തൃശൂർ: സപ്ലൈക്കോയുടെ അനാസ്ഥ നെല്ല് സംഭരണം അവതാളത്തിലെന്ന് കർഷകർ. തൃശൂർ ജില്ലയിലെ പാടശേഖരങ്ങളിൽ കൊയ്ത്‌ത് പുരോഗമിക്കുമ്പോൾ നെല്ല് സംഭരണം തകിടം മറിഞ്ഞിരിക്കുകയാണെന്ന് പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും കൃഷി സംരക്ഷണ വികസന സമിതി പ്രസിഡൻറ് ഡോ. ജെയിംസ് ചിറ്റിലപ്പള്ളി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പറപ്പൂർ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള കാളിപ്പാടം 88 ഏക്കറും എടക്കളത്തൂർ പടിഞ്ഞാറെപ്പാടം 240 ഏക്കർ പാടശേഖരങ്ങളിലെ കൊയ്തെടുത്ത ലോഡ് കണക്കിന് നെല്ല് രണ്ടാഴ്‌ചയോളമായി പായ് മൂടിയിട്ടിരിക്കയാണ്. അതിനാൽ കൊയ്‌ത്ത് ഇടക്ക് വെച്ച് നിർത്തിവെച്ചിരിക്കയാണ്.
നെല്ല് സംഭരണത്തിന്റെ ചുമതല സപ്ലൈകോക്കാണ്. സപ്ലൈകോ കർഷകരിൽനിന്ന് നെല്ലെടുക്കാൻ മില്ലുടമകളെ ചുമതലപ്പെടുത്തി. കൊയ്ത്‌ത് കഴിഞ്ഞ് നെല്ലെടുക്കേണ്ട സമയത്ത് മില്ലുകാരുടെ പ്രതിനിധികൾ അതുവരെയില്ലാത്ത പുതിയ നിബന്ധനകൾ കർഷകന് മൂന്നിൽ വെച്ചു. ഇത്തരം വിലപേശലാണ് ഈ പ്രതിസന്ധിക്ക് കാരണം. കർഷകനെ മുൾമുനയിൽ നിർത്തുന്ന സാഹചര്യമാണ് മിൽ ഉടമകൾ സൃഷ്‌ടിക്കുന്നത്.
ഒരു ക്വിൻ്റൽ നെല്ല് സംഭരിക്കുമ്പോൾ അഞ്ച് കിലോ ഇളവ് വേണമെന്ന് മില്ലുകാർ ആവശ്യപ്പെടുന്നു. നേരത്തെ ഒരു കിലോ ഇളവാണ് നൽകിയിരുന്നത്. പതിവായി ആവശ്യത്തിന് ചാക്ക് നൽകിയിരുന്നു. ഇപ്പോൾ മില്ലുകാർ ചാക്ക് കർഷകൻ തന്നെ കൊണ്ടുവരണമെന്ന് ശാഠ്യം പിടിക്കുന്നു. ഒരു ചാക്കിന് 10 രൂപ കർഷകൻ നൽകണം. ഇതെല്ലാം മുൻ നിബന്ധനകൾക്ക് വിപരീതമാണ്.
കാർഷിക സർവകലാശാലയും, കൃഷിവകുപ്പും അംഗീകരിച്ച നെൽവിത്താണ് 'പൊന്മണി'. പറപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ അനുമതിയോടുകൂടിയാണ് കൃഷി ഇറക്കിയത്. പിന്നെ നെല്ല് എടുക്കാൻ എന്താണ് തടസമെന്നാണ് കർഷകരുടെ ചോദ്യം. നെല്ല് സംഭരണത്തിന് തടസമുണ്ടായപ്പോൾ തൃശൂർ കലക്‌ടർ, സപ്ലൈകോ, പാഡി മാർക്കറ്റിംഗ് ഓഫീസർ തുടങ്ങിയവർക്ക് കർഷകർ നിവേദനം നൽകി. നടപടിയുണ്ടായില്ല.
കാളിപ്പാടം കാൽ ഭാഗം പോലും കൊയ്തിട്ടില്ല. ഒരു ലോഡ് നെല്ല് പോലും പോയിട്ടില്ല. നല്ല ക്വാളിറ്റിയുളള നെല്ലാണ് പൊൻമണി. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണം. രണ്ടാഴ്ചയായി നെല്ല് കെട്ടിക്കിടക്കുകയാണ്. പൊൻണമി അക്ഷരാർഥത്തിൽ നല്ല നെല്ലാണ്. ഉമക്ക് കേട് വരും. കാളിപ്പാടം 90 ശതമാനം കൊയ്യാനുണ്ട്. മഴ പെയ്താൽ ഒരു കോടി നഷ്ടം വരും. എന്ത് ചെയ്യുമെന്നാണ് കർഷകരുടെ ചോദ്യം. നെല്ല് എടുക്കാൻ സംവിധാനം വേണമെന്നാണ് കർഷകരുടെ ആവശ്യം. മന്ത്രി ജി.ആർ. അനിൽ കർഷരുടെ വിലാപം കേൾക്കുന്നില്ലേ?
ജില്ല കൃഷി സംരക്ഷണ- വികസന സന സമിതി പ്രസിഡൻ്റ് ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, തോളൂർ പഞ്ചായത്ത് അംഗം ഡേവീസ് വടക്കൻ, പാടശേഖര സമിതിയംഗം പ്രമോദ് മാധവൻ, കർഷക പ്രതിനിധി ബൈജു ബാലൻ കുമ്മംകോട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.