സുബൈർ വധം: ഖബറടക്കം ഇന്ന്, പാലക്കാട് പൊലീസ് വലയത്തിൽ

പാലക്കാട്: കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറി​െൻറ മൃതദേഹം ഇന്ന് ഖബറടക്കും. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാവുന്നതോടെയാണ് ഖബറടക്കത്തിന്റെ സമയം നിശ്ചയിക്കുക. 12 മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു​കൊടുക്കു​മെന്നാണ് അറിയുന്നത്. തുടർന്ന്, വീടിനു സമീപം പൊതുദർശനത്തിനുവെക്കും.

ഇതിനിടെ, കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറാതിരിക്കാനായി കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഉള്‍പ്പടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വഷണ ചുമതല.

പ്രതികളെ കുറിച്ച് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്. കൃത്യം നടത്തിയതിന് ശേഷം ഇവർ, തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വിലയിരുത്തൽ. സുബൈർ കൊല്ലപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ച കാറ് നവംബര്‍ 15 ന് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിന് മുന്‍പെ തന്നെ ഈ കാറ് വര്‍ക് ഷോപ്പില്‍ കൊടുത്തിരുന്നുവെന്നാണ് സഞ്ജിത്തിന്റെ കുടുംബം പറയുന്നത്. ഈ കാറ് ഉപേക്ഷിച്ച ശേഷം മറ്റൊരു കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് സൂചന നൽകാനായിരിക്കാം കാർ ഉപേക്ഷിച്ചതിനു കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനുപുറമെ, കാറിന്റെ ടയറിനു കേടുപാടുകളുണ്ട്. ഇതും ഉപേക്ഷിക്കാൻ കാരണമായിരിക്കാം.  

Tags:    
News Summary - Zubair murder: in Palakkad police cordon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.