?????????? ?????????

പെരുന്നാളിനൊരു തലശ്ശേരി തനിമ

വയറും മനസും നിറക്കുന്നതാണ് തലശ്ശേരി രുചിപ്പെരുമ. നാടിന്‍റെ തനത് സ്വാദറിയിക്കുന്ന വിഭവങ്ങള്‍ ചെറിയ പെരുന്നാളിന് നമ്മുക്ക് ഒരുക്കാം...

1. ആട്ടിന്‍തല റോസ്റ്റ്

ചേരുവകൾ: 

  • ആട്ടിന്‍തല -ഒരെണ്ണം 
  • സവാള -400 ഗ്രാം (അരിഞ്ഞത്)
  • തക്കാളി -200 ഗ്രാം (അരിഞ്ഞത്)
  • പച്ചമുളക് -എട്ടെണ്ണം (അരിഞ്ഞത്)
  • ഇഞ്ചി -50 ഗ്രാം (ചതച്ചത്)
  • വെളുത്തുള്ളി -50 ഗ്രാം (ചതച്ചത്)
  • കറിവേപ്പില
  • മുളകുപൊടി -നാല് ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -മൂന്ന് ടീസ്പൂണ്‍
  • മല്ലിപ്പൊടി - ഒന്നര ടീസ്പൂണ്‍
  • കുരുമുളക് -ഒരു ടീസ്പൂണ്‍ (ചതച്ചത്)
  • ഗ്രാമ്പൂ- മൂന്നു കഷണം
  • കറുവപ്പട്ട -ഒരു കഷണം
  • ഗരംമസാല - ഒരു ടേബ്ള്‍സ്പൂണ്‍
  • മട്ടന്‍ മസാല- ഒന്നര ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • നെയ്യ് -ഒരു ടേബ്ള്‍സ്പൂണ്‍

തയാറാക്കുന്നവിധം: 
സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകു പൊടി, മട്ടന്‍ മസാല, ഗരംമസാല, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് തിളച്ച വെള്ളം എന്നിവ ചേര്‍ത്ത് ആട്ടിന്‍തല പ്രഷര്‍ കുക്കറിന്‍െറ വെയ്റ്റ് ഇട്ട് 15 മിനിറ്റ്/ മൂന്നു വിസില്‍ വേവിക്കുക. 10 മിനിറ്റിനു ശേഷം കുക്കര്‍ തുറന്ന് ആട്ടിന്‍തല 8-10 കഷണങ്ങളായി മുറിച്ച് മാറ്റിവെക്കുക. ചെറിയ ഉരുളിയില്‍ ഒരു ടേബ്ള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഗ്രാമ്പൂ, കറുവപ്പട്ട, കറിവേപ്പില  ഇട്ട് വഴറ്റുക. ഇതിലേക്ക് തയാറാക്കിവെച്ച മസാല ചേര്‍ത്ത് ഗ്രേവി കുറുകിവരുമ്പോള്‍ കഷണമാക്കിവെച്ച തല ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് നെയ്പ്പത്തില്‍, തേങ്ങാപ്പത്തില്‍, ചപ്പാത്തി എന്നിവക്കൊപ്പം വിളമ്പാം. 

2. തേങ്ങാപ്പത്തില്‍


ചേരുവകൾ:

  • പച്ചരി -500 ഗ്രാം (രണ്ടു മണിക്കൂര്‍ കുതിര്‍ത്തത്)
  • പൊന്നി അരി -150 ഗ്രാം (വേവിച്ചത്)
  • തേങ്ങ ചിരകിയത് -രണ്ടെണ്ണത്തിന്‍റേത്
  • തേങ്ങാപ്പാല്‍ -ഒരെണ്ണത്തിന്‍േറത്
  • നെയ്യ് -100 മില്ലി 
  • ഉപ്പ് -സ്വാദിന്

