ഡിജിറ്റൽ യുഗത്തിൽ സെലിബ്രിറ്റികളുടെ ജീവിതം തുറന്ന പുസ്തകം പോലെയാണ്. സെലിബ്രിറ്റി എന്നാൽ സിനിമാ താരങ്ങൾ മാത്രമല്ല, ബിസിനസുകാർ, ഇൻഫ്ളുവൻസർമാർ, ഉയർന്ന പ്രൊഫൈലുള്ള വ്യക്തികൾ എന്നിവരും കൂടിയാണ്. അവരുടെ വ്യക്തിജീവിതം മുതൽ പ്രൊഫഷണൽ ജീവിതം വരെ പബ്ലിക് ഡൊമെയിനുകളിൽ ലഭ്യമാണ്. അവരുടെ അസാധാരണമായ ഒരു നോട്ടം പോലും പൊതു ചർച്ചകളിൽ വരികയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് പാപ്പരാസികളുടെ ഈ കാലത്ത്. ഈ രീതിയിൽ സെലിബ്രിറ്റികളെ സൂക്ഷ്മമായി പിന്തുടരുന്നത് ശരിയാണോ എന്നു ചോദിച്ചാൽ 'അല്ല' എന്നു തന്നെയാണ് ഉത്തരം. എന്നാൽ ആരാധകരെ കൈയിലെടുക്കാനും അവരെ നിരാശയിലേക്കും അസന്തുഷ്ടിയിലേക്കും തള്ളിവിടാതിരിക്കാനും വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാനും ശ്രദ്ധ ചെലുത്തുന്നത് സെലിബ്രിറ്റികളെ ദീർഘകാലം അവരുടെ കരിയറിൽ തിളങ്ങിനിൽക്കാൻ സഹായിക്കുന്നു. വിജയത്തിന്റെ പാതയിൽ നിരന്തരമായ മാർഗനിർദേശം അവർക്ക് ആവശ്യമാണ്. ഇവിടെയാണ് സെലിബ്രിറ്റി കോച്ചിങിന്റെ പ്രസക്തി.
എന്താണ് സെലിബ്രിറ്റി കോച്ചിങ്?
പ്രൊഫഷണൽ കോച്ചുകൾ നൽകുന്ന വ്യക്തിഗത മാർഗനിർദേശമാണ് ഇത്. സെലിബ്രിറ്റികളുടെ കരിയർ, വ്യക്തിജീവിതം, മാനസിക ആരോഗ്യം, പബ്ലിക് ഇമേജ് എന്നിവ മെച്ചപ്പെടുത്താൻ കോച്ചുകൾ പ്രത്യേക കോച്ചിങ് രീതി ഉപയോഗിക്കുന്നു. ഓരോ വ്യക്തിയുടെയും പ്രത്യേക സാഹചര്യവും ആവശ്യവും കണക്കിലെടുത്താണ് ഇത് തയ്യാറാക്കുന്നത്. സിനിമാ താരങ്ങൾക്ക് ഓരോ ദിവസവും ഒരു പുതിയ വെല്ലുവിളിയാണ് - അഭിനയം, പബ്ലിക് ഇമേജ്, മീഡിയാ റിലേഷൻസ് എന്നിവയെല്ലാം കൈകാര്യം ചെയ്യണം. ബിസിനസ് പ്രമുഖർക്ക്, മാർക്കറ്റ് മാറ്റങ്ങൾ, നിക്ഷേപ തീരുമാനങ്ങൾ, ലീഡർഷിപ്പ് എന്നിവയാണ് പ്രധാനം. ഇൻഫ്ളുവൻസർമാർക്ക്, സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ, കണ്ടന്റ് ക്രിയേഷൻ, ഫോളോവേഴ്സിന്റെ എൻഗേജ്മെന്റ് എന്നിവ നിരന്തരമായി നിരീക്ഷിക്കണം. ഉയർന്ന പ്രൊഫൈലുള്ള വ്യക്തികൾക്ക്, പൊതുജനങ്ങളുടെ വിധിന്യായം, പ്രൈവസി നഷ്ടം, സ്ട്രെസ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. ഇത്തരം സാഹചര്യങ്ങളിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടാണ്. കോച്ചിങ് ഇവിടെ ഒരു ലൈറ്റ്ഹൗസ് പോലെ പ്രവർത്തിക്കുന്നു. ഇത് വ്യക്തികളെ സ്വയം അവലോകനം ചെയ്യാനും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും ദൗർബല്യങ്ങൾ മറികടക്കാനും സഹായിക്കുന്നു.
കോച്ചിങിന്റെ ഗുണങ്ങൾ
വ്യക്തിഗത വികസനം: കോച്ചുകൾ വ്യക്തികളുടെ ശക്തികളും ദുർബലതകളും വിശകലനം ചെയ്ത്, വ്യക്തിഗത പ്ലാൻ തയ്യാറാക്കുന്നു. സിനിമാ താരങ്ങൾക്ക്, അവരുടെ അഭിനയ കഴിവുകൾ മെച്ചപ്പെടുത്താനും ബിസിനസുകാർക്ക് സ്ട്രാറ്റജിക് തിങ്കിങ് വികസിപ്പിക്കാനും ഇത്തരം പ്ലാൻ സഹായിക്കുന്നു. വൈകാരികമായ തീരുമാനങ്ങൾ എടുക്കാതിരിക്കാനും പബ്ലിക് ഇമേജിന് കോട്ടം തട്ടാതെ കാര്യങ്ങൾ ഡീൽ ചെയ്യാനും ഒരു മെന്ററെ പോലെ കോച്ച് പ്രവർത്തിക്കുന്നു.
