ആർ. ശ്രീലേഖയും വി.കെ പ്രശാന്തും
തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് ശാസ്‌തമംഗലത്തെ ഓഫീസ് വിട്ടുനൽകണമെന്ന് ആർ. ശ്രീലേഖയുടെ ആവശ്യത്തിൽ രാഷ്‌ട്രീയ വിവാദം മുറുകുന്നു. പ്രശാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തുവന്നതോടെയാണ് വിവാദം പുതിയ തലത്തിലേക്ക് നീങ്ങിയത്. കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും കെ.എസ്. ശബരീനാഥും വി.കെ പ്രശാന്തിനെതിരെ രംഗത്തുവന്നു. ഇരുവർക്കും മറുപടിയുമായി പ്രശാന്തും രംഗത്തെത്തിയതോടെ ബി.ജെ.പി കൗൺസിലർ ശ്രീലേഖ തുടങ്ങിവെച്ച വിവാദം എൽ.ഡി.എഫ്-യു.ഡി.എഫ് പോരായി മാറി.
എം.എൽ.എ ഹോസ്‌റ്റലിലെ മുറിയിലേക്ക് പ്രശാന്ത് ഓഫീസ് മാറ്റണമെന്ന അഭിപ്രായവുമായി കെ.എസ് ശബരീനാഥ് ഫേസ്‌ബുക്ക് പോസ്‌റ്റിട്ടതോടെയാണ് ഞായറാഴ്‌ചയോടെ കെട്ടടങ്ങിയെന്ന് തോന്നിയ വിവാദം വീണ്ടും ചൂടുപിടിച്ചത്. പ്രശാന്തിന് രണ്ട് മുറിയുണ്ടെന്നും അതിൽ ഓഫീസ് നടത്തുന്നതായിരിക്കും ശരിയെന്നും ശബരീനാഥൻ പറഞ്ഞു. പിന്നാലെ പെതുജനങ്ങളെ കാണാനുള്ള സൗകര്യാർഥമാണ് ശാസ്‌തമംഗലത്ത് ഓഫീസ് കെട്ടിടം വാടകക്ക് എടുത്തിരിക്കുന്നതെന്ന് പ്രശാന്ത് മറുപടി നൽകി. പിന്നാലെ പ്രതികരണവുമായി കെ. മുരളീധരനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി വി. ശിവൻകുട്ടിയും സ്‌പീക്കർ എ.എൻ. ഷസീറും എത്തി. എം.എൽ.എ ഹോസ്റ്റലിലെ മുറി എം.എൽ.എയുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ. മുരളീധരൻ പ്രതികരിച്ചു.
‘എം.എൽ.എ ഹോസ്റ്റലിൽ അഡ്വ. വി.കെ. പ്രശാന്തിന് മുറിയുണ്ട്. പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത്? നിയമസഭയുടെ എം.എൽ.എ ഹോസ്റ്റലുള്ളത് വി.കെ. പ്രശാന്തിന്റെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടറും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എം.എൽ.എ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ 31, 32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എം.എൽ.എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത്’ -കെ.എസ് ശബരീനാഥൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
എന്നാൽ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു. ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് മാർച്ച് വരെ നിയമപരമായി കാലാവധിയുണ്ട്. അതുവരെ തുടരാൻ കുഴപ്പമില്ല. ബി.ജെ.പി അജണ്ട കോൺഗ്രസ് നേതാക്കൾ ഏറ്റെടുക്കുകയാണ്. ബി.ജെ.പി അവരുടെ അജണ്ട നടപ്പാക്കുമ്പോൾ എം.എൽ.എ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടത്. ഇത്തരം തിട്ടൂരങ്ങൾക്ക് മുന്നിൽ തലകുനിച്ചാൽ കേരളത്തിന്‍റെ സ്ഥിതി എന്താകുമെന്ന് അദ്ദേഹം ആലോചിക്കണം.
ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണ്. അല്ലാതെ ശബരിനാഥിന്‍റെ സൗകര്യത്തിനല്ല. ഏഴ് വർഷമായി ഓഫീസ് സുഗമമായി അവിടെ പ്രവർത്തിക്കുകയാണ്. ബി.ജെ.പിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജണ്ടയുടെ ഭാഗമായി എം.എൽ.എയെ അവിടെ നിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. തുച്‌ഛമായ വാടക ഈടാക്കുന്നുവെന്ന പരാമർശത്തിന് കോർപറേഷൻ വാടക വർധിപ്പിച്ചാൽ അത് കൊടുക്കാൻ തയാറാണ്. ജനങ്ങളുമായി ബന്ധമില്ലാത്തവർ മറ്റ് ഇടങ്ങളിൽ താമസിച്ച് ഓഫീസ് പ്രവർത്തിപ്പിക്കുന്നുണ്ടാകും. പക്ഷേ ഞാൻ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്നയാളാണ്. ഞാൻ വാടക കൊടുത്തിട്ടാണ് ഇരിക്കുന്നത്.
കൗൺസിലർ വാടക നൽകുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. മറ്റിടങ്ങളിലെ ബുൾഡോസർരാജ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.