???? ???????? (????????? ?????????)

കുറ്റിച്ചിറയിലെ കോഴി നിറച്ചത്

കൂട്ടുകുടുംബങ്ങളുടെ സ്നേഹപ്പൊലിമയിൽ കോഴിക്കോ​ട്ടെ കുറ്റിച്ചിറ. ആ കുറ്റിച്ചിറയിൽ നിന്ന് ഭർത്താവ് നസീമിനൊപ്പം ജുമൈലത്ത് ഒമാനിലേക്ക് എത്തിയിട്ട് പത്തു വർഷം കഴിഞ്ഞു. ഈ റമദാനിൽ ഭർത്താവിന്‍റെ ഉമ്മയും കൂടെയുണ്ടെന്ന സന്തോഷത്തിലാണ് പാചകത്തിൽ ഏറെ കമ്പമുള്ള ജുമൈലത്ത്. ചെറുപ്പ കാലത്തെ ഇഷ്ടവിഭവം സമൂസയാണ്. അതില്ലാതെ ഒരു നോമ്പുതുറയും ഉണ്ടാകാറില്ല. ഒരു പക്ഷേ ആദ്യം ഉണ്ടാക്കാൻ പഠിച്ച വിഭവവും സമൂസ ആയിരിക്കും.

നോമ്പു കാലത്തെ ഒരോർമ്മ വീട്ടിലെ കുട്ടിപ്പട്ടാളത്തെ മുതിർന്നവർ ബീച്ചിലേക്ക് കൊണ്ടുപോകുന്നതാണ്. പലഹാരങ്ങളുടെ മണമടിച്ച് കുട്ടികൾ നോമ്പ് മുറിക്കാതിരിക്കാൻ കണ്ട സൂത്രപ്പണി. കുറ്റിച്ചിറയിലെ നോമ്പ് കാലത്തെ ഒരു പ്രത്യേകത മരുമകളുടെ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടു വരുന്ന ചടങ്ങായ "കോളു കൊണ്ടുവരൽ" ആണ്. നോമ്പിലെ ആദ്യ പത്തിൽ ബിരിയാണി, രണ്ടാമത്തെ പത്തിൽ കോഴി നിറച്ചത്, മൂന്നാമത്തെ പത്തിൽ പലഹാരങ്ങൾ. അങ്ങനെയാണ് നാട്ടുനടപ്പ്. ഇന്നു കോഴി നിറച്ചതിന്‍റെ പാചകവിധി പറഞ്ഞു തരുന്നു ജുമൈലത്ത്.

കോഴി നിറച്ചത്

ചേരുവകൾ:

  • ചെറിയ കോഴി -ഒരെണ്ണം (500, 600 ഗ്രാം) 
  • സവാള മൂന്നെണ്ണം -വലുത്
  • തക്കാളി -മൂന്ന് 
  • ഇഞ്ചി വെളുത്തുള്ളി പേസ്​റ്റ്​ -രണ്ടു ടേബ്ൾ സ്​പൂൺ വീതം 
  • മല്ലിപൊടി -മൂന്ന് ടേബിൾ സ്​പൂൺ  
  • മുളകുപൊടി -മൂന്ന് ടേബിൾ സ്​പൂൺ
  • മഞ്ഞൾപ്പൊടി -അര ടേബിൾ സ്​പൂൺ
  • ഷാഹി ഗരംമസാല -ഒരു ടേബിൾ സ്​പൂൺ 
  • ഉപ്പ് -പാകത്തിന് 
  • വെളിച്ചെണ്ണ -അര കപ്പ്
  • ജീരക പൊടി -1 ടീസ്​പൂൺ
  • കറിവേപ്പില -5, 6 തണ്ട് 
  • മല്ലിയില, പുതിന -കുറച്ച് 
  • അണ്ടിപ്പരിപ്പും കിസ്മിസും -കുറച്ച് 
  • പഞ്ചസാര -കുറച്ച്

തയാറാക്കുന്നവിധം:
തൊലി കളഞ്ഞു വൃത്തിയാക്കിയ കോഴിയെ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും തേച്ചു കുറച്ചു നേരം വെക്കുക. അതിനു ശേഷം രണ്ടു കോഴിമുട്ട പുഴുങ്ങിയത് കോഴിക്കുള്ളിൽ നിറച്ചു കാൽ രണ്ടും നൂലിട്ട് കൂട്ടികെട്ടിവെക്കുക. വെളിച്ചെണ്ണയിൽ ഉള്ളിയും തക്കാളിയും നന്നായി വഴറ്റുന്നതാണ് അടുത്തപടി. അതിലേക്ക്​ ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്​റ്റും ചേർത്ത് വഴറ്റി മഞ്ഞൾ, മുളക്, മല്ലി, ഗരം മസാല പൊടികൾ എല്ലാം ചേർക്കുക. 

നന്നായി മൂത്ത മണം വന്നാൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഇളക്കി ചിക്കൻ അതിൽ ചേർക്കുക. ഇനി മൂടിവെച്ച് ചെറിയ തീയിൽ വേവിക്കുക. ഇടയ്ക്കിടെ ചിക്കൻ മറിച്ച് ഇടണം. ഓരോ തവണയും തിരിച്ചിടുമ്പോൾ അൽപം ഗ്രേവി ചിക്കന്‍റെ  മുകളിലേക്ക് കോരി ഒഴിക്കുകയും വേണം. പല തവണ ഇങ്ങനെ ചെയ്യുമ്പോൾ ചിക്കനിൽ നല്ലപോലെ മസാല പിടിക്കും. ഇനി ചിക്കൻ ഒരു മുക്കാൽ വേവായാൽ ഗ്രേവിയിലേക്ക് കുറച്ച് പഞ്ചസാര ചേർക്കുക. രുചികൾ ഒന്ന് ക്രമീകരിക്കാൻ വേണ്ടിയാണിത്. കൂടെ അണ്ടിപ്പരിപ്പും കിസ്മിസും. 

കോഴി ഉടയാതെ കറി ഇളക്കുക. പാകമായാൽ മുകളിൽ കറിവേപ്പിലയും പുതിനയും മല്ലിയിലയും അരിഞ്ഞതും ഇട്ട് ഒരു അഞ്ച് മിനിറ്റ് കൂടി തീയിൽ വച്ച ശേഷം എടുക്കാം. ഇനി നല്ല ഭംഗിയായി അലങ്കരിച്ച് ഇഫ്താർ മേശയിലേക്ക് എടുത്തുവെച്ചാൽ മറ്റു വിഭവങ്ങളേക്കാൾ തലയെടുപ്പ് ഈ കോഴി നിറച്ചതിനു തന്നെ !

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - kuttichira kozhi nirachathu ramadan dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.