തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് എം.വി ഗോവിന്ദൻ

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചപ്പോൾ തെരഞ്ഞെടുപ്പ് നേരിടുന്നതിൽ സംഘടനക്ക് ദൗർബല്യം ഉണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സി.പി.എം നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർന്നു. 17,35,175 വോട്ടിന്‍റെ വർധനവ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായി. യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് കുറഞ്ഞു. ശരിയായ രാഷ്ട‌ീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ച് പിടിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അമിത ആത്മവിശ്വാസം പരാജയത്തിന് കാരണമായി. സംഘടനാ ദൗർബല്യവും പരാജയത്തിന് കാരണമായി. ഭരണവിരുദ്ധ വികാരമില്ല. സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും വോട്ട് തേടിയതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഏത് നിമിഷവും ഏത് കോൺഗ്രസുകാരനും ബ.ജെ.പിയിൽ ചേർന്നേക്കാമെന്ന അവസ്ഥയാണുള്ളത്. വിശ്വാസികളെ കബളിപ്പിച്ച വോട്ട് നേടാൻ ശ്രമം നടന്നു. കോൺഗ്രസുകാർക്ക് ബി.ജെ.പിയായി മാറാൻ ഒരു പ്രയാസവുമില്ല എന്നതാണ് മറ്റത്തൂരിൽ കണ്ടത്. ജില്ല നേതൃത്വത്തിന്റെ പൂർണപിന്തുണയോടെയാണ് കൂറുമാറ്റം നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇതിനെ ന്യായീകരിച്ചു. വോട്ട് കൈമാറ്റത്തിന് ശേഷം ഭാരവാഹി തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും കൂട്ടുപിടിച്ചു. ഇവരെ ഉപയോഗപ്പെടുത്തി കള്ള പ്രചാരവേല നടത്തിയെന്നും എം.വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ വർഗീയ പ്രചരണത്തിലൂടെ വോട്ട് പിടിക്കാൻ ശ്രമിക്കുകയായിരുന്നു ഇരുമുന്നണികളും. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ജയിച്ച 43 ഇടങ്ങളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്തൊട്ടാകെ ഇതേ രീതിയിൽ പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മാധ്യമങ്ങൾ തുടർച്ചയായി നടത്തിയ പ്രചരണം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Local body election defeat: Overconfidence backfires, says MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.