പൂച്ചക്കുഞ്ഞിനു മുലയൂട്ടുന്ന പട്ടി
കൊടകര: പട്ടിയും പൂച്ചയും ബദ്ധവൈരികളാണെന്നാണ് പൊതുവേയുള്ള ധാരണ. പട്ടിയുടെ മുന്നിലേക്ക് പൂച്ചയെ പിടിച്ചിട്ടപോലെ എന്നൊരു ചൊല്ലുതന്നെയുണ്ട്. എന്നാല്‍ ഈ ധാരണയെ പൊളിച്ചെഴുതുകയാണ് മറ്റത്തൂര്‍ വാസുപുരത്തുള്ള എളയേടത്ത് രാധമ്മയുടെ വീട്ടിലെ പട്ടിയും പൂച്ചയും. അമ്മയും കുഞ്ഞുമായാണ് ഇവര്‍ ഈ വീട്ടില്‍ കഴിയുന്നത്. രാധമ്മയുടെ വീട്ടിലേക്ക് എവിടെ നിന്നോ എത്തിപ്പെട്ടതാണ് പെണ്പട്ടി. ഇതിനിടെ ഒരു പൂച്ചകുഞ്ഞും രാധമ്മയുടെ വീട്ടിലെത്തിപ്പെട്ടു. വിരുന്നുകാരിയായി എത്തിയ പൂച്ച വൈകാതെ വീട്ടിലെ ഒരംഗമായി മാറി.
രണ്ടുമാസം മുമ്പ് ഈ പെണ് പട്ടി പ്രസവിച്ചു. നാലുകുഞ്ഞുങ്ങളുണ്ടായിരുന്നു. വൈകാതെ പട്ടികുഞ്ഞുങ്ങളും പൂച്ചകുഞ്ഞും ചങ്ങാത്തത്തിലായി. പിന്നീട് പട്ടികുഞ്ഞുങ്ങളെ നാട്ടുകാരില്‍ ചിലരെത്തി വളര്‍ത്താനായി കൊണ്ടുപോയി. മക്കളെ കാണാതായതോടെ അമ്മ പട്ടിയുടെ വാത്സല്യം പൂച്ചക്കുഞ്ഞിന് ലഭിച്ചു. ആദ്യമൊക്കെ പൂച്ചക്കുഞ്ഞ് അടുത്തെത്തുമ്പോള്‍ മുരണ്ട് ദേഷ്യം പ്രകടിപ്പിച്ചിരുന്ന പട്ടി പിന്നീട് തന്റെ കുഞ്ഞിനെയെന്ന പോലെ പൂച്ചക്കുഞ്ഞിനെ സ്നേഹിക്കാനും മുലയൂട്ടാനും തുടങ്ങി. ഇപ്പോള്‍ പെണ്പട്ടിയുടെ മാതൃസ്നേഹം നുണഞ്ഞാണ് പൂച്ചക്കുട്ടി വളരുന്നത്. പട്ടിയും പൂച്ചയും തമ്മിലുള്ള അസാധാരണ ബന്ധം കണ്ട് വിസ്മയിക്കുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.