കരുവാരകുണ്ട്: കണ്ടുമുട്ടുന്ന എല്ലാവരെയും ചോദ്യങ്ങളുടെ ‘മുൾമുന’യിൽ നിർത്തി പൊതുവിജ്ഞാനം പരീക്ഷിച്ചിരുന്ന ഹംസാക്ക വിടവാങ്ങി. കരുവാരകുണ്ട് അയ്യപ്പൻകാവിലെ വാരിയത്തൊടി ഹംസ നാട്ടുകാർക്ക് കമ്പ്യൂട്ടർ ഹംസയാണ്. കമ്പ്യൂട്ടർ വ്യാപകമായി തുടങ്ങിയ കാലത്താണ് ഹംസക്ക് ഈ പേര് വന്നത്. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ആ നിമിഷം ഉത്തരം റെഡിയായിരുന്നു എന്നതാണ് കാരണം.
ദാരിദ്ര്യം മൂലം പ്രാഥമികവിദ്യാഭ്യാസം പോലും നേടാൻ കഴിയാതിരുന്ന ഹംസ ടാപ്പിങ്ങാണ് ജീവിതമാർഗമാക്കിയത്. ഒഴിവുവേളയിൽ അങ്ങാടിയിൽ ചെറിയ പെട്ടിക്കടയും നടത്തി. ഇവിടെയിരുന്ന് പത്ര വായന തുടങ്ങിയതാണ്. അഞ്ച് പത്രങ്ങളെങ്കിലും ഒരു ദിവസം വായിക്കും. ഇതുവഴി അദ്ഭുതകരമായ പൊതുവിജ്ഞാനമാണ് ഉണ്ടാക്കിയെടുത്തത്.
വിസ്മയാവഹമായിരുന്നു ഹംസയുടെ ഓർമശക്തി. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽപെടാത്തവർ നാട്ടിലുണ്ടാവില്ല. കുട്ടികളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും വരെ ചോദ്യങ്ങൾ നേരിട്ടു. ഉത്തരം പറഞ്ഞിരുന്ന കുട്ടികൾക്ക് മധുരം നൽകിയിരുന്ന ഹംസ, സ്കൂളിൽ ക്വിസ് മത്സര വിജയികൾക്ക് കാഷ് അവാർഡും സമ്മാനിച്ചിരുന്നു. മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടുമ്പോൾ പുഞ്ചിരിയോടെ ഉത്തരം ചോദിച്ചറിയുകയും ചെയ്തു.
മുൻ എം.എൽ.എ പി. ശ്രീരാമകൃഷ്ണൻ ഒരിക്കൽ കമ്പ്യൂട്ടർ ഹംസയുടെ പൊതുവിജ്ഞാന വൈഭവം നിയമസഭയിൽ പരാമർശിച്ചിട്ടുണ്ട്. ഉറച്ച കമ്യൂണിസ്റ്റായിരുന്നു ഹംസ. രക്തസാക്ഷികളുടെ ഓർമദിന പുലർകാലങ്ങളിൽ ഹംസ നടത്തിയിരുന്ന ഏകാംഗ പ്രഭാതഭേരി നാട്ടുകാർക്ക് കൗതുകമായിരുന്നു. നിരവധി പേരാണ് അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.