സ്ട്രെസ് മാനേജ്മെന്റ്: ഉയർന്ന പ്രൊഫൈലുള്ള വ്യക്തികൾക്ക് ജീവിതം ദിവസവും സമ്മർദ്ദങ്ങൾ നിറഞ്ഞതാണ്. മൈൻഡ്ഫുൾനെസ്, മെഡിറ്റേഷൻ, വർക്ക്-ലൈഫ് ബാലൻസ് എന്നിവ പഠിപ്പിക്കാനും ശീലിക്കാനും കോച്ചിന്റെ സാന്നിധ്യം സഹായിക്കുന്നു. ഇൻഫ്ളുവൻസർമാർക്ക്, ട്രോളുകളെയും നെഗറ്റീവ് ഫീഡ്ബാക്കുകളെയും വ്യക്തിപരമായി എടുക്കാതെ ആരോഗ്യപരമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന് കോച്ച് പരിശീലിപ്പിക്കുന്നു.
കരിയർ അഡ്വാൻസ്മെന്റ്: കോച്ചുകൾ മാർക്കറ്റ് ട്രെൻഡുകൾ, നെറ്റ്വർക്കിങ്, ബ്രാൻഡിംഗ് എന്നിവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്നു. ഒരു ബിസിനസുകാരന് പുതിയ വെഞ്ച്വറുകൾ തിരഞ്ഞെടുക്കാൻ കോച്ചിങ് ഉപകാരപ്പെടുന്നു. ഇൻഫ്ളുവൻസർമാർക്ക് സമൂഹത്തിൽ ട്രെൻഡ് ആവാൻ സാധ്യതയുള്ള, എന്നാൽ പൊളിറ്റിക്കലി കറക്ടായ കണ്ടന്റുകൾ കണ്ടെത്താനും അവ നല്ല രീതിയിൽ ചെയ്യാനും കോച്ചിന്റെ മേൽനോട്ടത്തിലൂടെ സാധിക്കുന്നു.
മാനസികാരോഗ്യം: പല സെലിബ്രിറ്റികളും വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ പല മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. നിത്യജീവിതത്തിലെ സമ്മർദ്ദവും തിരക്കും തന്നെ കാരണം. കോച്ചിങ് ഇമോഷണൽ ഇന്റലിജൻസ് വികസിപ്പിക്കുന്നു. ഇത് പോസിറ്റീവ് മൈൻഡ്സെറ്റ് നൽകുന്നതോടൊപ്പം എത്ര തിരക്കിലായിരിക്കുമ്പോഴും സമാധാനത്തോടെയും സന്തോഷത്തോടെയും നിലനിൽക്കാൻ പരിശീലിപ്പിക്കുന്നു.
കോച്ചിങ് ഒരു പങ്കാളിത്ത പ്രക്രിയയാണ്. കോച്ചും ക്ലയന്റും പരസ്പരം ചർച്ച ചെയ്ത് പ്രശ്നങ്ങൾ കണ്ടെത്തുന്നു. ശേഷം ക്ലയന്റിന്റെ ഭാവി ലക്ഷ്യങ്ങളും ഇന്നത്തെ സാഹചര്യവും മനസ്സിലാക്കി കൃത്യമായ ഒരു പ്ലാൻ കോച്ച് തയ്യാറാക്കുന്നു. പബ്ലിക് സ്പീക്കിങ്, ഇന്റർവ്യൂകളും പ്രസംഗങ്ങളും എങ്ങനെ ഡീൽ ചെയ്യണം തുടങ്ങീ എല്ലാ കാര്യങ്ങളിലും ഉപദേശവും മാതൃകയും നൽകുന്നു. അതൊരു തുടർച്ചയായ പ്രക്രിയയായാണ് ചെയ്യുന്നത്. ഇൻഫ്ളുവൻസർമാർക്ക് സോഷ്യൽ മീഡിയ അൽഗോരിതം മനസ്സിലാക്കാനും അതിനനുസരിച്ച് എൻഗേജ്മെന്റ് വർധിപ്പിക്കാനും കോച്ചിന്റെ സഹായം ഉപയോഗപ്പെടുന്നു. ഉയർന്ന പ്രൊഫൈൽ വ്യക്തികൾക്ക് കോച്ചിങ് വ്യക്തിജീവിതത്തിലെ ബാലൻസ് നിലനിർത്തുന്നു. കുടുംബം, ഹോബികൾ, ആരോഗ്യം എന്നിവക്ക് സമയം കണ്ടെത്താനും പൊതുജീവിതത്തോടൊപ്പം സംതൃപ്തമായ ഒരു വ്യക്തിജീവിതവും ആസ്വദിക്കാനും കോച്ചിന്റെ സഹായം അതുല്യമായ സംഭാവനകൾ നൽകുന്നു.
ഹോളിവുഡിൽ ഓപ്ര വിൻഫ്രിയെ പോലുള്ളവർ കോച്ചിങിന്റെ ഗുണങ്ങൾ പ്രകീർത്തിച്ച് സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിൽ, പല ബോളിവുഡ് താരങ്ങളും ബിസിനസ് ടൈക്കൂണുകളും കോച്ചിന്റെ സേവനം തേടുന്നവരാണ്. സിനിമാ താരങ്ങളും ഇൻഫ്ളുവൻസർമാരും സെലിബ്രിറ്റി കോച്ചിങ് സേവനം ഉപയോഗിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാരണം, സെലിബ്രിറ്റി കോച്ചിങ് ആഡംബരമല്ല, മറിച്ച് ആവശ്യകതയാണ്. ഇത് വിജയത്തെ ദീർഘകാലം നിലനിർത്താനും വ്യക്തികളെ കൂടുതൽ വ്യക്തിത്വമുള്ളവരാക്കാനും സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.