സ്വാശ്രയപ്രശ്നം: യുവമോര്‍ച്ചയുടെ നിയമസഭാമാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നിലത്തുവീണു പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരം ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

സ്വശ്രയപ്രശ്നത്തില്‍ ഇടതുവലതുമുന്നണികള്‍ നടത്തുന്നത് അഡ്ജസ്റ്റ്മെന്‍റ് നാടകമാണെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് യു.ഡി.എഫ് എം.എല്‍.എമാരുടെ സമരം. അവര്‍ക്ക് ഭരണപക്ഷത്തിന്‍െറ ഒത്താശ ആവോളം ലഭിക്കുന്നു. ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന യു.ഡി.എഫ് നേതാക്കള്‍ കോടികളുടെ കോഴയിടപാടിനെക്കുറിച്ചോ മാനേജ്മെന്‍റുകളുടെ കൊള്ളയെക്കുറിച്ചോ പ്രതികരിക്കുന്നില്ല. ഇതു ബോധപൂര്‍വമാണ്.

മാനേജ്മെന്‍റുകള്‍ക്കെതിരായ കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. ജനകീയ പ്രശ്നത്തില്‍ സമരം ചെയ്യുന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് യു.ഡി.എഫുകാര്‍ക്കുള്ളത്. ഈ കാപട്യം ജനം തിരിച്ചറിയും. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നിയമസഭയില്‍ അസത്യം വിളിച്ചുപറയുന്ന മന്ത്രി കെ.കെ. ശൈലജ ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവ്, ജില്ലാ പ്രസിഡന്‍റ് അനുരാജ്, ശിവന്‍കുട്ടി, സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടേറിയറ്റില്‍നിന്ന് പ്രകടനമായാണ് പ്രതിഷേധക്കാര്‍ നിയമസഭാകവാടത്തില്‍ എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് പാളയത്ത് തടഞ്ഞു. യുവമോര്‍ച്ച മാര്‍ച്ചിനെ തുടര്‍ന്ന് നഗരത്തില്‍ ഒരുമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Tags:    
News Summary - yuvamorcha march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.