ആട്ടിന്‍ സൂപ്പും തല വരട്ടിയതും

തിരുവാതിര ഞാറ്റുവേലയിലും കര്‍ക്കടക മാസത്തിലും ആട്ടിന്‍ സൂപ്പ് കഴിക്കുന്ന പതിവ് മുമ്പ് മിക്ക കുടുംബങ്ങളിലും ഉണ്ടായിരുന്നു. ഇപ്പോഴും ഇത് തുടരുന്നവര്‍ ധാരാളം. ആരോഗ്യ പുഷ്ടിക്കാണിത്. ആട്ടിന്‍ സൂപ്പ് എന്ന് പറഞ്ഞാല്‍ കൈകാലുകള്‍ പാകപ്പെടുത്തി 1-2 ദിവസം, ആട്ടിന്‍െറ വാരിയെല്ല്, നട്ടെല്ല്, കഴുത്തെല്ല് എന്നിവ പാകപ്പെടുത്തി 2-3 ദിവസം, ആട്ടിന്‍തല വരട്ടിയെടുത്ത് 1-2 ദിവസം അങ്ങനെ ഏഴ് ദിവസം, ഒന്നുകൂടി ആവര്‍ത്തിച്ച് 14 ദിവസം എന്ന കണക്കിലാണ് കഴിക്കുന്ന പതിവ്. ഒരു സെറ്റ് ആട്ടിന്‍സൂപ്പ് കഴിച്ചു കഴിഞ്ഞാല്‍ ആരോഗ്യത്തോടെ ഊര്‍ജസ്വലനായി ജീവിക്കാം. ഇറച്ചിക്കടയില്‍ മുന്‍കൂട്ടി ഏല്‍പിച്ച് സമയാസമയം മേടിച്ച് സൂപ്പ് പാകപ്പെടുത്തിയെടുക്കാം. ആദ്യം ആടിന്‍െറ കൈകാലുകള്‍ കൊണ്ട് സൂപ്പ് തയാറാക്കാം.
ചേരുവകള്‍:

  1. ആടിന്‍െറ കൈകാലുകള്‍ ചെറുതായി മുറിച്ച് കഴുകി എടുത്തത് -1/2 കിലോ ഗ്രാം
  2. ചുവന്നുള്ളി തൊലി കളഞ്ഞത് -1 കപ്പ്
  3. ഇഞ്ചി അരിഞ്ഞത് -1 ടേബ്ള്‍ സ്പൂണ്‍
  4. വെളുത്തുള്ളി അരിഞ്ഞത് -1 ടേബ്ള്‍ സ്പൂണ്‍
  5. ഉപ്പ് -ആവശ്യത്തിന്
  6. നെയ്യ് -11/2 ടേബ്ള്‍ സ്പൂണ്‍
  7. കുരുമുളക് പൊടി -1 ടീസ്പൂണ്‍

