അബൂദബി: 33 വര്‍ഷക്കാലം ഒരേ മസ്ജിദില്‍ ജോലി ചെയ്ത്, അതേ പള്ളിയില്‍ മകനെ പകരക്കാരനാക്കി ഹംസ മദനി തെന്നല പ്രവാസത്തോട് വിട പറയുകയാണ്. പ്രവാസത്തിന്റെ 35 വര്‍ഷവും പള്ളികളില്തന്നെയായിരുന്നു ജോലി. ഇതില്‍, 33 വര്‍ഷക്കാലം അബൂദബി മുശ്രിഫിലെ അഹ്മദ് ഹാളിര് മുറൈഖി പള്ളിയില്‍ ജോലി ചെയ്യാന്‍ ഹംസ മദനിക്ക് അവസരം ലഭിച്ചു. നാട്ടിൽ കുറഞ്ഞ കാലം ദര്‍സ് നടത്തിയശേഷമാണ് അദ്ദേഹം പ്രവാസ ലോകത്തേക്ക് വന്നത്.
മുശ് രിഫിലെ പള്ളിയില്‍ മകന് മുഹമ്മദ് ഹസ്ബുല്ല ശാമില്‍ ഇര്‍ഫാനി കാമില്‍ സഖാഫിയെ പകരക്കാരനാക്കിയാണ് ഹംസ മദനി നാട്ടിലേക്ക് മടങ്ങുന്നത്. 1990 സെപ്റ്റംബര്‍ 19നാണ് ഹംസ മദനി യു.എ.ഇയില്‍ വിമാനമിറങ്ങിയത്. ജീവകാരുണ്യ സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം നിലവില്‍ ഐ.സി.എഫ് അബൂദബി റീജന്‍ ഡെപ്യൂട്ടി പ്രസിഡന്റ്, കാരന്തൂര്‍ മര്‍കസ് അബൂദബി പ്രസിഡന്റ്, കുണ്ടൂര്‍ അഹ്ബാബ് ഗൗസിയ അബൂദബി ഘടകം പ്രസിഡന്റ്, തെന്നല വെസ്റ്റ് ബസാര്‍ എസ്.വൈ.എസ് യു.എ.ഇ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
മലപ്പുറം ജില്ലയിലെ തെന്നല വെസ്റ്റ് ബസാര്‍ കുഞ്ഞുമുഹമ്മദ് എന്ന മാനു ഹാജിയുടെ മകനായ ഹംസ മദനി 63 വയസ്സ് പിന്നിടുമ്പോഴാണ് പ്രവാസത്തോട് വിടപറയുന്നത്. ഹജ്ജ് നിര്‍വഹിച്ചതും നിരവധി തവണ ഉംറ സംഘത്തിന്റെ അമീറാകാന്‍ സാധിച്ചതുമെല്ലാം പ്രവാസത്തിന്റെ നേട്ടമായി അദ്ദേഹം കാണുന്നു.
വീട് നിര്‍മിച്ചതും നാല് മക്കളെ പഠിപ്പിച്ച് ഉന്നതിയില്‍ എത്തിച്ചതുമെല്ലാം പ്രവാസത്തിന്റെ തണലിലാണ്. കാരന്തൂര്‍ മര്‍കസ് അബൂദബി ഘടകത്തിന്റെ ഉപഹാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നല്കി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, സിദ്ദീഖ് അന്‍വരി, മര്‍സൂക്ക് സഅദി, ഹംസ അഹ്സനി, ഉസ്മാന് സഖാഫി തിരുവത്ര, ഷാഫി പട്ടുവം തുടങ്ങിയവര്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തു. ഐ.സി.എഫ് മുറൂര്‍, മുശ് രിഫ് ഡിവിഷനുകള്‍, ഐ.സി.എഫ് അബൂദബി റീജന്‍, മലപ്പുറം ജില്ല എസ്.വൈ.എസ് അബൂദബി ഘടകം, ആര്.എസ്.സി അബൂദബി സിറ്റി കമ്മിറ്റി എന്നിവർ യാത്രയയപ്പ് നല്കി. തെന്നലയില്നിന്നുള്ള നാട്ടുകാര്‍ നല്കിയ യാത്രയയപ്പില്‍ പാലക്കണ്ണില് അബ്ദു, നെടുവണ്ണ മുത്തു, പി.സി അബ്ദുറഹ്മാന് തുടങ്ങിയര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.