ലീഗ് തന്നെ അത്താണി! അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും

മലപ്പുറം: മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തുടരും. ബുധനാഴ്ച രാത്രി പാണക്കാടെത്തി അബ്ബാസ് അലി ശിഹാബ് തങ്ങളെയും മുനവ്വറലി തങ്ങളെയും അബ്ദുറഹ്മാൻ രണ്ടത്താണി കണ്ടു. ഇതിനു പിന്നാലെയാണു ലീഗിൽ തുടരുമെന്നു അബ്ദുറഹ്മാൻ രണ്ടത്താണി പ്രഖ്യാപിച്ചത്. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു മുതിർന്ന ലീഗ് നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണി.

എൽ.ഡി.എഫ് സ്വതന്ത്രനായി രണ്ടത്താണി മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. രണ്ടത്താണിയാവട്ടെ ഇക്കാര്യത്തിൽ കൃത്യമായി ഒന്നും പറയാൻ തയാറായില്ല. അബ്ദുറഹിമാൻ രണ്ടത്താണിയുമായി സി.പി.എം നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ വെളിച്ചത്തിൽ ബുധനാഴ്ച പാർട്ടി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. പി.ബി. അംഗം എ. വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. താനൂരിൽനിന്ന് മന്ത്രി വി. അബ്ദുറഹിമാൻ മാറുകയാണെങ്കിൽ താനൂരിലോ, അല്ലെങ്കിൽ തിരൂരിലോ രണ്ടത്താണിയെ നിർത്താമെന്ന ഓഫറാണ് സി.പി.എം മുന്നോട്ടുവെച്ചത്.

തിരൂരങ്ങാടിയിൽ സി.പി.ഐ, സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതിനാൽ, ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ ചർച്ച വേണ്ടിവരുമെന്നും സി.പി.എം അറിയിച്ചിരുന്നു. എന്നാൽ,യു.ഡി.എഫ് വിട്ടുവരുന്നത് സംബന്ധിച്ച് രണ്ടത്താണിയിൽനിന്നും വ്യക്തമായ ഉറപ്പ് പാർട്ടിക്ക് ലഭിച്ചിരുന്നില്ല. മാധ്യമങ്ങളോടുള്ള രണ്ടത്താണിയുടെ പ്രതികരണവും എവിടെയും തൊടാതെയുള്ളതായിരുന്നു. രണ്ടത്താണിയെ സ്വീകരിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിനുള്ളിൽ വിരുദ്ധ അഭിപ്രായവും ഉയർന്നുവന്നിരുന്നു.

ഇതിനിടെയാണ് അനിശ്ചിതത്വത്തിന് വിരാമമിട്ട് ബുധനാഴ്ച രാത്രി 11.30 ഓടെ രണ്ടത്താണി അബ്ബാസലി തങ്ങളെ വീട്ടിലെത്തി കണ്ടത്. തുടർന്ന് മുനവ്വറലി തങ്ങളുമായും കൂടിക്കാഴ്ച നടത്തി. എല്ലാവരെയും ചെർത്തു നിർത്തുമെന്ന സാദിഖലി തങ്ങളുടെ പ്രഖ്യാപനം ശിരസ്സാവഹിക്കുകയാണെന്ന് അബ്ദു റഹ്മാൻ രണ്ടത്താണി പ്രതികരിച്ചു.

പി.എം.എ സമീറിനെ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കിയാക്കിയതിനെതുടർന്നാണ് അബ്ദറഹിമാൻ രണ്ടത്താണി ലീഗ് നേതൃത്വമായി ഇടഞ്ഞത്. പാർട്ടി പ്രാദേശിക കമ്മിറ്റികൾ അറിയാതെയാണ് സമീറിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം എന്നായിരുന്നു രണ്ടത്താണിയുടെ വിമർശനം.

Tags:    
News Summary - Abdurahman Randathani will continue in the second league; Abbasali met them in Panakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.