പാലക്കാട്: കർണാടക സർക്കാർ 300റിലേറെ കൂരകൾ പൊളിച്ചുമാറ്റിയത് സന്ദർശിക്കാനെത്തിയ എ.എ. റഹീം എം.പി ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷിൽ പ്രതികരിച്ചതിലെ പിഴവുകളെ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഭാഷയെന്നത് വെറുമൊരു അലങ്കാരമല്ലെന്നും മറിച്ച് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ഏറ്റവും വലിയ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കാലത്തെ ഒരു നേതാവിന് ഭാഷാപരമായ പരിമിതികൾ ഉണ്ടാവുക എന്നത് ആ പദവിയോട് ചെയ്യുന്ന നീതിയല്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
‘ഭാഷ അറിയില്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ടാകാം. സാധാരണ സാഹചര്യങ്ങളിൽ ഒരുപക്ഷേ വലിയ പ്രശ്നമില്ലായിരിക്കാം. എന്നാൽ, ദേശീയ തലത്തിൽ നയരൂപീകരണങ്ങൾ നടക്കുമ്പോഴും, നമ്മുടെ നാടിന്റെ അവകാശങ്ങൾക്കായി വാദിക്കുമ്പോഴും കൃത്യമായ ഭാഷയിൽ മറുപടി പറയാൻ കഴിയാതെ പോകുന്നത് വലിയൊരു പരാജയമാണ്. ലീഡർ കെ. കരുണാകരനും സഖാവ് ഇ.കെ. നായനാർക്കും ഔപചാരികമായ ഉന്നത വിദ്യാഭ്യാസത്തിന്റെ വലിയ റെക്കോർഡുകൾ അവകാശപ്പെടാനില്ലായിരിക്കാം. പക്ഷേ, അവർക്ക് ഭാഷ ഒരു തടസ്സമായിരുന്നില്ല. ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇംഗ്ലീഷ് അസ്സലായി കൈകാര്യം ചെയ്തുകൊണ്ട് തങ്ങളുടെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ അവർക്ക് സാധിച്ചിരുന്നു’ -സന്ദീപ് ചൂണ്ടിക്കാട്ടി.
അതേസമയം, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്നും തനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്നും എ.എ. റഹീം പ്രതികരിച്ചിരുന്നു. ഭരണകൂടഭീകരതയുടെ നേർകാഴ്ചകൾ തേടിയാണ് അവിടെ ചെന്നതെന്നും ശബ്ദമില്ലാത്ത എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് അവിടെ കാണാനായതെന്നും ആ യാത്രയെക്കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂവെന്നും എ.എ. റഹീം ഫേസ്ബുക്കിൽ കുറിച്ചു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ, അവരെ ആരെയും ഇവിടെയെന്നല്ല ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ലെന്നും റഹീം പറയുന്നു.
ലീഡർ കെ. കരുണാകരനും സഖാവ് ഇ.കെ. നായനാർക്കും ഔപചാരികമായ ഉന്നത വിദ്യാഭ്യാസത്തിന്റെ വലിയ റെക്കോർഡുകൾ അവകാശപ്പെടാനില്ലായിരിക്കാം. പക്ഷേ, അവർക്ക് ഭാഷ ഒരു തടസ്സമായിരുന്നില്ല. ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇംഗ്ലീഷ് അസ്സലായി കൈകാര്യം ചെയ്തുകൊണ്ട് തങ്ങളുടെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ അവർക്ക് സാധിച്ചിരുന്നു.
ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ആ നാട്ടിലെ ഭാഷയും ശൈലിയും പെട്ടെന്ന് സ്വാംശീകരിക്കാനുള്ള ഒരു പ്രത്യേക കഴിവ് മലയാളിക്കുണ്ട്. ഏതാനും മാസങ്ങൾ ഡൽഹിയിൽ താമസിച്ചാൽ അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യുന്ന സാധാരണക്കാരും, ഗൾഫ് നാടുകളിൽ ചെന്ന് ചുരുങ്ങിയ കാലം കൊണ്ട് അറബി ഭാഷയിൽ പ്രാവീണ്യം നേടുന്ന പ്രവാസികളും ഇതിന് തെളിവാണ്.
ഈയൊരു പശ്ചാത്തലത്തിൽ വേണം നമ്മുടെ പുതിയ കാലത്തെ നേതാക്കളെ വിലയിരുത്താൻ. ദീർഘകാലം ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും, പാർലമെന്റ് അംഗമായിരുന്നിട്ടും, മികച്ച അക്കാദമിക് പശ്ചാത്തലം ഉണ്ടായിട്ടും ഒരാൾക്ക് അന്യഭാഷകളിൽ ആശയവിനിമയം നടത്താൻ പരിമിതിയുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ കുറവ് തന്നെയാണ്.
ഭാഷ അറിയില്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ടാകാം. സാധാരണ സാഹചര്യങ്ങളിൽ ഒരുപക്ഷേ വലിയ പ്രശ്നമില്ലായിരിക്കാം. എന്നാൽ, ദേശീയ തലത്തിൽ നയരൂപീകരണങ്ങൾ നടക്കുമ്പോഴും, നമ്മുടെ നാടിന്റെ അവകാശങ്ങൾക്കായി വാദിക്കുമ്പോഴും കൃത്യമായ ഭാഷയിൽ മറുപടി പറയാൻ കഴിയാതെ പോകുന്നത് വലിയൊരു പരാജയമാണ്. ഭാഷയെന്നത് വെറുമൊരു അലങ്കാരമല്ല, മറിച്ച് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ഏറ്റവും വലിയ ആയുധമാണ്. ആധുനിക കാലത്തെ ഒരു നേതാവിന് ഭാഷാപരമായ പരിമിതികൾ ഉണ്ടാവുക എന്നത് ആ പദവിയോട് ചെയ്യുന്ന നീതിയല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.