സ്ഥാനാർഥി പട്ടികയിൽനിന്ന് വെട്ടി; വി.ടി. ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: ജില്ല പഞ്ചായത്ത് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ ഒഴിവാക്കിയ വിഷയത്തിൽ വി.ടി. ബൽറാമിനെതിരെ ഒരു വിഭാഗം യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ബൽറാം ഇടപെട്ടാണെന്നാണ് ഇവരുടെ പരാതി.

വി.ടി. ബൽറാം, സി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ കെ.പി.സി.സിയെ സമീപിച്ചതായാണ് വിവരം. ഗ്രൂപ്പിന്‍റെയും സമുദായത്തിന്റെയും പേരിൽ ഫാറൂഖിന് ബൽറാം പക്ഷം സീറ്റ് നിഷേധിച്ചതായി സമൂഹമാധ്യമങ്ങളിലും പ്രവർത്തകർ പറയുന്നുണ്ട്. എന്നാൽ, സ്ഥാനാർഥികളെ നിശ്ചയിച്ചത് ഐകകണ്ഠ്യേനയാണെന്നും യൂത്ത് കോൺഗ്രസിൽ അത്തരം പരാതികളില്ലെന്നും ജില്ല പ്രസിഡന്‍റ് കെ.എസ്. ജയഘോഷ് പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ​ആരോപണവുമായി മഹിള കോൺഗ്രസ് പാലക്കാട് ജില്ല ജനറൽ സെക്രട്ടറി പ്രീജ സുരേഷും രംഗത്തെത്തി. രാഹുൽ വ്യാജനാണെന്ന് പലരും പറഞ്ഞപ്പോഴും താൻ വിശ്വസിച്ചില്ല. എന്നാൽ, വ്യാജനാണെന്നത് അനുഭവത്തിലൂടെ തെളിയുകയാണെന്ന് അവർ പറഞ്ഞു. സീറ്റ് വാഗ്ദാനം ചെയ്തശേഷം നൽകാതെ തന്നെ ചതിച്ചു. ഉപതെരഞ്ഞെടുപ്പിൽ രാഹുലിനുവേണ്ടി ഏറെ പണിയെടുത്തു.

ഷാഫി പറമ്പിൽ രാഹുലിനെ പാലക്കാട്ട് മത്സരിപ്പിച്ചത് കുത്തക-ക്വാറി മുതലാളിമാർക്കുവേണ്ടിയായിരുന്നു. ലോബികളെ വളർത്താനായിരുന്നു ആ സ്ഥാനാർഥിത്വം. ഞങ്ങൾ അവർക്കുവേണ്ടി വെറുതെ അഹോരാത്രം പണിയെടുത്തു. പിരായിരിയിൽ പലയിടത്തും പണം വാങ്ങിയാണ് ജില്ല നേതൃത്വം സീറ്റ് നൽകിയത്. കൽപാത്തി രഥോത്സവ രാത്രിയായിരുന്നു കച്ചവടം ഉറപ്പിച്ചത് -പ്രീജ സുരേഷ് ആരോപിച്ചു. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽനിന്ന് സീറ്റ് നൽകാമെന്ന് തനിക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, മറ്റൊരാൾക്ക് നൽകിയെന്നും പ്രീജ സുരേഷ് പരാതിപ്പെട്ടു. നേരത്തെ ഇതേ വാർഡിലെ മെംബറായിരുന്നു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറുകൂടിയായ പ്രീജ സുരേഷ്.

Tags:    
News Summary - Youth Congress office bearers against V.T. Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.