തിരുവനന്തപുരം: കഴക്കൂട്ടത്ത് അതിഥിതൊഴിലാളിയുടെ നാലുവയസായ മകനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തിൽ എന്തുകൊണ്ടോ മുറുക്കിയ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ നാലുവയസുള്ള മകൻ ഗിൽദറിനെ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടി പിന്നീട് ഉണർന്നില്ല എന്നാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടെത്തിയതോടെ അധികൃതർ കഴക്കൂട്ടം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി കുട്ടിയുടെ മാതാവിനേയും ആൺസുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതോടെ ഇരുവർക്കും കൃത്യത്തിൽ പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കും.
കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകളെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
രണ്ടാഴ്ച മുമ്പാണ് മുന്നി ബീഗം രണ്ടു കുട്ടികളുമായി കഴക്കൂട്ടത്ത് താമസത്തിന് എത്തിയത്. ആലുവയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. മരിച്ച കുട്ടിക്ക് പുറമെ രണ്ട മാസം പ്രായമുള്ള ഇളയ കുഞ്ഞും ഇവരോടൊപ്പം ഉണ്ട്. രണ്ടുമാസം മുൻപും ഇവർ ഇതേ ലോഡ്ജിൽ താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഇന്നുതന്നെ കസ്റ്റഡിയിലുള്ള ആൺസുഹൃത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.