ഡോ. വിസാസു
തിരുവനന്തപുരം: നാഗാലാൻഡ് സ്വദേശി വിസാസു കിക്കിക്ക് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. മെഡിക്കൽ പഠനത്തിന്റെ ഭാഗമായി 2013 ആഗസ്റ്റിൽ ആദ്യമായി കോഴിക്കോട് എത്തിയ അദ്ദേഹം ഒക്ടോബർ അവസാനത്തോടെ വേദനയും ഗൃഹാതുരതയുമായി കേരളം വിടും.
ഫുട്ബാൾ കളിയും സൈനിക സേവനവും ആഗ്രഹിച്ച എട്ടാം ക്ലാസുകാരന് തന്റെ ആദ്യ ട്രെയിൻ യാത്രയിൽ ഇടതു കാൽപത്തി നഷ്ടപ്പെട്ടതാണ് ജീവിതം മാറ്റിമറിച്ചത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സ്വപ്നങ്ങളെല്ലാം തകർന്ന് മാസങ്ങളോളം ആശുപത്രി കിടക്കയിൽ. സ്കൂളും കൂട്ടുകാരും പുസ്തകങ്ങളും മാറി ഡോക്ടർമാരും നഴ്സുമാരും മരുന്നുകളും മാത്രമായ ലോകം. മുത്തച്ഛൻ ഡാനിയേൽ കിക്കിയുടെയും ഡോക്ടർമാരുടെയും പിന്തുണയോടെ അവൻ കൃത്രിമ കാലിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നു. ആ ആശുപത്രി കിടക്കയിലാണ് ഡോക്ടറാകുക എന്ന പുതിയ സ്വപ്നത്തിന് ചിറകുമുളച്ചത്.
അഖിലേന്ത്യ പ്രവേശന പരീക്ഷ പാസായപ്പോൾ കേരളം തെരഞ്ഞെടുക്കാൻ കാരണം ഏറെയുണ്ടായിരുന്നു. കോഹിമയിൽ അയൽവാസികളായ മലയാളികൾ, ജോറ്റ്സോമയിലെ കോഹിമ സയൻസ് കോളജിൽനിന്ന് വിരമിച്ച കെമിസ്ട്രി അധ്യാപിക പെരിന്തൽമണ്ണ സ്വദേശി വിനീത..അങ്ങനെ നിരവധി പേരുടെ പ്രേരണ കേരളത്തിലെത്തിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.എസും പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേയുടെ കമ്പയിൻഡ് മെഡിക്കൽ സർവിസ് പരീക്ഷ ജയിച്ച് ഗുജറാത്തിൽ ജോലിയിൽ പ്രവേശിക്കാൻ തയാറായി കുമാരപുരത്തെ വസതിയിലാണ് വിസാസു ഇപ്പോൾ. നിപയുടെ ആദ്യവേളയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൗസ് സർജൻസി സേവനം വിവിധ ജില്ലകളിലെ പി.എച്ച്.സികളിലെ വൈദ്യസേവനവുമെല്ലാം ഭാഗ്യമെന്ന് കരുതി ഒരുകൂട്ടം മലയാളി കൂട്ടുകാരെയും നെഞ്ചേറ്റിയാണ് ആ മടക്കം.
‘ഫുഡി ഡോക്ടറെന്ന്’ സ്വയം വിശേഷിപ്പിക്കുന്ന വിസാസുവിന്റെ നാവിന് കോഴിക്കോട്ടെ നൈസ് പത്തിരിയും കോഴിക്കറിയും ഉൾപ്പെടെ കേരളത്തിലെ എരിവും പുളിയും മസാലയുമെല്ലാം സ്വാദേറും രുചിക്കൂട്ടാണ്. സന്തോഷത്തോടൊപ്പം നഷ്ടപ്പെടുന്നത് കേരളത്തിലെ ഈ രുചികൾ കൂടിയാണെന്ന് പറയുന്നു അദ്ദേഹം. കോഴിക്കോട് എത്തി മൂന്നാം വർഷം ഭാഷയും രുചിയും കാലാവസ്ഥയുമെല്ലാം വരുതിയിലാക്കി. ഒപ്പം അംഗവൈകല്യം അതിജീവിച്ച് മാരത്തൺ ഓട്ടംകൂടി കാൽക്കീഴിലാക്കിയതോടെ കൗമാരകാലത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ കായിക സ്വപ്നവും പൂവിട്ടു.
കാർഗിൽ ഹീറോ മേജർ ഡി.പി. സിങ് ആരംഭിച്ച അംഗവൈകല്യമുള്ളവർക്കുള്ള ‘ദി ചലഞ്ച്ഡ് വൺസ്’ (ടി.സി.ഒ) എൻ.ജി.ഒയുമായി ബന്ധപ്പെട്ട് കൊച്ചി മാരത്തണിൽ അഞ്ച് കിലോമീറ്റർ ദൂരം കീഴടക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ ആദ്യകാല പരിശീലന ദിവസങ്ങൾ കഠിനമായിരുന്നു. ഭാരമേറിയ കൃത്രിമകാൽ ഓട്ടത്തിന്റെ വേഗം കുറച്ചെങ്കിലും പിൻവാങ്ങിയില്ല. പിന്നീട് നിരവധി മാരത്തണുകൾ ഓടിത്തീർത്തു. കേരളത്തിലെ റെയിൽവേ ആശുപത്രികളിൽ ഏതിലെങ്കിലും നിയമനം ലഭിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന ഉറപ്പിൽ വിസാസു കേരളം വിടുകയാണ്; ‘ദ റിയൽ കേരള സ്റ്റോറി’യുമായി നിറഞ്ഞ മനസ്സോടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.