മക്കി കി റൊട്ടി, സര്‍സൊ കാ സാഗ്, ചാച്ച്

വടക്കേയിന്ത്യന്‍ ഭക്ഷണ വിഭവങ്ങളിലേറെയും കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ളതാണ്. തണുപ്പുള്ളപ്പോള്‍ സുലഭമായി കിട്ടുന്ന പല പഴങ്ങളും പച്ചക്കറികളും ചൂടുകാലത്ത് കിട്ടാറില്ല. തിരിച്ചുമതേ. കാലാവസ്ഥകളുടെ മാറ്റം മാത്രമല്ല രുചികൂടി ചില ഭക്ഷണ വിഭവങ്ങളുടെ കോമ്പിനേഷന് അടിസ്ഥാനമാവുന്നു. ഈ കോമ്പിനേഷന്‍ തണുപ്പിന്‍റേതാകുന്നത് സാഗ് തണുപ്പ് സീസണിലേ കിട്ടുകയുള്ളൂ എന്നതുകൊണ്ടാണ്. സാഗ് എന്നാല്‍ ഇലക്കറികള്‍. സര്‍സൊ കടുകിലയാണ്. മക്കി ചോളപ്പൊടി. ഇതിനൊപ്പം തൈര് ഉപയോഗിച്ചുണ്ടാക്കുന്ന ചാച്ച് കൂടിയാവുമ്പോള്‍ രുചി പൂര്‍ണമാവുന്നു.

ചേരുവകൾ:

  • ചോളപ്പൊടി -500 ഗ്രാം
  • മുളകുപൊടി -അര ടേബ്ൾ സ്പൂണ്‍
  • മല്ലിപ്പൊടി -1 ടേബ്ൾ സ്പൂണ്‍
  • ശുദ്ധമായ നെയ്യ് -100 ഗ്രാം
  • തൈര് -250 ഗ്രാം
  • ഉപ്പ് -ആവശ്യത്തിന്
  • കടുകില -1 കിലോ
  • പാലക് ചീര -1 കിലോ
  • ഉലുവച്ചീര -500 ഗ്രാം
  • വാസ്തുചീര -500 ഗ്രാം
  • സോയ ഇല -250 ഗ്രാം
  • ഉള്ളി -300 ഗ്രാം
  • വെളുത്തുള്ളി -25 ഗ്രാം
  • ഇഞ്ചി -50 ഗ്രാം
  • പച്ചമുളക് -25 ഗ്രാം

ആദ്യം സാഗ് ഉണ്ടാക്കുന്ന വിധമാവാം

ഇലക്കറികളെല്ലാം കഴുകി വൃത്തിയാക്കി അരിഞ്ഞുവെക്കുക. വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും ഉള്ളിയുമെല്ലാം അരിഞ്ഞു വെക്കുക. ഒരു പ്രഷര്‍കുക്കറില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഇലകളെല്ലാം ഇട്ടശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവയില്‍നിന്ന് കുറച്ചെടുത്ത് ഇലകള്‍ക്കൊപ്പമിട്ട് ആവശ്യത്തിനുപ്പുമിട്ട് വേവിക്കുക. രണ്ടു വിസില്‍ മതിയാവും. ആവി പോയശേഷം കുക്കര്‍ തുറന്ന് അതിലേക്ക് രണ്ടു ടേബ്ള്‍ സ്പൂണ്‍ ചോളപ്പൊടി വിതറി നന്നായി ഇളക്കുക. പിന്നീട് ഈ കൂട്ട് മിക്സിയിലിട്ട് നന്നായി അരച്ചെടുത്ത് വീണ്ടും 15 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ചു ചൂടാക്കി അതില്‍ അരിഞ്ഞ വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന സാഗ് മുഴുവനുമിട്ട് ഇളക്കുക. സര്‍സൊ കാ സാഗ് തയാറായിക്കഴിഞ്ഞു.

ഇനിയുണ്ടാക്കേണ്ടത് മക്കി കി റൊട്ടി

ചോളപ്പൊടിയില്‍ അല്‍പം ഉപ്പിട്ട് ചൂടുവെള്ളത്തില്‍ കുഴച്ച് മാവാക്കണം. ഇരുകൈയിലും അല്‍പം എണ്ണപുരട്ടി കുറച്ച് വെള്ളവും തൊട്ട് അല്‍പം മാവെടുത്തുരുട്ടി കൈവെള്ളയില്‍ വെച്ചുതന്നെ വട്ടത്തില്‍ പരത്തിയെടുത്ത് ചൂടുതവയിലിട്ടു ചുട്ടെടുക്കണം. തിരിച്ചും മറിച്ചുമിട്ട് നന്നായി വേവിച്ച് നെയ്യ് പുരട്ടിയെടുക്കുന്നതോടെ മക്കി കി റൊട്ടി തയാര്‍. മാവ് ഇതേ മട്ടില്‍ത്തന്നെ പരത്തി തിളച്ച എണ്ണയിലിട്ട് പൂരിയും ഉണ്ടാക്കാം. ചൂടോടെ കഴിക്കണം മക്കി കി റൊട്ടി. അതുകൊണ്ട് റൊട്ടി തയാറാക്കുന്നതിനിടെ തന്നെ ചാജ് ഉണ്ടാക്കാം. തൈര് മിക്സിയിലിട്ട് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചു വെച്ചതിലേക്ക് ജീരകം എണ്ണയില്ലാതെ വറുത്തുപൊടിച്ചതിട്ട് ഇളക്കിയെടുത്താല്‍ ചാച്ച് ആയി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT