അമ്പലപ്പുഴ: പാർട്ടിവിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരനെതിരെ പുന്നപ്ര പറവൂരിൽ സി.പി.എം ശക്തിപ്രകടനം. ആയിരങ്ങൾ അണിനിരന്ന ബഹുജന റാലിയിൽ വൈകാരിക മുദ്രാവാക്യം പ്രവർത്തകർ വിളിച്ചപ്പോൾ, നേതാക്കൾ സുധാകരനെതിരെ രൂക്ഷവിമർശനവും നടത്തി. ‘വർഗവഞ്ചകന് മാപ്പില്ല’ എന്ന ബാനറുമായാണ് പ്രതിരോധം തീർത്തത്.
സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് സുധാകരന്റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ വൈകാരിക മുദ്രാവാക്യങ്ങളുയർന്നു. സുധാകരന്റെ സഹോദരൻ ഭുവനേശ്വന്റെ രക്തസാക്ഷിത്വമടക്കം ഓർമിപ്പിച്ച് ‘ഭുവനേശ്വര അനശ്വരൻ’ എന്ന മുദ്രാവാക്യം മാർച്ചിലുടനീളം ഉയർന്നുകേട്ടു. സുധാകരന്റെ വീടിന് മുന്നിലെത്തിയപ്പോൾ മുദ്രാവാക്യത്തിന് ആവേശം കൂടി.
വിശദീകരണ യോഗം സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. മുൻ അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.സി.എസ്. സുജാത, എച്ച്. സലാം എം.എൽ.എ, ഏരിയ സെക്രട്ടറി സാംജി എന്നിവർ സുധാകരനെതിരെ രൂക്ഷവിമർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.