മധുരപ്പച്ചടിക്കൊപ്പം കയ്പക്ക കിച്ചടി

ഓണം വരാനൊരു മൂലം വേണം എന്നാണു ചൊല്ല്. ഇന്ന് മൂലം നാള്‍. ഇന്നു നമുക്ക് പച്ചടിയും കിച്ചടിയും ആവാം. പൈനാപ്പിളിട്ട മധുരപ്പച്ചടി തന്നെ ആയ്ക്കോട്ടെ. ഇതു കോട്ടയത്തുകാരുടെ പച്ചടിയാണു കേട്ടോ. പേരുകേട്ട കിടങ്ങൂര്‍  മലമേല്‍ നീലകണ്ഠന്‍ നമ്പൂതിരി ഒരുക്കിയ ഒരു യുവജനോത്സവ സദ്യയില്‍ നിന്ന് ആദ്യം ഇതു രുചിച്ചതുമുതല്‍ ഞാന്‍ അതിന്‍െറ ആസ്വാദകയായി.

നേന്ത്രപ്പഴവും മത്തങ്ങയും പൈനാപ്പിളും അണ്ടിപ്പരിപ്പും കിസ്മിസും ഒക്കെയാണ് വേണ്ടത്. മൂത്തു മധുരമുള്ള മത്തങ്ങ നുറുക്കിയതും നേന്ത്രപ്പഴം അരിഞ്ഞതും കൂടി മഞ്ഞള്‍പ്പൊടിയും   മുളകുപൊടിയും ചേര്‍ത്തു വേവിക്കാന്‍ വയ്ക്കുക. പകുതി വേവാകുമ്പോള്‍ കറിവേപ്പിലയും പൊടിയായി അരിഞ്ഞ പൈനാപ്പിളും ചേര്‍ത്ത് കുറച്ച്   കഴിഞ്ഞാല്‍ അല്‍പം ശര്‍ക്കരപ്പാനി കൂടി ചേര്‍ക്കണം. വെള്ളം വറ്റിയ പാകത്തില്‍ അതിലേക്കു തേങ്ങ നന്നായി  അരച്ചതും ചതച്ച കടുകും കിസ്മിസും അണ്ടിപ്പരിപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചാല്‍ തീ അണക്കാം.

കടുകും മുളകും കറിവേപ്പിലയും വറുത്തിടുക കൂടി ചെയ്താല്‍ മധുരപ്പച്ചടി റെഡി (തേങ്ങ അരച്ചു കഴിഞ്ഞ് കുറച്ച് കടുക് ചേര്‍ത്ത് മിക്സിയുടെ ബൗളില്‍ ഒന്നു കറക്കി എടുത്താല്‍ മതി. കടുക് ചതച്ച പാകത്തില്‍ കിട്ടും. കടുകിന്‍െറ സ്വാദാണ് പച്ചടിയെ വ്യത്യസ്തമാക്കുന്നത്). ഇനി കിച്ചടിയുടെ കാര്യം. കിച്ചടിക്കു പാവയ്ക്കയോ (കയ്പക്ക) വെണ്ടക്കയോ ആണു പതിവ്. നമുക്ക് പാവയ്ക്ക എടുക്കാം. പാവയ്ക്കയും പച്ചമുളകും ചെറുതായി അരിഞ്ഞ് എണ്ണയില്‍ വറുത്തുകോരി ടിഷ്യൂ പേപ്പറില്‍ നിരത്തി എണ്ണ കളഞ്ഞു വെക്കുക.

തേങ്ങ അല്‍പം ജീരകവും ഒന്നു രണ്ടു  പച്ചമുളകും ചേര്‍ത്തു നന്നായി അരച്ചശേഷം അതില്‍ അല്‍പം കടുക് ചേര്‍ത്ത് ഒന്നു ചതഞ്ഞുകിട്ടുന്ന പാകത്തില്‍ അരയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിയാലുടന്‍  മുളകും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ഇറക്കിവെച്ച് ഇതിലേക്ക് അരപ്പും വറുത്തു വെച്ചിരിക്കുന്ന പാവയ്ക്കാ പച്ചമുളക് കൂട്ടും കുറച്ചു കറിവേപ്പിലയും ചേര്‍ത്തശേഷം വീണ്ടും പാന്‍ അടുപ്പില്‍വെച്ച് ചൂടായിവരുമ്പോള്‍ ഉടച്ച തൈരും ചേര്‍ത്ത്  വാങ്ങിവെക്കാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.