തൊടുപുഴ: ഇടവെട്ടി നടയത്ത് ലത്തീഫിനും ഭാര്യ ജസീലക്കും തെരഞ്ഞെടുപ്പിലെ മത്സരം വീട്ടുകാര്യമാണ്. കാരണം ഇരുവരും ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളാണ്. സംസ്ഥാനത്ത് തന്നെ അപൂർവതയാണ് ദമ്പതികളുടെ മത്സരം. ഇടവെട്ടി പഞ്ചായത്ത് നാലാം വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ലത്തീഫ് മുഹമ്മദ് മത്സരിക്കുന്നത്. ചേർന്ന് കിടക്കുന്ന മൂന്നാം വാർഡായ ഗാന്ധിനഗറിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ് ഭാര്യ ജസീല.
ഇരുവരും പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റുമാരാണെന്നുള്ള പ്രത്യേകതയുമുണ്ട്. ജനപ്രതിനിധി പട്ടം ഇരുവർക്കും പുത്തരിയല്ല. കാൽനൂറ്റാണ്ടിനിടെ നാലുവട്ടം പഞ്ചായത്തിലും ഒരുവട്ടം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലും അംഗമായിരുന്നു ലത്തീഫ്. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ്-വൈസ് പ്രസിഡന്‍റ് പദവികളിലായി എട്ടുവർഷവും പ്രവർത്തിച്ചു.
നാലുതവണ മത്സരിച്ച ജസീലയാകട്ടെ മൂന്ന് തവണയും വിജയിച്ചു. രണ്ടര വർഷം പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കഴിഞ്ഞതവണ തൊണ്ടിക്കുഴ വാർഡിൽ പരാജയപ്പെട്ടു. നടയം വാർഡിൽ ടി.എം. മുജീബ് (സി.പി.എം), കെ.ജി. സന്തോഷ് (ബി.ജെ.പി), ജയകൃഷ്ണൻ പുതിയേടത്ത് (സ്വത.) എന്നിവരാണ് ലത്തീഫിന് എതിരാളികൾ. ഗാന്ധിനഗർ വാർഡിൽ സുബൈദ അനസ് (സി.പി.എം), തിലകം സത്യനേശൻ (ബി.ജെ.പി) എന്നിവരാണ് ജസീലയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.