തയാറാക്കുന്നവിധം:
പച്ചരിയും പൊന്നി അരി ചോറും തേങ്ങാപ്പാലും ചേര്‍ത്ത് മിക്സിയില്‍ ദോശമാവുപോലെ അരച്ചെടുക്കുക. സ്വാദനുസരിച്ച് ഉപ്പ് ചേര്‍ക്കാം. ചെറിയ ദോശയുടെ വലുപ്പത്തില്‍ മാവൊഴിച്ച് മുകളില്‍ തേങ്ങ ചിരകിയതും നെയ്യും തൂകുക. അതിനു മുകളില്‍ വീണ്ടും മാവൊഴിക്കുക. രണ്ടു വശവും നന്നായി വേവിച്ചെടുക്കാം. 

3. കോഴി നിറച്ച് പൊരിച്ചത്

 

ചേരുവകൾ: 
  • കോഴി-ഒന്ന് (മുഴുവനോടെ കഴുകി വൃത്തിയാക്കിയത്)
  • മുളകുപൊടി-ഒന്നര ടേബ്ള്‍സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
  • മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍
  • കുരുമുളകുപൊടി-ഒരു ടീസ്പൂണ്‍
  • ഗരം മസാലപ്പൊടി -ഒരു ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  1. കോഴിയുടെ നെഞ്ചിന്‍റെ ഭാഗവും കാലും കത്തി കൊണ്ട് വരയുക. 
  2. കോഴിയില്‍ മസാലകള്‍ ചേര്‍ത്ത് യോജിപ്പിച്ച് 30 മിനിറ്റ് വെക്കുക. 

ഫില്ലിങ്ങിന് ആവശ്യമുള്ളത്:

  • മുട്ട പുഴുങ്ങിയത്-രണ്ടെണ്ണം
  • സവാള-ഒരെണ്ണം വലുത് നുറുക്കിയത്
  • വെളുത്തുള്ളി ചതച്ചത്-ഒരു ടേബ്ള്‍സ്പൂണ്‍
  • ഇഞ്ചി ചതച്ചത്-അര ടേബ്ള്‍സ്പൂണ്‍
  • പച്ചമുളക് നുറുക്ക് -രണ്ടെണ്ണ്ണം
  • കറിവേപ്പില-രണ്ടു തണ്ട്
  • മല്ലിയില-രണ്ട് ടേബ്ള്‍സ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിന് 
  • മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി-അര ടീസ്പൂണ്‍
  • നെയ്യ്-ഒരു ടേബ്ള്‍സ്പൂണ്‍

തയാറാക്കുന്നവിധം: 

  1. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടായാല്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴന്നുവന്നാല്‍ ഉപ്പും മുട്ടയും ചേര്‍ത്ത് യോജിപ്പിക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങുക. 
  2. മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കനിലേക്ക് തയാറാക്കിവെച്ച മസാല നിറക്കുക. ഒരു നൂല്‍കൊണ്ട് തുന്നുക. 
  3. ഒരു പാത്രത്തിലേക്ക് കോഴിയും ഒരു കപ്പ് തിളച്ച വെള്ളവും ഒഴിച്ച് മൂടിവെച്ച് ചിക്കന്‍ വേവിക്കണം (വെള്ളം വറ്റണം). 
  4. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ വേവിച്ച ചിക്കന്‍ ഇട്ട് വറുത്ത് കോരുക.

4. കല്ലുമ്മക്കായ ചോറ്


ചേരുവകൾ: 

  • കയമ അരി -രണ്ടു കപ്പ് 
  • നെയ്യ് -മൂന്ന് ടേബ്ള്‍സ്പൂണ്‍
  • എണ്ണ -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഗരം മസാല - (മുഴുവനും) ആവശ്യത്തിന്
  • തിളച്ച വെള്ളം -മൂന്നു കപ്പ്
  • ഉപ്പ് -ആവശ്യത്തിന്

കല്ലുമ്മക്കായ മസാല തയാറാക്കുന്നതിന്:

