ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തൃശൂര്‍ കരിക്കാട് സ്വദേശി ലത്തീഫ് ആലിങ്ങലിന് കരുണ കരിക്കാടിന്റെ യാത്രയയപ്പ്
ദുബൈ: 38 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് തൃശൂര്‍ കരിക്കാട് സ്വദേശി ലത്തീഫ് ആലിങ്ങല്‍ നാട്ടിലേക്ക് മടങ്ങുന്നു. തുടര്‍ച്ചയായി നാലു പതിറ്റാണ്ടായി ‘ഡള്‍സ്കോ’ എന്ന കമ്പനിയിലായിരുന്നു ഇദ്ദേഹം. ഓഫിസ് അസിസ്റ്റന്റായും അക്കൗണ്ട്സ് എക്സിക്യൂട്ടിവായും കാഷ്യറായും സേവനം ചെയ്തിട്ടുണ്ട്. പേ റോള്‍ ഓഫിസറായി വിരമിക്കുന്ന ലത്തീഫ് സേവനം ചെയ്ത തസ്തികളിലെല്ലാം മികവുകാണിച്ചതിന് കമ്പനിയുടെ പ്രശംസയും ആദരവും നേടിയിരുന്നു. പ്രവാസ ജീവിതത്തിന്റെ തുടക്കത്തില്‍ ബര്‍ദുബൈയിലെ ബാച്ചിലേഴ്സിലായിരുന്നു താമസം.
പിന്നീട്, കുടുംബവുമൊത്ത് ഷാര്‍ജ അല്‍നഹ്ദയില്‍ പ്രവാസ ജീവിതം നയിച്ചു. പ്രവാസ ജീവിതത്തിന്റെ പര്യവസാനം ബര്‍ദുബൈയിലെ ബാച്ചിലേഴ്സ് റൂമില്നിന്നുതന്നെയാണ്. അടുത്ത ശനിയാഴ്ച നാട്ടിലേക്ക് പോകുന്ന ലത്തീഫിനെ കാണാനും ആശംസകള്‍ അറിയിക്കാനും സുഹൃത്തുക്കളും ഉറ്റവരുമായ ഒട്ടേറെ പേരാണ് എത്തുന്നത്. സുഖവും ദുഃഖവും പങ്കുവെച്ച പോയ വര്‍ഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് ലത്തീഫും സുഹൃത്തുക്കളും.
സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി ഉറ്റ സുഹൃത്തിനെ നാട്ടിലേക്ക് യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് സൗഹൃദവലയം. ജീവകാരുണ്യരംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കരുണ കരിക്കാടിന്റെ എക്സിക്യൂട്ടിവ് അംഗം കൂടിയാണിദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍: സഹല അജ്മല്‍, മുഹമ്മദ് ഷിയാഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.