തിരുവനന്തപുരം കാച്ചാണിയിൽ വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍റെ റോഡ്ഷോ
തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം. നെട്ടോട്ടത്തിൽ സ്ഥാനാർഥികൾ. കമീഷൻ നിശ്ചയിച്ച സമയക്രമ പ്രകാരം മാർച്ച് 23 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഈദുൽ ഫിത്വറും ഞായറാഴ്ചയുമായി രണ്ട് പൊതുഅവധി ദിനങ്ങളാണ് ഇതിനിടയിലുള്ളത്. ഫലത്തിൽ അവശേഷിക്കുന്നത് മൂന്ന് ദിവസം. പത്രിക സമർപ്പിക്കാൻ കൂടുതൽ സമയം ലഭിക്കാൻ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കണമെങ്കിൽ കേന്ദ്ര തെരഞ്ഞെുപ്പ് കമീഷൻ തീരമാനിക്കണം. രാഷ്ട്രീയ പാർട്ടികൾ ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. ഇതാണ് സ്ഥാനാർഥികളെ കുഴപ്പിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ പത്രികകൾ കുറ്റമറ്റ രീതിയിൽ തയാറാക്കാനും നിശ്ചിതസമയത്തിനകം വരണാധികാരിക്ക് സമർപ്പിക്കാനുമുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. ഇടതു മുന്നണി ഏറെക്കുറെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ഇനി നാല് സീറ്റുകളിലാണ് പ്രഖ്യാപനം അവശേഷിക്കുന്നത്. കോൺഗ്രസ് 40 ഓളം സീറ്റിൽ ബുധനാഴ്ച വൈകിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. വ്യാഴാഴ്ച പട്ടിക പൂർത്തിയായാലും അൽപമൊന്ന് വേഗത്തിൽ ഓടിയാലേ സമയത്ത് നടപടി പൂർത്തിയാക്കാനാകൂ.
പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, വരുംദിവസങ്ങളിൽ തന്നെ നൽകാനുള്ള തയാറെടുപ്പിലാണ് പലരും. സ്വത്ത് വിവരങ്ങൾ, ബാധ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കൽ, ക്രിമിനൽ കേസുകൾ സംബന്ധിച്ച സത്യവാങ്മൂലം തയാറാക്കൽ ഉൾപ്പെടെ പിടിപ്പത് ജോലികളാണ് പത്രികകയ്ക്കായി വേണ്ടത്.
ചെറിയ പിഴവ് സംഭവിച്ചാൽ പോലും പത്രിക തള്ളപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ സൂക്ഷ്മത വേണം. പലരും മണ്ഡലത്തിൽ എത്തിയിട്ടേയുള്ളൂ. വില്ലേജ് ഓഫിസുകളിൽനിന്നും ട്രഷറികളിൽനിന്നും ലഭിക്കേണ്ട രേഖകൾക്കായി സ്ഥാനാർഥികളുടെ പ്രതിനിധികൾ ഓട്ടത്തിലാണ്. പ്രധാന സ്ഥാനാർഥിയുടെ പത്രികയിൽ സാങ്കേതികമായ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ തിരിച്ചടിയാകാതിരിക്കാൻ ‘ഡമ്മി’ സ്ഥാനാർഥികളെ ഒരുക്കുന്ന തിരക്കിൽ കൂടിയാണ് രാഷ്ട്രീയ ക്യാമ്പുകൾ.
സിറ്റിങ് എം.എൽ.എ.മാരെ സംബന്ധിച്ച് നിയമസഭയിൽനിന്നുള്ള ബാധ്യതാരഹിത സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിൽ മറ്റൊരു കുരുക്ക് കൂടിയുണ്ട്. പ്രതിവർഷം എം.എൽ.എമാരുടെ വികസനഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും ഗ്രന്ഥശാലകൾക്കും നൽകാമെന്ന വ്യവസ്ഥയുണ്ട്. നിയമസഭാ പുസ്തകോത്സവത്തിൽനിന്നാണ് ഇവ വാങ്ങേണ്ടത്. എം.എൽ.എമാർ അധികവും ഈ സൗകര്യം ഉപയോഗപ്പെടുത്തി പുസ്തകം വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, എം.എൽ.എ നൽകിയ പുസ്തകങ്ങളുടെ പട്ടിക അതാത് സ്ഥാപനങ്ങൾ നിയമസഭയെ അറിയിക്കണം. 25ഓളം എം.എൽ.എമാരുടെ മണ്ഡലങ്ങളിൽനിന്ന് ഈ നടപടി പൂർത്തിയായിട്ടില്ല. സ്ഥാപനങ്ങളിൽനിന്ന് ഇവ നിയമസഭയിലെത്താനും നടപടികൾ പൂർത്തിയാക്കാനും കാലതാമസം നേരിടുന്നുണ്ട്. ഇതാണ് പല സിറ്റിങ് എം.എൽ.എമാരുടെയും നെഞ്ചിടിപ്പേറ്റുന്നത്.
തിരുവനന്തപുരം: പൊതുഅവധി ദിവസം നാമനിർദേശ പത്രിക സ്വീകരിക്കില്ലെന്നും കൃത്യസമയത്തും നിയമപരമായും പത്രികകൾ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. മാർച്ച് 23 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. എന്നാൽ, ഇതിനിടയിൽ ഈദുൽ ഫിത്വറും ഞായറുമുൾപ്പെടെ രണ്ട് പൊതു അവധി ദിവസങ്ങൾ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമീഷന്‍റെ സർക്കുലർ.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33(1) പ്രകാരം വരണാധികാരിക്ക് പൊതുഅവധി ദിവസങ്ങളിൽ പത്രികകൾ സ്വീകരിക്കാൻ അനുവാദമില്ല. 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രഖ്യാപിക്കപ്പെട്ട അവധി ദിവസങ്ങൾക്കാണ് ഇത് ബാധകമാകുന്നത്. പത്രിക സമർപ്പിക്കാൻ പരിമിതമായ സമയം മാത്രമേ ലഭ്യമാകൂ എന്നതിനാൽ, രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്ഥാനാർഥികൾക്ക് കൃത്യമായ നിർദേശം നൽകണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.