തൃപ്രയാർ (തൃശൂർ): സി.പി.ഐയിൽനിന്ന് രാജിവെച്ച സി.സി. മുകുന്ദൻ എം.എൽ.എയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രദേശിക നേതാക്കൾ. കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തുറയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈൻ നാട്ടിക എന്നിവരാണ് എതിർപ്പറിയിച്ചത്.
‘താന്ന്യം മണ്ഡലത്തിലെ 19 വാർഡ് പ്രസിഡന്റുമാരെയും ബന്ധപ്പെട്ടിരുന്നു. മുകുന്ദനെ സ്ഥാനാർഥിയാക്കുന്ന കാര്യം അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. സിപിഐയിൽ നിന്നും വരുന്ന സ്‌ക്രാപ്പുകളെ എടുക്കേണ്ടന്നാണ് പലരും സംസാരിച്ചത്. ആ അർഥത്തിലാണ് നമ്മൾ ഇതിനെ കാണുന്നത്. അതേസമയം, പാർട്ടിയെ ധിക്കരിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകില്ല. പക്ഷേ വിയോജിപ്പ് ഞങ്ങൾ വ്യക്തമാക്കും’ -ആന്റോ തുറയിൽ വ്യക്തമാക്കി.
രണ്ട് എം.എൽ.എമാരും പ്രശസ്തരായത് വികസന പ്രവർത്തനത്തിലൂടെയല്ല. മകൾക്ക് സ്ത്രീധനം 300 പവൻ കൊടുത്തു എന്നതിലൂടെയാണ് ഗീത ഗോപി പ്രശസ്തയായത്. വീട്ടിൽ മഴവെള്ളം തട്ടി തെന്നിവീണാണ് മുകുന്ദൻ പ്രശസ്തനായത്. രണ്ടുപേരും ഇവിടെ വികസന പ്രവർത്തനം നടത്തിയിട്ടില്ല. ഇവിടെ നല്ല കോൺഗ്രസുകാർ ഒരുപാടുണ്ട്. സി.സി. മുകുന്ദൻ ഇല്ലെങ്കിലും കോൺഗ്രസിന് ഇവിടെ ജയിക്കാൻ കഴിയും. കൈപ്പത്തി ചിഹ്നത്തിൽ ജയിക്കുന്ന ഒരാൾ മത്സരിക്കണം’ -ഷൈൻ നാട്ടിക പറഞ്ഞു.
പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയിൽ സി.പി.ഐയുടെ സ്ഥാനാർഥി നിർണയത്തിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തത്. നിലവിലെ എം.എൽ.എ സി.സി. മുകുന്ദനെ തഴഞ്ഞ് മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതിൽ രോഷാകുലനായ മുകുന്ദൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗീതാ ഗോപിയെയും പാർട്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് രണ്ട് തവണ മാധ്യമപ്രവർത്തകരോട് സി.സി. മുകുന്ദൻ തുറന്നടിച്ചു. കഴിഞ്ഞ അഞ്ച് വർഷം നാട്ടികയിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ മുൻനിർത്തി വീണ്ടും മത്സരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം വരെ മുകുന്ദൻ കരുതിയിരുന്നത്. എന്നാൽ, ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതാണ് മുകുന്ദനെ ഞെട്ടിച്ചത്.
സംസ്ഥാന സെക്രട്ടറിയടക്കമുള്ള സി.പി.ഐ നേതാക്കളാരും തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മുകുന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണിൽ ബന്ധപ്പെട്ടു. സ്വതന്ത്രനായി മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണക്കാമെന്നാണ് ഇരുവരും അറിയിച്ചത്. സാമ്പത്തികമുള്ളവരെ തെരഞ്ഞുപിടിച്ചാണ് പാർട്ടി മത്സരിപ്പിക്കുന്നതെന്ന് മുകുന്ദൻ ആരോപിച്ചു.
മകൾക്ക് വിവാഹ സമ്മാനമായി 225 പവൻ സ്വർണം നൽകിയവരെയാണ് പാർട്ടിക്ക് വേണ്ടത്. ഒരു തവണ മാത്രം മത്സരിപ്പിച്ച് വൻ ഭൂരിപക്ഷം നേടി എം.എൽ.എയായി നാളിതുവരെയായി കാണാത്ത വികസനം നടത്തിയ പാവപ്പെട്ട തന്നെ രണ്ടാമതും മത്സരിപ്പിക്കാൻ പാർട്ടി തയാറാകുന്നില്ല. നേതാക്കളായ രണ്ട് പേരാണ് സീറ്റ് നിഷേധിക്കാൻ കാരണമായത്. പാർട്ടി സമ്മേളനത്തിലും തന്നെ ഇവർ വെട്ടി.
നവകേരള സദസ്സിലെ പദ്ധതി നടപ്പാക്കാത്തത് താൻ ചോദ്യം ചെയ്ത് വിമർശിച്ചതിന്റെ പേരിലാണ് തന്നെ ഒറ്റപ്പെടുത്തുന്നത്. പാർട്ടി ചേർപ്പ്, നാട്ടിക മണ്ഡലം കമ്മിറ്റികളിൽ ചിലർ തന്നെ തേജോവധം ചെയ്യുകയാണ്. ജില്ല എക്സിക്യൂട്ടിവിലും ജില്ല കൗൺസിലിലും രണ്ട് നേതാക്കൾ തനിക്ക് നേരെ തിരിഞ്ഞു. ഇവരുടെ പേര് പിന്നീട് വെളിപ്പെടുത്തും. അടുത്ത ദിവസം എം.എൽ.എ സ്ഥാനവും രാജിവെക്കും.
അതേസമയം, ബി.ജെ.പിയിലേക്ക് താൻ പോകുകയോ ഇവരുടെ സ്ഥാനാർഥിയാകുകയോ ചെയ്യില്ല. നാട്ടികയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചാൽ താൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലെ 125 ബൂത്തുകളിലെയും ജനങ്ങളോട് ബോധ്യപ്പെടുത്തുമെന്നും മുകുന്ദൻ പറഞ്ഞു.
മാധ്യമപ്രവർത്തകരെ എം.എൽ.എ ഓഫിസിൽ കണ്ടശേഷം മുകുന്ദൻ അടച്ചിട്ട മുറിയിൽ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരും കോൺഗ്രസ് നേതാവ് ശോഭ സുബിനുമായും ചർച്ച നടത്തി.
പാർട്ടി നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ചർച്ച നടത്തിയതെന്ന് ജോസ് വള്ളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ.ഡി.എഫിലെ ജീർണതയുടെ പ്രകടമായ അടയാളമാണ് മുകുന്ദനെ തഴഞ്ഞതിലൂടെ കണ്ടതെന്ന് ജോസ് വള്ളൂർ കുറ്റപ്പെടുത്തി.
വികസനമുരടിപ്പ് പറഞ്ഞാണ് സീറ്റ് നിഷേധിച്ചത്. നാട്ടികയുടെ വികസനത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രണ്ടാം തവണ മത്സരിപ്പിക്കാതെ മാറ്റിനിർത്തുകയായിരുന്നു. തൊഴിലാളിയും ചോർന്നൊലിക്കുന്ന വീട്ടിൽ പാവപ്പെട്ടവനായി കഴിയുന്നതുകൊണ്ടാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. അതേസമയം, മുകന്ദൻ സ്വന്തന്ത്രനായി വന്നാൽ യു.ഡി.എഫ് പിന്തുണക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് ജോസ് വള്ളൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.