നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ശൈത്യകാല വിമാന സർവിസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ 2025 മാർച്ച് 29 വരെയാണ് പ്രാബല്യം. നിലവിലെ വേനൽക്കാല പട്ടികയിൽ ആകെ 1480 സർവിസാണുള്ളത്. വേനൽക്കാല പട്ടികയിൽ 1576 പ്രതിവാര സർവിസുകളാകും.
രാജ്യാന്തര സെക്ടറിൽ 26ഉം ആഭ്യന്തര സെക്ടറിൽ ഏഴും എയർലൈനുകളാണ് കൊച്ചിയിൽനിന്ന് പറക്കുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം പ്രതിവാര സർവിസ് അബൂദബിയിലേക്കാണ് -67. ദുബൈയിലേക്ക് 46ഉം ദോഹയിലേക്ക് 31ഉം സർവിസാണ് ഇവിടെനിന്നുള്ളത്. ശൈത്യകാല ഷെഡ്യൂൾ പ്രകാരം യു.എ.ഇയിലേക്കുള്ള മൊത്തം പ്രതിവാര സർവിസ് 134 ആണ്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 51 സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് പട്ടികയിൽ ഒന്നാമത്. ഇത്തിഹാദ് -28, എയർ അറേബ്യ അബൂദബി -28, എയർ ഏഷ്യ - എട്ട്, എയർ ഇന്ത്യ -17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് -14 വീതം എന്നിവയാണ് മറ്റ് പ്രമുഖ എയർലൈനുകൾ.
ആഭ്യന്തര സെക്ടറിൽ ബംഗളൂരു -112, മുംബൈ -75, ഡൽഹി -63, ചെന്നൈ -61, ഹൈദരാബാദ് -52, അഗത്തി -15, അഹമ്മദാബാദിലേക്കും കൊൽക്കത്തയിലേക്കും 14 വീതം, പുണെ -13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴുവീതവും സേലത്തേക്ക് അഞ്ച് സർവിസുമാണ് ശൈത്യകാല സമയക്രമത്തിലുള്ളത്. അന്താരാഷ്ട-ആഭ്യന്തര മേഖലകളിൽ ആഴ്ചയിൽ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.