പാകം ചെയ്യേണ്ടവിധം:
കുക്കറില്‍ ആടിന്‍െറ എല്ലും 8 ഗ്ളാസ് വെള്ളവും 2 മുതല്‍ 5 വരെ ഉള്ളവയും ചേര്‍ത്ത് അടുപ്പില്‍വെക്കണം. എല്ല് ചെറിയ കല്ലുരളില്‍വെച്ച് നന്നായി ചതച്ചെടുക്കുന്നത് നന്നായിരിക്കും. കുക്കറില്‍ ഒരു വിസില്‍ വന്ന് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ഫെ്ളയിമില്‍ 20-25 മിനിറ്റ് വെക്കണം. കുക്കര്‍ തുറന്ന് 2-2.5 ഗ്ളാസ് വെള്ളമാകുന്നതുവരെ വറ്റിക്കണം. മത്ത് കൊണ്ടോ കനമുള്ള തവി കൊണ്ടോ ചതച്ച് യോജിപ്പിച്ച് വലിയ കണ്ണുള്ള അരിപ്പയില്‍ ഊറ്റിയെടുത്ത് നെയ്യില്‍ ചുവന്നുള്ളി പൊടിയായി അരിഞ്ഞത് നെയ്യില്‍ മൂപ്പിച്ച് സൂപ്പ് കുരുമുളക് ചേര്‍ത്തിളക്കി ഇറക്കിവെക്കാം. ഇടനേരത്തോ ഊണിനോടൊപ്പമോ കഴിക്കാവുന്നതാണ്. പകുതി മാറ്റിവെച്ച് (വറത്തിടുന്നതിന് മുമ്പ്) ഫ്രിഡ്ജില്‍ അടച്ചു സൂക്ഷിച്ചാല്‍ പിറ്റേദിവസം ചൂടാക്കി വറവിട്ട് ഉപയോഗിക്കാവുന്നതാണ്.
അടുത്ത ദിവസം ആടിന്‍െറ വാരിയെല്ല്, നട്ടെല്ല്, കഴുത്തെല്ല് എന്നിവ ചതച്ചെടുത്ത് കുക്കറില്‍ സൂപ്പുണ്ടാക്കി രണ്ട് ദിവസമായി കഴിക്കാം.

ഇനി ആട്ടിന്‍ തലയുടെ കഴിക്കാന്‍ പറ്റിയ ഇറച്ചിയും എല്ലും തലച്ചോറും വെവ്വേറെ ആക്കിവെക്കണം. ഒരു കോഴിമുട്ടയും കുറച്ചു ചുവന്നുള്ളി അരിഞ്ഞതും കുരുമുളക് പൊടിയും കുറച്ച് ഉപ്പും തലച്ചോറും കൂടി അടിച്ചു പതപ്പിച്ച് ചിക്കിപൊരിച്ചെടുത്ത് കഴിക്കാം. എല്ല് ഭാഗം മുകളില്‍ പറഞ്ഞ അതേ രീതിയില്‍ സൂപ്പുണ്ടാക്കി ഒരു ദിവസത്തേക്ക് കണക്കാക്കി വറ്റിച്ച് വറവിട്ട് കഴിക്കാം.

ആട്ടിന്‍തലയുടെ ഇറച്ചിയുള്ള ഭാഗം കുറച്ച് മഞ്ഞള്‍പൊടി, ഉപ്പ്, രണ്ട് പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്ത് മയത്തില്‍ വേവിച്ചെടുക്കണം. ഒരു കപ്പ് ചുവന്നുള്ളി, രണ്ട് മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ നെയ്യില്‍ മൂപ്പിച്ച് 1 ടീസ്പൂണ്‍ കുരുമുളകും വേവിച്ച ഇറച്ചിയും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കണം. ഒന്ന് രണ്ട് ദിവസം ചോറിനോടൊപ്പമോ, ചപ്പാത്തി, പത്തിരി, അപ്പം തുടങ്ങിയവയുടെ കൂടെയോ കഴിക്കാവുന്നതാണ്.

ഇത് നാടന്‍ രീതിയിലുള്ള സൂപ്പ് പാകപ്പെടുത്തലാണ്. ഓരോരുത്തര്‍ക്കായി ഉണ്ടാക്കിയെടുത്ത് കഴിക്കുന്ന രീതി. കൂടുതല്‍ അളവെടുത്ത് കൂടുതല്‍ പേര്‍ക്ക് പാകപ്പെടുത്തി കഴിക്കാം. അല്‍പം കോണ്‍ഫ്ളോര്‍ ചുവന്നുള്ളിയോടൊപ്പം മൂപ്പിച്ച് സൂപ്പൊഴിച്ച് ഉണ്ടാക്കിയാല്‍ ഇന്നത്തെ രീതിയിലുള്ള കുറച്ചു കട്ടിയുള്ള സൂപ്പുണ്ടാക്കാം. മുകളില്‍ മല്ലിയില വിതറാം.

തയാറാക്കിയത്: ശാന്ത അരവിന്ദന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.