കൂത്തുപറമ്പ്: നിയമസഭ തെരഞ്ഞടുപ്പിൽ കൂത്തുപറമ്പിൽനിന്ന് മത്സരിക്കാനില്ലെന്ന് കെ.പി. മോഹനൻ. രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം നേതൃയോഗത്തിലാണ് കെ.പി. മോഹനന്റെ പ്രഖ്യാപനം. പാനൂർ പൂത്തൂർ പി.ആർ. മന്ദിരത്തിലാണ് ആർ.ജെ.ഡി നേതൃയോഗം നടന്നത്. വിവിധ പഞ്ചായത്തുകളിൽനിന്നും 150 പ്രതിനിധികൾ പങ്കെടുത്തു. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
കെ.പി. മോഹനന്റെ സഹോദര പുത്രനും ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറിയുമായ പി.കെ. പ്രവീൺ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
അടുത്തദിവസം നടക്കുന്ന ആർ.ജെ.ഡി ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാക്കും. ദേശീയ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, ജില്ല കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്ന യോഗം തൃശൂർ പേൾ റീജൻസി ഹോട്ടലിലാണ് നടക്കുക.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. പിൻമാറ്റം മുമ്പ് തീരുമാനിച്ചതാമെന്നും കെ.പി. മോഹനൻ പ്രതികരിച്ചു. മണ്ഡലം കമ്മിറ്റികളിൽ തനിക്കെതിരെ വിമർശനങ്ങളുണ്ടായി എന്നത് തെറ്റായ വാർത്തയാണ്. വിമർശനങ്ങളുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പുകളിൽ യുവാക്കളുടെ സാന്നിധ്യം വരട്ടെയെന്നും അതിനായി മാറി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡിക്ക് എൽ.ഡി.എഫിൽനിന്നും വിചാരിച്ച രീതിയിലുള്ള പരിഗണന ലഭിച്ചിട്ടില്ലെന്നും അർഹമായ സീറ്റുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിഗണന ലഭിച്ചില്ലെന്ന കാരണത്താൻ മുന്നണി മാറ്റം ആലോച്ചിട്ടില്ല. മണ്ഡലം കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ മറ്റുള്ളവരെ പരിഗണിക്കണമെന്നും സ്ഥാനാർഥി ഞാനാവരുത്തെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.