വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന്​ ജീവിതകാലം മുഴുവൻ കഠിനതടവ്

കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനിയെ പ്രേമം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിക്ക് മരണം വരെ തടവും 1.6 ലക്ഷം രൂപ പിഴയും.16കാരിയായ കൂട്ടിയെ പീഡിപ്പിച്ച കേസിൽ കല്ലായി കപ്പക്കൽ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹർഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആർ. ദിനേഷ് കഠിനതടവ് വിധിച്ചത്. കുട്ടിക്ക് നേരിട്ട മാനസികാഘാതത്തിന് ലീഗൽ സർവിസസ് അതോറിറ്റി വഴി ഒരു ലക്ഷം രൂപ നഷ്​ടം നൽകണമെന്നും വിധിയിലുണ്ട്. പ്രതി പിഴയടച്ചാൽ ഒരു ലക്ഷം രൂപ ഇരക്ക്​ നൽകണം. വെള്ളയിൽ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

പ്രതിക്കെതിരെ സമാനമായ കേസ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്​റ്റേഷനിലും നിലവിലുണ്ട്. സ്കൂളുകൾക്ക് മുന്നിൽ ബൈക്കിൽ കറങ്ങി പെൺകുട്ടികളെ വലയിലാക്കുന്ന പ്രതി, കുട്ടിയുടെ വീട്ടിലാളില്ലാത്ത സമയം പീഡിപ്പിച്ചെന്നാണ് കേസ്. 2020 മേയ് ഒന്നിന് കുട്ടി ബാത്റൂമിൽ പ്രസവിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. അന്ന് ആശുപത്രി വഴി ലഭിച്ച പരാതിയിൽ ഡി.എൻ.എ പരിശോധനാഫലം അടക്കം കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്കിടയിലും 2021 മാർച്ചിൽ വിചാരണ പെട്ടെന്ന് ആരംഭിച്ച് വിധിപറയുകയായിരുന്നു.

കേസ് രജിസ്​റ്റർ ചെയ്ത് രണ്ടാം ദിവസം അറസ്​റ്റിലായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിനതടവ് വേറെയും വിധിച്ചു. വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറാണ് അന്വേഷിച്ചത്. കണ്ണൂർ ഫോറൻസിക് ഡി.എൻ.എ വിഭാഗം അസി. ഡയറക്ടർ അജേഷ് തെക്കടവനാണ് ഡി.എൻ.എ പരിശോധന നടത്തിയത്​. കേസിൽ ഇരയായ പെൺകുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ചു.

Tags:    
News Summary - Young man jailed for life for molesting student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.