പാചകവാതക പ്രതിസന്ധി: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: എൽ.പി.ജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ സാഹചര്യത്തെ നേരിടാന്‍ ഭക്ഷ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (ഐ.ഒ.സി, ബി.പി.സി.എൾ, എച്ച്.പി.സി.എൽ) യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തി. സിവില്‍ സപ്ലൈസ് കമീഷണറേറ്റിൽ ഇതിനായി വാർ റൂം സജ്ജമാക്കി. കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് മന്ത്രി ജി.ആര്‍. അനില്‍ കത്ത് നല്‍കി.

മുന്‍ഗണന ക്രമത്തിൽ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ/സുഭിക്ഷ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂൾ, കോളജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേർന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ ഓഫിസ് ക്യാമ്പസിലെ ക്യാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്‍കി വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ തയാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു. ഇതിലേക്ക് മുന്‍ഗണനക്രമത്തിൽ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും യോഗം തീരുമാനിച്ചു. ഐ.ടി മിഷ്യന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് എസൻഷ്യൽ കാറ്റഗറികളിൽപ്പെടുന്ന നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ പട്ടിക തയാറാക്കും.

പൊതുമേഖല ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക്, വരവ്, വിതരണം, നീക്കിയിരിപ്പ് അടക്കമുള്ള വിവരങ്ങൾ എല്ലാ ദിവസവും 11 മണിക്ക് മുമ്പായി ജില്ല ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഓയിൽ കമ്പനികൾ സ്വീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കായി ഒരു ഡാഷ്ബോർഡ് സംവിധാനം തയാറാക്കുന്നതിനായി ഐ.ടി മിഷനെ ചുമതലപ്പെടുത്തി. അത് സജ്ജമാകുന്നതുവരെ പൊതുവിതരണ വകുപ്പ് ലഭ്യമാക്കുന്ന ഗൂഗിൾ ഷീറ്റിൽ ഓയിൽ കമ്പനികൾ വിവരം ലഭ്യമാക്കും. കൂടാതെ, ബോട്ടിലിങ് പ്ലാന്റിന്റെ പ്രതിദിന ഉൽപാദനം, നീക്കിയിരിപ്പ് എന്നിവ സംബന്ധിച്ച വിവരം സംസ്ഥാന സിവിൽ സപ്ലൈസ് കമീഷണറുടെ കാര്യാലയത്തിലേക്ക് ദിവസേന മോണിറ്റർ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ലഭ്യമാക്കും. പ്രൈവറ്റ് ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് പൊസിഷൻ, വിതരണം എന്നിവ സംബന്ധിച്ച വിവരം എല്ലാ ദിവസവും താലൂക്ക് സപ്ലൈ ഓഫിസർമാർ ശേഖരിച്ച് വിശകലനം ചെയ്യും.

വാണിജ്യ ആവശ്യത്തിന് കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന സിലിണ്ടറുകൾ കൂടാതെ പരമാവധി 5 സിലിണ്ടറുകളിൽ കൂടുതൽ അധികമായി സംഭരിച്ച് സൂക്ഷിക്കാൻ പാടില്ലായെന്നും നിർദേശം നൽകി. അനധികൃതമായി ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവശ്യസാധനനിയമത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 84 ഗ്യാസ് ഏജന്‍സികളിലും 252 ഹോട്ടലുകളിലും പരിശോധന നടത്തി. അനധികൃതമായി വിതരണം ചെയ്ത 57 ഗ്യാസ് സിലിണ്ടറുകള്‍ കോട്ടയത്തും ഏഴെണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു. കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും കണ്ടെത്തി തടയാന്‍ അവധി ദിവസങ്ങളിലടക്കം സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധന നടത്താനും നിര്‍ദേശം നല്‍കി.

Tags:    
News Summary - War room operations started: Chief Minister and Food Minister hold meeting with petroleum and oil companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.