തിരുവനന്തപുരം: മതനിരപേക്ഷയതയും വർഗീയഭീകരതയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നിഷ്പക്ഷതക്ക് സ്ഥാനമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ നിഷ്പക്ഷത പാലിക്കൽ മതനിരപേക്ഷത ദുർബലപ്പെടുത്തലും വർഗീയതയെ പിന്താങ്ങലുമാകും. പലപ്പോഴും മുഖ്യധാര മാധ്യമങ്ങൾ മനുഷ്യത്വപരമല്ലാത്ത നിഷ്പക്ഷത സ്വീകരിക്കുന്നു.
വർഗീയതയെ എതിർക്കുന്നവരെയും വർഗീയതയുടെ പേരിൽ ചോരചിന്തുന്നവരെയും തുല്യരായി കാണുന്നത് മനുഷ്യത്വമല്ല. സത്യവും അസത്യവും നീതിയും അനീതിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തങ്ങൾ നിഷ്പക്ഷരാണെന്ന് പ്രഖ്യാപിക്കുന്നത് നിഷ്പക്ഷതയല്ല, മറിച്ച് അനീതിയുടെയും അസത്യത്തിന്റെയും അധർമത്തിന്റെയും പക്ഷം ചേരലാണ്. ജനങ്ങൾ ഇത് എപ്പോഴും സഹിച്ചുകൊള്ളണമെന്നില്ല. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ)സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാസ്തവവുമായി ബന്ധമില്ലാത്ത സാങ്കൽപ്പിക വാർത്തകൾ നൽകേണ്ടിവരുന്നത് ശരിയായ രീതിയാണോ എന്ന് ആലോചിക്കണം.
നിയമവിരുദ്ധ കാര്യങ്ങൾക്ക് ഒരു സംഘം തയാറാകുന്നത് അറിയുന്ന മാധ്യമങ്ങൾ ആ കുറ്റകൃത്യത്തെക്കുറിച്ച് നിയമപാലകർക്ക് വിവരം നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ, ആ കുറ്റകൃത്യം തങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തതെന്ന ക്രെഡിറ്റ് നേടാനുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ചിലർ കുറ്റവാളികളോട് പൊരുത്തപ്പെടുന്ന സ്ഥിതിയിലുമാണ് കാര്യങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷതവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ, ആർ.എസ്. ബാബു, ഇ.എസ്. സുഭാഷ്, സുരേഷ് വെള്ളിമംഗലം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.