കോട്ടയം: കെ.എസ്.ആർ.ടി.സി ബസിന്‍റെ ഹെഡ്ലൈറ്റ് അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായ യുവതിക്ക് ജാമ്യം. നഷ്ടപരിഹാരമായി 46,000 രൂപ കെട്ടിവെച്ചതോടെയാണ് പൊൻകുന്നം ചിറക്കടവ് പുളിക്കൽ വീട്ടിൽ സുലു ഇബ്രാഹിമിന് (26) ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് പൊതുമുതൽ നശിപ്പിച്ചത് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സുലുവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, തന്‍റെ കാറില്‍ ഇടിച്ചശേഷം കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പോവുകയായിരുന്നെന്ന് സുലു ആരോപിച്ചു. ഇത് ചോദ്യം ചെയ്ത തന്നെ ഡ്രൈവർ അസഭ്യം പറഞ്ഞു. രൂക്ഷമായായിരുന്നു ഡ്രൈവറുടെ പെരുമാറ്റം. ഇതാണ് പ്രകോപനത്തിന് കാരണം. തന്‍റെ ഭാഗത്ത് തെറ്റു സംഭവിച്ചതായി സമ്മതിക്കുന്നു. ബസ് ഡ്രൈവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് നൽകുമെന്നും സുലു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. സുലു സഞ്ചരിച്ചിരുന്ന കാറിന്‍റെ ഗ്ലാസിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് തട്ടി. ഇതേച്ചൊല്ലി ഡ്രൈവറും ഇവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, കാറിന്‍റെ ഡിക്കിയിൽനിന്ന് ജാക്കി ലിവർ എടുത്ത് ബസിന്‍റെ ഹെഡ് ലൈറ്റുകൾ ഇവർ അടിച്ചുപൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. കോടതി നിർദേശപ്രകാരമാണ് 46,000 രൂപ കെട്ടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.