  • കല്ലുമ്മക്കായ -150 ഗ്രാം
  • ഇഞ്ചി, വെളുത്തുള്ളി -50 ഗ്രാം (ചെറുതായി നുറുക്കിയത്)
  • സവാള -ഒരെണ്ണം (അരിഞ്ഞത്)
  • തക്കാളി -ഒരെണ്ണത്തിന്‍െറ പകുതി (അരിഞ്ഞത്)
  • പച്ചമുളക് -രണ്ടെണ്ണം (ചതച്ചത്)
  • കശ്മീരി മുളകുപൊടി -ഒരു ടേബ്ള്‍സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
  • നെയ്യ് -ഒരു ടേബ്ള്‍സ്പൂണ്‍
  • കറിവേപ്പില, ഉപ്പ് -ആവശ്യത്തിന്

കല്ലുമ്മക്കായ റോസ്റ്റ് തയാറാക്കുന്ന വിധം:
ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നീ ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ക്കുക. കുറച്ച് സമയം വഴറ്റിയതിന് ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് മൂന്നു മിനിറ്റ് വഴറ്റുക. ഇതിലേക്ക്  വൃത്തിയാക്കിയ കല്ലുമ്മക്കായ ചേര്‍ത്തിളക്കി 10 മിനിറ്റ് വേവിക്കുക. ഗ്രേവി കുറുകിവന്നാല്‍ അടുപ്പില്‍നിന്ന് മാറ്റാം.

ചോറ് തയാറാക്കുന്നവിധം: 
അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യും എണ്ണയും ഒഴിച്ച് ചൂടായാല്‍ ഗ്രാമ്പൂ, പട്ട, അരക്കഷണം സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കഴുകി ഊറ്റിവെച്ചിരിക്കുന്ന അരി ചേര്‍ത്ത് ഇടത്തരം തീയില്‍ വറുക്കുക. തിളച്ച വെള്ളം ചേര്‍ത്ത് മൂടിവെച്ച് അഞ്ചു മിനിറ്റ് വേവിക്കുക. ശേഷം കല്ലുമ്മക്കായ മസാല ചേര്‍ത്ത് യോജിപ്പിച്ച് മൂടിവെച്ച് അഞ്ച്-ഏഴ് മിനിറ്റുകൂടി വേവിക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങുക. 10 മിനിറ്റു കഴിഞ്ഞ് പുതിന ചട്നി, റയ്ത, അച്ചാര്‍, പപ്പടം എന്നിവക്കൊപ്പം കല്ലുമ്മക്കായ ചോറ് വിളമ്പാം. 

5. മീന്‍ ആണം


ചേരുവകൾ: 

  • മീന്‍ -250 ഗ്രാം
  • സവാള -ഒരെണ്ണം ചെറുതായി നുറുക്കിയത്
  • വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂണ്‍
  • ഇഞ്ചി ചതച്ചത്- അര ടീസ്പൂണ്‍
  • പച്ചമുളക് -രണ്ടെണ്ണം
  • തക്കാളി -ഒന്ന്
  • തേങ്ങ ചിരകിയത് -അര കപ്പ്
  • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  • മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  • മല്ലിപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്
  • പെരുഞ്ചീരകം- കാല്‍ ടീസ്പൂണ്‍
  • എണ്ണ- രണ്ട് ടേബ്ള്‍സ്പൂണ്‍
  • കറിവേപ്പില -രണ്ടു തണ്ട്
  • വറ്റല്‍ മുളക് -രണ്ടെണ്ണം
  • ഉലുവ -കാല്‍ ടീസ്പൂണ്‍
  • ചെറിയ ഉള്ളി -നാലെണ്ണം

തയാറാക്കുന്നവിധം: 

