ഡിജിറ്റൽ റീസർവേ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതി: സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

തൃശൂർ: ഡിജിറ്റൽ റീസർവേ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി കണ്ടെത്തിയിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്. ഡിജിറ്റൽ റീസർവേക്ക് 339.44 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ സർക്കാറിനോടും റവന്യൂ വകുപ്പിനോടും വിജിലൻസ് ഡയറക്‌ടർ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും എടുക്കാൻ സർക്കാറും റവന്യൂ വകുപ്പും തയാറായില്ലെന്ന് ഷാജി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

സാങ്കേതിക വിദഗ്ധരെകൊണ്ട് കൂടുതൽ അന്വേഷണം നടത്തി നിയമ നടപടികൾ കൈകൊള്ളാൻ നിർദേശം കൊടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.ബി ഗംഗേഷ് വഴി ഹർജി കൊടുത്തിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി മൂന്നാഴ്ച്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ട‌റോട് നിർദേശിച്ചു. ഇതിനെ തുടർന്നാണ് വിജിലൻസ് ഇൻസ്പെക്‌ടർ ഹൈകോടതിയിൽ ബോധിപ്പിച്ച സത്യവാങ്മൂലത്തിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയ അഴിമതികളെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടികൾ കൈകൊള്ളാൻ വിജിലൻസ് ഡയറക്‌ടർ ആവശ്യപ്പെട്ടിരുന്നത്. 2024 ജൂലൈ 22ന് സർക്കാറിലേക്കും അഡീഷനൽ ചീഫ് സെക്രട്ടറി വിജിലൻസിനും 2024 ആഗസ്റ്റ് 12ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ, സർക്കാറും റവന്യൂ വകുപ്പും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് ആരോപിച്ചു.

വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഗുരുതര അട്ടിമറിയാണ് കണ്ടെത്തിയത്. യഥാർഥത്തിൽ ഡിജിറ്റൽ റീസർവേ പദ്ധതിപ്രകാരം അംഗീകാരം കിട്ടിയ പ്രകാരം ഉപകരണങ്ങൾ വാങ്ങുന്നതിന് 168 കോടി രൂപയാണ്. ടെണ്ടർ പ്രസിദ്ധപ്പെടുത്തിയ ശേഷമാണ് 343.13 കോടി രൂപയായി ഉയർത്തി ഉപകരണങ്ങൾ വാങ്ങിയത്. ടെണ്ടറിൽ 168 കോടി രൂപ അടങ്കൽ കാണിക്കുകയും തുടർന്ന് 343.68 കോടി വർധിപ്പിച്ച് ഉത്തരവ് ഇറക്കുകയും റീ വൈസ്‌ഡ് എസ്റ്റിമേറ്റ് ഉണ്ടാക്കി വാങ്ങേണ്ടതായ ഉപകരണങ്ങളുടെ തുക 289.5 കോടിയാക്കുകയും ചെയ്തുവെന്ന് വിജിലൻസ് കണ്ടെത്തി.

ആദ്യ എസ്റ്റിമേറ്റ് പ്രകാരം വാങ്ങുവാൻ ഉദ്ദേശിച്ച 1,000 ടാബ്‌ലെറ്റുകൾ ഒന്നിന് 17,000 രൂപയായിരുന്നു വില. അതിന്റെ ഘടന മാറ്റം വരുത്തി ഓരോന്നിനും 2.62 ലക്ഷം രൂപ വിലക്ക് 700 എണ്ണം അധികമായി 1,700 എണ്ണം വാങ്ങി. ആദ്യ എസ്റ്റിമേറ്റിൽ 17 കോടി രൂപയുടെ ടാബ് എന്നതിന് പകരം 47.94 കോടിയായി വർധിച്ചു. അതായത് 28 ഇരട്ടിയിലധികം വർധനവരുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ആദ്യ എസ്റ്റിമേറ്റിൽ ആർ.ടി.കെ മെഷീൻ ഒരു യൂനിറ്റിന് 11 ലക്ഷം രൂപയായിരുന്നു. 1000 എണ്ണം വാങ്ങുന്നതിന് 110 കോടി രൂപയാണ് തീരുമാനിച്ചത്. എന്നാൽ ഒരു യൂനിറ്റിന് 14.32 ലക്ഷം രൂപവെച്ച് 1000 എണ്ണത്തിന് 143 കോടി രൂപയായി വില വർധിപ്പിച്ചു. ഇ.ടി.എസ് വാങ്ങുന്നതിന് ആദ്യ എസ്റ്റിമേറ്റിൽ ഒരു യൂനിറ്റിന് എട്ട് ലക്ഷം രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. ആകെ 56 കോടി രൂപ എസ്റ്റിമേറ്റ് തുകക്ക് ആർ.ഇ.ടി.എസ് വാങ്ങാൻ തീരുമാനിച്ചതോടെ ഒരു എണ്ണം 14.03 ലക്ഷം രൂപ വെച്ച് 98.25 കോടിയായി തുക വർധിപ്പിക്കുകയാണുണ്ടായെതെന്നും കണ്ടെത്തി.

ആദ്യ എസ്റ്റിമേറ്റിൽ 168 കോടിയാണ് ടെണ്ടർ പരസ്യത്തിൽ കാണിച്ചിരുന്നത്. എന്നാൽ, ടെണ്ടർ പരസ്യത്തിലും ആദ്യ എസ്റ്റിമേറ്റിലും പറയാത്ത ഉപകരണങ്ങളുടെ വില വർധിപ്പിച്ച് എസ്റ്റിമേറ്റ് ഉണ്ടാക്കി പുതിയ ടെണ്ടർ വിളിക്കാതെ 289.5 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയത് ശരിയായ ടെണ്ടർ നടപടിയല്ലെന്ന് വിജിലൻസിൻ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായി. അതിനാൽ സർക്കാർ നടപടി സ്വീകരിക്കണെന്ന് അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

Tags:    
News Summary - Corruption in the purchase of digital survey equipment: Allegations that the government is not taking action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.