തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയാറായില്ല.
അറസ്റ്റിലായവർക്ക് ഇതിലുള്ള പങ്ക് എന്താണെന്ന് കൃത്യമായി തിരിച്ചറിയാത്തത് കൊണ്ടാണ് പാർട്ടി നടപടി സ്വീകരിക്കാത്തത്. അത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നോട്ടക്കുറവ് ഉണ്ടായോ എന്ന് കുറ്റപത്രം ലഭിച്ചാൽ മാത്രമേ മനസ്സിലാകൂ. കുറ്റപത്രം സമർപ്പിച്ചാൽ കഴിഞ്ഞാൽ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞടുപ്പിൽ അടിത്തട്ട് മുതൽ മേൽത്തട്ട് വരെ സംഘടനാ ദൗർബല്യമുണ്ടായി. വിജയിക്കുമെന്നതിൽ തനിക്കും അമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഭരണവിരുദ്ധ വികാരമില്ല. സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയെ കൂടെ നിർത്തിയത് തിരിച്ചടിയായെന്ന് വിലയിരുത്തലില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ ഗൃഹസന്ദർശനത്തിനൊരുങ്ങുകയാണ് സി.പി.എം. കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെ കേരളത്തിലെ എല്ലാ വീടുകളിലും പാർട്ടി നേതൃത്വം മുതൽ താഴെതട്ടിൽ ഉള്ളവർ വരെ സന്ദർശനം നടത്താനാണ് തീരുമാനം. ജനുവരി 15 മുതൽ 22 വരെയാണ് ഗൃഹസന്ദർശനം നടത്തുകയെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാർ നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 12ന് തിരുവനന്തപുരം പാളയം സാക്ഷി മണ്ഡപത്തിൽ സമരം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ് സമരം.
ഫെബ്രുവരി ഒന്നു മുതൽ എൽ.ഡി.എഫ് ജാഥകൾ സംഘടിപ്പിക്കും. മൂന്ന് മേഖലകളാക്കി തിരിച്ചാണ് ജാഥ. കേന്ദ്രസർക്കാരിനെതിരെയും മതനിരപേക്ഷത മുദ്രാവാക്യം ഉയർത്തിയുമാണ് ജാഥ. ജനുവരി അഞ്ചിന് 23000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ജനുവരി 15ന് ലോക് ഭവൻ മാർച്ച് സംഘടിപ്പിക്കും. വാർഡുകളിൽ കുടുംബയോഗവും ലോക്കലിൽ പൊതുയോഗവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.