തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കഴിഞ്ഞവർഷം ജൂലൈ 30ന് പനിക്ക് ചികിത്സ തേടിയെത്തിയ കുഞ്ഞിന് ചികിത്സാപിഴവുണ്ടായതായി ആരോഗ്യവകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
കുട്ടിക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധിയായ എസ്.എ.ടി. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ കമീഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരായി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. സംഭവത്തിൽ സ്റ്റാഫ് നഴ്സിനെ സസ്പെന്റ് ചെയ്തെന്നും എൻ.എച്ച്.എം സ്റ്റാഫ് നഴ്സിനെ പിരിച്ചുവിട്ടെന്നും നഴ്സിങ് സൂപ്രണ്ടിൽനിന്ന് വിശദീകരണം വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പനിയും ദഹനസംബന്ധമായ പ്രശ്നങ്ങളുമായാണ് റിജോയെ (11) 2024 ജൂലൈ 30ന് തൈക്കാട് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചത്. കുട്ടിക്ക് ഐ.വി ഫ്ലൂയിഡ് നൽകാനും പ്രാന്റപ്രിസോൾ കുത്തിവെപ്പ് നൽകാനും ശിശുരോഗ വിദഗ്ധൻ നിർദേശിച്ചു. ഇതിനിടയിൽ കുട്ടിക്ക് ശുചിമുറിയിൽ പോകേണ്ടിവന്നു. ഇതിനിടെ മറ്റൊരു കുട്ടിയെ ശ്വാസതടസ്സവുമായി ആശുപത്രിയിൽ കൊണ്ടുവന്നു. ആ കുട്ടിക്ക് നെബുലൈസേഷൻ നൽകുന്നതിന് അഡ്രിനാലിൻ എന്ന മരുന്ന് സിറിഞ്ചിൽ ലോഡ് ചെയ്ത ശേഷം ബാക്കി വന്നത് ലേബൽ ചെയ്യുന്നതിനായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് വിദ്യാർഥിനിക്ക് കൈമാറി.
അപ്പോൾ ശുചിമുറിയിൽ നിന്നെത്തിയ റിജോക്ക് രണ്ടാമത്തെ കുട്ടിക്ക് നെബുലൈസേഷൻ നൽകിയതിന്റെ ബാക്കി വന്ന അഡ്രിനാലിൻ ഇഞ്ചക്ഷൻ നൽകി. റിജോയുടെ ആരോഗ്യനില മോശമാവുകയും എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച് പിതാവിന്റെ മൊഴിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.