തിരുവനന്തപുരം: സ്വർണക്കടത്ത് അടക്കം നിരവധി വിഷയങ്ങളിൽ ആരോപണവിധേയനായ മലപ്പുറം മുൻ എസ്.പി സുജിത് ദാസിന്റെ സസ്പെൻഷൻ വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പിൻവലിച്ച ഇടതു സർക്കാരിന്റെ നടപടി ആർ.എസ്.എസ് വിധേയത്വത്തിന്റെ തുടർച്ചയാണെന്ന് എസ്.ഡി.പി.ഐ. ഇത് നിയമവാഴ്ചയെ പരിഹസിക്കലാണ്. സർവീസിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥനെ കുറിച്ച് നടക്കുന്ന അന്വേഷണം സുതാര്യവും സത്യസന്ധവുമായിരിക്കും എന്ന് വിശ്വസിക്കാൻ മാത്രം പൊതുജനം വിഡികളല്ല.
മലപ്പുറം എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. പി.വി. അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡി.ഐ.ജി അജിതാ ബീഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വകുപ്പുതല അന്വേഷണം പോലും പൂർത്തിയാകുന്നതിന് മുമ്പ് ധൃതിപിടിച്ച് നടത്തിയ സസ്പെൻഷൻ പിൻവലിക്കൽ സേനയിലുള്ള ചിലരുടെ വഴിവിട്ടപ്രവർത്തനങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നതാണ്.
സസ്പെൻഷൻ പിൻവലിക്കുന്നതിന് മുമ്പ് സുജിത് ദാസ് കുറ്റക്കാരനാണോ അല്ലയോ എന്നെങ്കിലും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്യം മുഖ്യമന്ത്രിക്കും സർക്കാരിനുമുണ്ട്. കേരളത്തിലെ ആഭ്യന്തര മന്ത്രിസ്ഥാനം ഒരു ആലങ്കാരിക പദവിയായി മാറി. കേന്ദ്ര ബിജെപി ഗവൺമെന്റാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നതെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.