ക്രിസ്മസ് സ്പെഷ്യൽ കേക്ക്

ക്രിസ്മസ് ആഘോഷ രാവുകള്‍ മധുരകരമാക്കാൻ മനംമയക്കുന്ന കേക്കുകള്‍ വീട്ടിൽ തയാറാക്കാം. രുചികരമായ മൂന്നു കേക്കുകളുടെ കുറിപ്പുകൾ താഴെ വിവരിക്കുന്നു...

പൈനാപ്പിള്‍ കേക്ക്

ചേരുവകൾ:

  • മൈദ- കാല്‍ കിലോ
  • വെണ്ണ- കാല്‍ കിലോ
  • പൊടിച്ച പഞ്ചസാര- കാല്‍ കിലോ
  • പഞ്ചസാര- രണ്ട് ടേ.സ്പൂണ്‍
  • ചെറി രണ്ടായി കീറിയത്- അഞ്ചെണ്ണം
  • മുട്ട- നാല്
  • ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
  • പൈനാപ്പിള്‍ എസന്‍സ്- അര ടീസ്പൂണ്‍
  • ജാതിക്ക, പട്ട, ഗ്രാമ്പു പൊടിച്ചത്- ഒരു ടേബ്ൾ സ്പൂണ്‍
  • പൈനാപ്പിള്‍- അര മുറി

തയാറാക്കേണ്ടവിധം:
പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ച് കൂഞ്ഞ് കളഞ്ഞ് ഓരോന്നിലും ചെറിവെച്ച് നിരത്തണം. പൊടിച്ച പഞ്ചസാരയും വെണ്ണയും കൂടി നന്നായി തേച്ചു യോജിപ്പിക്കുക. ഇതില്‍ മുട്ടയുടെ ഉണ്ണിയിട്ട് തേക്കുക. ബേക്കിങ് പൗഡറും മൈദയും കൂടി അരിച്ചുവെക്കുക. വെണ്ണ തേച്ചതില്‍ മൈദ കുറേശ്ശ യോജിപ്പിക്കുക. രണ്ട് സ്പൂണ്‍ പഞ്ചസാര കരിച്ചത് ഈ കൂട്ടില്‍ ചേര്‍ത്ത് ഇളക്കിവെക്കുക. മുട്ടയുടെ വെള്ള പതപ്പിച്ചതും ചേര്‍ത്ത് എസന്‍സ് പൊടികളും ഇട്ട് ഇളക്കി പൈനാപ്പിളിന്‍റെ മുകളില്‍ ഒഴിച്ചുനിരത്തുക. പാത്രം ഫോയില്‍ പേപ്പര്‍കൊണ്ട് മൂടി ചൂടായ ഓവനില്‍വെച്ച് ബേക്കു ചെയ്തെടുക്കുക.

റവ കേക്ക്

ചേരുവകൾ:

  • റവ- ഒരു കപ്പ്
  • കടലമാവ്- ഒരു കപ്പ്
  • പഞ്ചസാര- നാലു കപ്പ്
  • മൈദ- ഒരു കപ്പ്
  • തേങ്ങ തിരുമ്മിയത്- ഒരു കപ്പ്
  • ഏലക്കാപൊടി- ഒരു ടീസ്പൂണ്‍
  • ജാതിക്കാപൊടി- ഒരു ടീസ്പൂണ്‍
  • നെയ്യ്- കാല്‍ കപ്പ്
  • എസന്‍സ്- ഒരു ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:
മൈദ, റവ, കടലമാവ് ഇവ പ്രത്യേകം പ്രത്യേകം നെയ്യില്‍ വറുക്കുക. റവയും തേങ്ങയും ചേര്‍ത്ത് അരച്ചെടുക്കുക. പഞ്ചസാര കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് പാവാക്കുക. അതില്‍ മൈദ, റവ, കടലമാവ്, തേങ്ങ അരച്ചത് ഇവ ചേര്‍ത്ത് ഇളക്കുക. വശങ്ങളില്‍നിന്ന് മിശ്രിതം വിട്ടുവരുമ്പോള്‍ ഏലക്കാപൊടി, ജാതിക്കാപൊടി, എസന്‍സ് ഇവ ചേര്‍ത്ത് ഇളക്കി നെയ്യ് പുരട്ടിയ ഒരു പാത്രത്തില്‍ പകരുക. ആറിയശേഷം മുറിച്ചെടുക്കുക.

ലൈറ്റ് ഫ്രൂട്ട് കേക്ക്

ചേരുവകൾ:

  • മൈദ- 250 ഗ്രാം
  • പൊടിച്ച പഞ്ചസാര- 250 ഗ്രാം
  • ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
  • ബട്ടര്‍- 250 ഗ്രാം
  • അണ്ടിപ്പരിപ്പ് നുറുക്കിയത്- 50 ഗ്രാം
  • മുന്തിരി- 50 ഗ്രാം
  • ഈന്തപ്പഴം- 50 ഗ്രാം
  • ഓറഞ്ചുപീല്‍- 50 ഗ്രാം
  • ഫ്രൂട്ടി- 50 ഗ്രാം
  • തേന്‍- രണ്ട് ടേബ്ൾ സ്പൂണ്‍
  • ഗ്രാമ്പു, പട്ട, ജാതിക്കാപൊടി- ഒരു ടീസ്പൂണ്‍
  • എസന്‍സ്- ഒരു ടീസ്പൂണ്‍
  • മുട്ട- നാലെണ്ണം

തയാറാക്കേണ്ടവിധം:
ഒരു പാത്രത്തില്‍ ബട്ടറും പഞ്ചസാരയും ഇട്ട് ഇലക്ട്രിക് ബീറ്റര്‍കൊണ്ട് നന്നായി അടിച്ചു യോജിപ്പിക്കുക. മുട്ട ഓരോന്നായി പൊട്ടിച്ച് ഇതില്‍ ഒഴിച്ച് അടിക്കുക. മൈദയും ബേക്കിങ് പൗഡറുംകൂടി അരിച്ചുവെക്കുക. മൈദയില്‍ അരിഞ്ഞ പഴങ്ങളിട്ട് ഇളക്കിവെക്കുക. മൈദ കുറേശ്ശ ബട്ടര്‍ കൂട്ടിലിട്ട് ഇളക്കി എസന്‍സും തേനും പൊടികളും ചേര്‍ത്തുവെക്കുക. ഒരു ബേക്കിങ് ട്രേയില്‍ നെയ്യ് പുരട്ടി മൈദ കുടഞ്ഞ് കൂട്ട് ഒഴിച്ച് നിരത്തുക. ചൂടായ ഓവനില്‍വെച്ച് അരമണിക്കൂര്‍ ബേക്കു ചെയ്തെടുക്കുക.

തയാറാക്കിയത്: സാബിറ ഹമീദ്

Tags:    
News Summary - xmas special cakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.