ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കൽ: ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിൽ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അതീവ ഗൗരവമുള്ള കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം പ്രവർത്തകരായ ശ്രീജിത്ത്, അനിൽ, അമൽ, ദിനകർ, വിജയ്, ഷിജോ സലിം, നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ പത്ത് പേരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. 10, 11 പ്രതികളായ ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സന്തോഷ് കുമാര്‍ വാദിച്ചു. ഇ.ഡി ഉദ്യോഗസ്ഥർ അവരുടെ ജുഡീഷ്യല്‍ അധികാരത്തിന്‍റെ ഭാഗമായാണ് പരിശോധനക്ക് എത്തിയതെന്നും അതിനെയാണ് പ്രതികള്‍ തടഞ്ഞതെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ വാദിച്ചു. 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് വാഹനം അടിച്ചു തകർക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ട് ആക്രമണമുണ്ടായത്. കേസിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. 


Tags:    
News Summary - Attack on ID officials Bail plea of ​​seven accused rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.