മലപ്പുറം: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രവാസി വോട്ടർമാരുടെ വരവിൽ ആശങ്ക. നാട്ടിലേക്കുള്ള ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായതോടെ പാർട്ടികളും മുന്നണികളും നിരാശയിലാണ്. യു.ഡി.എഫ് ക്യാമ്പിലാണ് ആശങ്ക കൂടുതൽ. എസ്.ഐ.ആറിന് ശേഷം ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തിൽ ആകെയുള്ള 2,69,53,644 വോട്ടർമാരിൽ 2,23,558 പേർ പ്രവാസി വോട്ടർമാരാണ്. ഇതിൽ ഏറെയും മലബാർ മേഖലയിലാണ്.
അന്തിമ പട്ടിക അനുസരിച്ച് മലപ്പുറം ജില്ലയിൽ 39,501 പ്രവാസി വോട്ടർമാരാണുള്ളത്. പട്ടിക പുറത്തുവിട്ട ശേഷവും വോട്ട് ചേർക്കൽ തുടരുന്നതിനാൽ പ്രവാസി വോട്ടർമാരുടെ എണ്ണം ഇനിയും വർധിക്കും. 2.25 ലക്ഷമെത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി വോട്ടർമാരെ നാട്ടിലെത്തിച്ചിരുന്നു. ഇത്തവണയും ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോഴാണ് ഗൾഫിൽ സ്ഥിതി മാറിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ടിക്കറ്റ് ബുക്ക് ചെയ്ത് വോട്ടെടുപ്പിനോടടുപ്പിച്ച് നാട്ടിൽ വന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച് തിരിച്ചുപോകുന്ന പ്രവാസികളാണധികവും.
ഇത്തവണ ഈദുൽ ഫിത്വർ, വിഷു, നാട്ടിലെ മധ്യവേനലവധി, തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽകണ്ട് ഈ സമയം നാട്ടിലെത്താൻ ഒരുക്കം നടത്തിയവരുമേറെയാണ്. എന്നാൽ, യുദ്ധം കാരണമുണ്ടായ പ്രതിസന്ധി എല്ലാം താളംതെറ്റിച്ചു. വിമാനങ്ങളില്ലാത്തതും സർവിസ് നടത്തുന്ന വിമാനങ്ങളിലെ വർധിച്ച ടിക്കറ്റ് നിരക്കും കാരണം പ്രവാസികൾ എത്തില്ലെന്ന ആശങ്കയിലാണ് മുന്നണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.