  1. ചീനച്ചട്ടി ചൂടായാല്‍ അതിലേക്ക് ഒരു ടേബ്ള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക. പെരുഞ്ചീരകം, ചെറിയ ഉള്ളി, തേങ്ങ ചിരകിയത് എന്നിവയിട്ട് ഇളം ബ്രൗണ്‍നിറം ആവുന്നതുവരെ ചെറു തീയില്‍ വറുക്കുക (കൂടിപ്പോകരുത്). ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങുക. തണുത്തതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരക്കുക.
  2. മണ്‍ചട്ടിയില്‍ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായാല്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇട്ട് വഴറ്റുക. ശേഷം തക്കാളി ചേര്‍ത്ത് വാടിവന്നാല്‍ തേങ്ങയുടെ അരപ്പ് ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍കഷണങ്ങളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക.
  3. ഒരു ചീനച്ചട്ടിയില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ ഉലുവ ചേര്‍ക്കുക. ഇതിലേക്ക് വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് തീ ഓഫ് ചെയ്യാം.
  4. ഉലുവക്കൂട്ട് മീന്‍കറിയില്‍ ചേര്‍ത്ത് അടുപ്പില്‍നിന്ന് വാങ്ങാം.

6. നെയ്പ്പത്തില്‍ 


ചേരുവകൾ: 

  • പുഴുങ്ങലരി-രണ്ടു കപ്പ് (ഇളം ചൂടുവെള്ളത്തില്‍ ആറു മണിക്കൂര്‍ കുതിര്‍ത്തത്)
  • ചെറിയ ഉള്ളി -50 ഗ്രാം
  • ഏലക്ക -രണ്ടെണ്ണം
  • പെരുഞ്ചീരകം -ഒരു വലിയ സ്പൂണ്‍
  • തേങ്ങ -ഒരെണ്ണം ചിരകിയത്
  • ഉപ്പ് -ആവശ്യത്തിന്
  • വെള്ളം -ആവശ്യത്തിന്
  • ഓയില്‍ -വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്നവിധം: 

  1. കുതിര്‍ത്ത അരി വെള്ളം ഊറ്റി, ആവശ്യത്തിന് ഉപ്പ്, ചെറിയ ഉള്ളി, ജീരകം, ഏലക്ക, തേങ്ങ എന്നിവ ചേര്‍ത്ത് കട്ടിയായി, ഗ്രൈന്‍ഡറില്‍ ഇട്ട് തരുതരുപ്പായി അരക്കുക (പത്തിരിക്ക് പാകത്തിന്).
  2. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുക.
  3. ഒരു വാഴയിലയിലോ പ്ലാസ്റ്റിക് ഷീറ്റിലോ എണ്ണ തടവുക.
  4. തയാറാക്കിവെച്ച മാവില്‍നിന്ന് ഓരോ ഉരുളകളെടുത്ത് കൈകൊണ്ട് പരത്തി ചൂടായ എണ്ണയിലിട്ട് വറുത്തുകോരുക.

7. കായ്പോള


ചേരുവകൾ: 

  • നേന്ത്രപ്പഴം -മൂന്നെണ്ണം (പഴുത്തത്)
  • മുട്ട -ആറെണ്ണം
  • ഏലക്കപ്പൊടി -അര ടീസ്പൂണ്‍
  • പഞ്ചസാര -ആറ് ടേബ്ള്‍സ്പൂണ്‍
  • ഓയില്‍ -വറുക്കാന്‍ ആവശ്യത്തിന് 
  • പാല്‍പ്പൊടി -ഒരു ടേബ്ള്‍സ്പൂണ്‍
  • നെയ്യ് -ഒരു ടേബ്ള്‍സ്പൂണ്‍
  • അണ്ടിപ്പരിപ്പ് -10 എണ്ണം

തയാറാക്കുന്നവിധം: 

