ആഭ്യന്തര വകുപ്പിന് അതൃപ്തി; നിതിൻരാജിന്‍റെ മരണം അന്വേഷിക്കാൻ പുതിയ സംഘം

തിരുവനന്തപുരം: ബി.ഡി.എസ് വിദ്യാർഥി നിതിൻരാജിന്‍റെ മരണത്തെക്കുറിച്ച് പുതിയ സംഘം അന്വേഷിക്കും. എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഐ.ജി അജിതാബീഗത്തിന്‍റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിയാണ് ആഭ്യന്തര വകുപ്പ് പുതിയ സംഘത്തെ നിയോഗിച്ചത്. നിലവിലെ അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. പ്രതിക്ക് ജാമ്യം ലഭിക്കാനുൾപ്പെടെ അന്വേഷണസംഘത്തിന്‍റെ നിലപാട് കാരണമായെന്നാണ് വിലയിരുത്തൽ.

അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി നിതിന്‍റെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റിലായ മുഖ്യപ്രതി ഡോ. റാമിനെ കോടതി ജാമ്യത്തിൽ വിടുന്ന സാഹചര്യമുണ്ടായത്. ഈ വീഴ്ചയിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തിയാണുള്ളത്. വിവാദമായ കേസില്‍ ഏറെ ദിവസങ്ങള്‍ക്ക് ശേഷം കസ്റ്റഡിയിലെടുത്ത, സുപ്രീംകോടതി വരെ ജാമ്യാപേക്ഷ തള്ളിയ പ്രതിയെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചതിലാണ് വകുപ്പിന് അതൃപ്തി.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. റാമിന് കോടതി ജാമ്യം നൽകിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി റവഡ ചന്ദ്രശേഖറോട് റിപ്പോര്‍ട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനോട് വിശദീകരണം തേടിയ ശേഷം ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കും. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

Tags:    
News Summary - New team to investigate Nithinraj's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.