കാട്ടാക്കട: പള്ളിപ്പുറത്ത് കാര്‍ അപകടത്തിൽപെട്ടപ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്നത് ബാലഭാസ്കര്‍ തന്നെയെന്ന് തൊട്ടുപിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. പൊന്നാനിയില്‍നിന്ന് തിരുവനന്ത പുരത്തേക്കുവന്ന ആര്‍.ടി.കെ 301ാം നമ്പര്‍ ബസ് ഡ്രൈവര്‍ വെള്ളറട സ്വദേശി അജിയുടേതാണ് മൊഴി.
കാര്‍ നിയന്ത്രണംവിട്ട് ഉഗ്രശബ്ദത്തോടെ മരത്തിലിച്ച് നിന്നതോടെ പിന്നാലെവന്ന അജി ബസ് നിര്‍ത്തി കാറിനരികിലേക്ക് ഓടി. സ്ഥലത്തെത്തിയ നാട്ടുകാരും ബസിലെ ചില യാത്രക്കാരുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. കാറിെൻറ ചില്ലുകള്‍ പൊട്ടിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം കുട്ടിയെയും രണ്ടാമത് ലക്ഷ്മിയെയുമാണ് പുറത്തെടുത്തത്.
ഈസമയം തന്നെ ഹൈവേ പൊലീസും സ്ഥലത്തെത്തി. ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്കറെ പുറത്തെടുത്തപ്പോൾ സ്ഥലത്ത് നിരവധിപേരും പൊലീസും ഉണ്ടായിരുന്നതായി അജി പറഞ്ഞു. 25ഒാളം യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ പകുതിയിലേറെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ സീറ്റിലിരുന്നത് ബാലഭാസ്കര്‍തന്നെയെന്ന് ബോധ്യപ്പെട്ടതായും അജി പറഞ്ഞു.
രാത്രി എട്ടിന് പൊന്നാനിയില്‍നിന്ന് തിരിച്ച് പുലര്‍ച്ചെ അഞ്ചോടെ എത്തുന്ന ബസ് സംഭവംദിവസം അഞ്ചേമുക്കാലിനാണ് തിരുവനന്തപുരത്തെത്തിയതെന്നും അരമണിക്കൂർ രക്ഷാപ്രവര്‍ത്തനം നടത്തിയതായും അജി മൊഴി നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി പൊന്നാനിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസാണ് അജി ഓടിക്കുന്നത്. രാത്രി യാത്രയില്‍ റോഡിലെ അപകടങ്ങള്‍ കാണുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്യാറുണ്ടെന്നും അജി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.