തമിഴ്നാട്ടിലെ ചിന്നമണ്ണൂർ മാർക്കറ്റിൽ നിന്നുള്ള ദൃശ്യം
തൊടുപുഴ: ജലലഭ്യത കുറഞ്ഞതിനെ തുടർന്ന് തമിഴ്നാട്ടിലെ പ്രധാന കാർഷിക മേഖലകൾ വരണ്ടുണങ്ങുന്നത് ഓണവിപണിയെ ആശങ്കയിലാക്കുന്നു. പച്ചക്കറി കൃഷിയടക്കം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ ഇത്തവണ ഉൽപാദനക്കുറവ് മലയാളികളെ കാര്യമായി ബാധിച്ചേക്കും.
കാലാവസ്ഥ വ്യതിയാനവും മഴ കുറഞ്ഞതും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നതുമാണ് തമിഴ്നാട്ടിലെ പച്ചക്കറി കർഷകരെ ബാധിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കർഷകർക്ക് കൃഷിക്കുള്ള ജലം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് സാരമായി കുറഞ്ഞതോടെ തമിഴ്നാട് എടുക്കുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു.
മധ്യ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറി എത്തുന്നത് തേനിയിലെ ചിന്നമണ്ണൂർ മാർക്കറ്റിൽനിന്നാണ്. ഇവിടെ ഇപ്പോൾ തന്നെ മിക്ക പച്ചക്കറികൾക്കും ഒരാഴ്ചക്കിടെ കിലോക്ക് 20 മുതൽ 30 രൂപ വരെ വില വർധിച്ചു. ഓണം അടുക്കുമ്പോൾ പച്ചക്കറി വില ഇനിയും വർധിക്കുമെന്ന് വിൽപനക്കാർ പറയുന്നു. ഓരോ ഇനത്തിനും മൊത്തവില നൂറിനടുത്തെത്തുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. മൊത്ത വിൽപനക്കാരിൽ നിന്നെടുക്കുന്ന പച്ചക്കറികൾ ആവശ്യക്കാരുടെ കൈയിലെത്തുമ്പോൾ വില വീണ്ടും ഉയരും.
14,707 ഏക്കർ സ്ഥലത്താണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ ആശ്രയിച്ച് തമിഴ്നാട് നെൽകൃഷി നടത്തുന്നത്. 71 അടി പരാമാവധി സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തേനിക്ക് സമീപമുള്ള വൈഗ അണക്കെട്ടിൽ 25 അടിയാണ് ജലം. കഴിഞ്ഞ വർഷം 60.1 അടിയായിരുന്നു ജലനിരപ്പ്. ഇതുമൂലം തേനി, മധുര ദിണ്ടുക്കൽ തുടങ്ങിയ അഞ്ച് ജില്ലകളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വരണ്ടുണങ്ങി.
ഓണം മുന്നിൽക്കണ്ട് മേഖലയിലെ കർഷകർ പൂകൃഷി വ്യാപകമായി നടത്തിയെങ്കിലും വെള്ളമില്ലാത്തതിനാൽ അവയും നശിച്ചു തുടങ്ങി. വെള്ളം കൂടുതൽ ആവശ്യമായ പൂവിന് പകരം പച്ചക്കറി നടാനായി മണ്ണ് ഒരുക്കിയവരും നിരാശയിലാണ്. തമിഴ്നാടിനൊപ്പം കേരളത്തിലെ പ്രധാന പഴം-പച്ചക്കറി ഉൽപാദന കേന്ദ്രമായ മറയൂർ, കാന്തല്ലൂർ മേഖലകളിലും മഴ കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.