  1. നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കുക. 
  2. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ പഴം ചേര്‍ത്ത് ഇളംബ്രൗണ്‍ നിറമായാല്‍ വറുത്ത് കോരുക. 
  3. ഒരു ബൗളില്‍ മുട്ട, പഞ്ചസാര, പാല്‍പ്പൊടി, ഏലക്കപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത പഴം ചേര്‍ത്ത് യോജിപ്പിക്കുക. 
  4. ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടായാല്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് വറുത്തുകോരുക. 
  5. ആ പാത്രത്തില്‍ യോജിപ്പിച്ചുവെച്ച പഴം കൂട്ട് ഒഴിച്ച് വറുത്ത അണ്ടിപ്പരിപ്പ് മുകളില്‍ വിതറി, മൂടിവെച്ച ചെറുതീയില്‍ 15 മിനിറ്റ് വേവിക്കുക. മിനിറ്റിനുശേഷം വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി ആവശ്യമുള്ളരീതിയില്‍ മുറിച്ച് വിളമ്പാം. 

8. തുര്‍ക്കിപ്പത്തില്‍


ചേരുവകൾ: 

  • മൈദ -ഒരു കപ്പ്
  • നെയ്യ്- ഒരു ടേബ്ള്‍സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • വെള്ളം -കുഴക്കാന്‍ ആവശ്യത്തിന് 
  • ഓയില്‍ -വറുക്കാന്‍ ആവശ്യത്തിന്
  • മുട്ട പുഴുങ്ങിയത് -രണ്ടെണ്ണം

ഫില്ലിങ്ങിന് ആവശ്യമുള്ളത്:

  • മട്ടന്‍ കീമ-100 ഗ്രാം
  • സവാള -രണ്ടെണ്ണം ചെറുതായി നുറുക്കിയത്
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -ഒരു ടേബ്ള്‍സ്പൂണ്‍
  • പച്ചമുളക് - രണ്ടെണ്ണം (നുറുക്കിയത്)
  • കറിവേപ്പില -രണ്ടു തണ്ട്
  • മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി-അര ടീസ്പൂണ്‍
  • ഗരം മസാലപ്പൊടി -കാല്‍ ടീസ്പൂണ്‍
  • മല്ലിയില നുറുക്കിയത് -ഒരു ടേബ്ള്‍സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന് 
  • നെയ്യ് -ഒരു ടേബ്ള്‍സ്പൂണ്‍

തയാറാക്കുന്നവിധം: 

  1. മൈദ, നെയ്യ്, ഉപ്പ്, വെള്ളം ഒഴിച്ച് പൂരിക്കെന്നപോലെ മാവ് കുഴക്കുക. 
  2. ചീനച്ചട്ടി ചൂടായാല്‍ നെയ്യൊഴിച്ച് മുളകുപൊടി, മഞ്ഞള്‍പ്പൊടി, സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് മട്ടന്‍ കീമ, ഉപ്പ്, ഗരംമസാല ചേര്‍ത്ത് വെന്ത് വെള്ളമൊക്കെ വറ്റിയാല്‍ മല്ലിയില ചേര്‍ത്ത് വാങ്ങുക. 
  3. കുഴച്ചുവെച്ച മാവില്‍നിന്ന് ഒരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ ഉരുളയെടുത്ത് പൂരിയുടെ പരുവത്തില്‍ പരത്തിവെക്കുക.
  4. ഇതിന്‍െറ നടുഭാഗത്തായി മീറ്റ് ഫില്ലിങ് വെക്കുക. മുട്ടയുടെ പകുതി ഇതിന്‍െറ മുകളിലായിവെച്ച് കിഴിപോലെ ആക്കുക (മുകള്‍ഭാഗത്ത് വരുന്ന മാവ് മുറിച്ചുകളയുക).
  5. ചീനച്ചട്ടിയില്‍ ഓയിലൊഴിച്ച് ചൂടായാല്‍ തയാറാക്കിയ പത്തില്‍ ഇട്ട് വറുത്തുകോരുക. 

തയാറാക്കിയത്: സാജു സണ്ണി, എക്സിക്യൂട്ടീവ് ഷെഫ്, നീരായി ദ് ഒതന്‍റിക് തലശ്ശേരി കിച്ചൻ, ബീച്ച് റോഡ്, കോഴിക്കോട്.

Tags:    
News Summary - eid day dishes in thalassery taste festival food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.