന്തടക്കവും അസാമാന്യ മെയ് വഴക്കത്തോടെ ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള ചടുലവേഗവുമെല്ലാം വേഗം ശ്രദ്ധിക്കപ്പെട്ടു. അങ്ങിനെയാണ് കേരള കള്‍ച്ചറല്‍ സെന്‍റര്‍ ആനുവല്‍ ടൂര്‍ണമെന്‍റിലേക്ക് കളിക്കാന്‍ അവസരം തേടിയെത്തുന്നത്. ചാന്‍സ് പാഴാക്കിയില്ല. കളി കഴിയുമ്പോള്‍, യങ് പ്രോമിസിങ് ഫുട്‌ബാളര്‍ എന്ന പ്രത്യേക ജൂറി പരാമര്‍ശത്തോടെയാണ് കളം വിട്ടത്. ഇതിനിടെ പ്രാദേശികമായ ക്ലബ്ബുകള്‍ക്കായും ബൂട്ടണിഞ്ഞു.

കളിജീവിതത്തിലെ ടേണിങ് പോയിന്‍റായത് അബൂദബി ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലത്തിനു ചേര്‍ന്നതോടെയാണ്. അര്‍മേനിയന്‍ കോച്ച് മിഖായേല്‍ സഖറിയാന്‍ അടക്കമുള്ളവരുടെ പിന്തുണയോടെ കളിയടവുകള്‍ ഓരോന്നായി പഠിച്ചെടുത്തു. ചിട്ടയായ പരിശീലനത്തിലൂടെയും കഠിനാധ്വാനം ചെയ്തും ഇത്തിഹാദ് അക്കാദമിയുടെ ക്യാപ്റ്റന്‍സിയിലേക്ക് ഉയര്‍ന്ന ജേക്കബ് ജോണ്‍ അബൂദബി ലീഗ് ചാംപ്യന്‍ഷിപ്പ് അടക്കം നിരവധി കളികള്‍ നയിച്ചു.

2014ലെ ബാംഗ്ലൂര്‍ ഇന്ത്യന്‍ അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ സ്വന്തം പേരിലാക്കിയാണ് മടക്കം. 2015 ല്‍ ഗോവയില്‍ നടന്ന കളിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്‍റെയും ഇന്ത്യന്‍ ദേശീയ ടീമിന്‍റെയും മിഡ്ഫീല്‍ഡറായ സഹല്‍ അബ്ദുൽ സമദ് അടങ്ങിയ ടീമിനൊപ്പം ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും ഡെംബോ ഗോവയെയുമെല്ലാം തോല്‍പ്പിച്ചു. 2016ല്‍ ഗോവയില്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയും ഇന്ത്യന്‍ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ടീമും കളിച്ചപ്പോള്‍, ഇത്തിഹാദിനെ നയിച്ചത് ജേക്കബായിരുന്നു.

2016ല്‍ പഞ്ചാബില്‍ നടന്ന ദേശീയ ജൂനിയര്‍ ഫുട്​ബാൾ ടൂര്‍ണമെന്‍റിലും ജേക്കബ് ജോണ്‍ കളിച്ചിരുന്നു. അന്ന് അബൂദബി ഇന്ത്യന്‍ സ്‌കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ജേക്കബ്, പ്രവാസ ലോകത്ത് നിന്ന് കേരളാ ജൂനിയര്‍ ഫുട്​ബാൾ ടീമില്‍ ഇടം നേടുന്ന ആദ്യ കളിക്കാരനായി. 2017ല്‍ കേരള അണ്ടര്‍ 17 ടീമിനുവേണ്ടിയും കളിച്ച ശേഷം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ സ്‌കൗട്ട് ചെയ്ത് രണ്ടുമാസം പരിശീലനവും നേടി.

തുടര്‍ന്ന് എഫ്.സി ബാംഗ്ലൂരുവിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പിടുകയും ചെയ്തു. ഈ സമയം ജേക്കബ് 11ാം ക്ലാസില്‍ പഠിക്കുകയാണ്. കളി തുടരണമെന്നും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കാമെന്നും പറഞ്ഞത് അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീരജ് ഭാഗവത് ആണ്. 2017ല്‍ കര്‍ണാടക ബെരാരി അക്കാദമിയില്‍ ജോയിന്‍ ചെയ്യുകയും കളി തുടരുകയുമായിരുന്നു. ഒരു വിഷയത്തിലും തോല്‍ക്കാതെ 11, 12 ക്ലാസുകള്‍ വിജയിച്ച ജേക്കബ് അബൂദബി വിട്ട് ബംഗളൂരു സെന്‍റ് ജോസഫ്സ് കോളജില്‍ ബികോമിന് ചേര്‍ന്നു. ഇപ്പോള്‍ ബംഗളൂരു സ്പോര്‍ടിങ് ക്ലബ്ബിന്‍റെ ഫോര്‍വേഡായ ജേക്കബ്, ബംഗളൂരു സെന്‍റ് ജോസഫ്സ് കോളജ് ബികോം അവസാന വർഷ വിദ്യാര്‍ഥിയാണ്.

റിയാദ് കിങ് ഫഹദ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി കലാശപ്പോരില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മേഘാലയ തകരുമ്പോള്‍, കര്‍ണാടകയുടെ വിജയത്തിനു പിന്നില്‍ ജേക്കബ് ജോണ്‍ കാട്ടൂക്കാരനുമുണ്ടായിരുന്നു. സന്തോഷ് ട്രോഫി ഫുട്​ബാൾ ഫൈനല്‍ റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ കേരളം 1-0ന് കര്‍ണാടകയോട് തോല്‍ക്കുമ്പോഴും, ആ നിര്‍ണായക ഗോളിനു പിന്നിലും ജേക്കബ് ജോണ്‍ നെടുംതൂണായി. വിജയഗോളിലേക്ക്​ നയിച്ച ക്രോസ്​ വിരിഞ്ഞത്​ ജേക്കബിന്‍റെ ബൂട്ടിൽ നിന്നായിരുന്നു.

പ്രവാസികളായ ജോണ്‍ ലൂയി കാട്ടൂക്കാരന്‍റെയും സീമയുടെയും മകനാണ്. പൂനൈ ടി.സി.എസില്‍ ജോലി ചെയ്യുന്ന ഫ്രാന്‍സിസ് ജോണ്‍, അബൂദബി സെന്‍റ് ജോസഫ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി റോസലീന ജോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

അബൂദബി അല്‍ ഇത്തിഹാദ് അക്കാദമിയില്‍ എട്ടുവര്‍ഷത്തോളം പരിശീലനം നേടി മികച്ച കളിക്കാരനായി ജേക്കബ് ജോണ്‍ ശ്രദ്ധ നേടുമ്പോള്‍ ഏറെ അഭിമാനമുണ്ടെന്ന് അക്കാദമിയുടെയും കോട്ടയം ജില്ലാ ഫുട്​ബാൾ അസോസിയേഷന്‍റെയും പ്രസിഡന്‍റായ അറയ്ക്കല്‍ കമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Jacob's football world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.